'നീതിയ്ക്ക് വേണ്ടി പോരാടുന്ന സ്ത്രീകളെ ഓര്‍ക്കുമ്പോള്‍ ഭയം തോന്നുന്നു': ബില്‍ക്കിസ് ബാനു
കുറ്റവാളികള്‍ മോചിപ്പിക്കപ്പെടുമ്പോള്‍ നീതിക്കായി പോരാടുന്ന സ്ത്രീകളെ കുറിച്ച് ഭയമെന്ന് ബില്‍ക്കിസ് ബാനു. ബലാത്സംഗ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും ജയില്‍ മോചിതരാക്കിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ബില്‍ക്കിസ് ബാനു. പ്രതികളെ വിട്ടയച്ച നടപടി തനിക്ക് നീതി സംവിധാനത്തിലുള്ള വിശ്വാസത്തില്‍ ഉലച്ചിലുണ്ടാക്കി. 20 വര്‍ഷം മുന്‍പ് നടന്ന ഭീകരത ഇപ്പോഴും തന്നെ വീണ്ടും അലട്ടി കൊണ്ടിരിക്കുകയാണെന്നും ബാനു പ്രസ്താവനയില്‍ പ്രതികരിച്ചു.
''എല്ലായിടത്തും നീതി നിഷേധിച്ചപ്പോഴും തളരാതെ പരമോന്നത കോടതിയില്‍ വിശ്വസിച്ചിരുന്നു. ഇപ്പോഴത്തെ വിധിയില്‍ മരവിച്ചിരിക്കുകയാണ്. എന്റെ ജീവിതം ഈ വിധിയെയും പേറി ജീവിച്ചു തീര്‍ക്കണം. എന്റെ പോരാട്ടം എനിക്ക് വേണ്ടി മാത്രമായിരുന്നില്ല. നീതിക്കായി പോരാട്ടം നടത്തുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയായിരുന്നു. എന്നാൽ നീതിക്കായി പോരാട്ടം നടത്തുന്ന സത്രീകളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇപ്പോള്‍ ഭയം തോന്നുകയാണ്'' ബില്‍ക്കിസ് ബാനു പ്രതികരിച്ചു.
എല്ലായിടത്തും നീതി നിഷേധിച്ചപ്പോഴും തളരാതെ പരമോന്നത കോടതിയില്‍ വിശ്വസിച്ചിരുന്നു. ഇപ്പോഴത്തെ വിധിയില്‍ മരവിച്ചിരിക്കുകയാണ്
ഇത്രയും അന്യായമായ തീരുമാനമെടുക്കുമ്പോള്‍ ആരും തന്റെ സുരക്ഷയെക്കുറിച്ചും ക്ഷേമത്തെക്കുറിച്ചും അന്വേഷിച്ചില്ല. ഭയമില്ലാതെയും സമാധാനത്തോടടെയും ജീവിക്കാനുള്ള അവകാശം തനിക്ക് ഗുജറാത്ത് സര്‍ക്കാര്‍ തരണമെന്നും ഇനി ഉപദ്രവിക്കരുതെന്നും ബാനു കൂട്ടിചേര്‍ത്തു.
ഗുജറാത്ത് കലാപത്തില്‍ ഹിന്ദുത്വ വര്‍ഗ്ഗീയവാദികള്‍ നിഷ്‌കരുണം കൊന്നു തള്ളിയ കുടുംബത്തിനെയും, മൂന്നുവയസ്സുകാരി മകളെയും എങ്ങനെ മറക്കുമെന്ന ചോദ്യവും ബാനു ചോദിക്കുന്നു. ജീവന്‍ മാത്രം കൊതിച്ച് രക്ഷപ്പെടാനൊരുങ്ങിയ ആ കുടുംബത്തിന്റെ മരണത്തിന് ഗുജറാത്ത് സര്‍ക്കാര്‍ മറുപടി പറയണമെന്നും ബില്‍ക്കിസ് ബാനു പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.
ജീവന്‍ മാത്രം കൊതിച്ച് രക്ഷപ്പെടാനൊരുങ്ങിയ ആ കുടുംബത്തിന്റെ മരണത്തിന് ഗുജറാത്ത് സര്‍ക്കാര്‍ മറുപടി പറയണം
2002 ലെ ഗുജറാത്ത് കലാപത്തിനിടെ അഞ്ച് മാസം ഗര്‍ഭിണിയായ 19 കാരി ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ഇവരുടെ കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളാണ് ജയില്‍ മോചിതരായത്. 2008-ല്‍ കേസിലെ പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ മുബൈയിലെ പ്രത്യേക സി ബി ഐ കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരുന്നു. 2017 ല്‍ മുംബൈ ഹൈക്കോടതി വിധി ശരിവെയ്ക്കുകയും ചെയ്തിരുന്നു.
എന്നാല്‍, 15 വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രതികളിലൊരാള്‍ മോചനം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് സ്ഥിതിഗതികള്‍ മാറിയത്. ഈ വിഷയം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഗുജറാത്ത് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. അതിനായി പ്രത്യേക സമിതിയെ നിയമിക്കുകയും ചെയ്തു. വര്‍ഷങ്ങളായി ജയില്‍ വാസം അനുഭവിക്കുന്നതിനാല്‍ ശിക്ഷയില്‍ ഇളവു നല്‍കണമെന്നായിരുന്നു സമിതിയുടെ ശുപാര്‍ശ. ഇതിനെ തുടര്‍ന്നാണ് മോചന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയത്. 2019 ല്‍ സുപ്രീം കോടതി ബില്‍ക്കിസ് ബാനുവിന് 50 ലക്ഷം നഷ്ടപരിഹാര തുകയായി നല്‍കണമന്ന് ഗുജറാത്ത് സര്‍ക്കാറിനോട് ഉത്തരവിടുകയും ചെയ്തിരുന്നു.