കരതൊട്ട് ബിപോര്‍ജോയ്; ഗുജറാത്ത് തീരങ്ങളിൽ ശക്തമായ കാറ്റും മഴയും, സൗരാഷ്ട്രയിലും കച്ചിലും അതീവ ജാഗ്രത

കരതൊട്ട് ബിപോര്‍ജോയ്; ഗുജറാത്ത് തീരങ്ങളിൽ ശക്തമായ കാറ്റും മഴയും, സൗരാഷ്ട്രയിലും കച്ചിലും അതീവ ജാഗ്രത

ഒരുലക്ഷത്തിലധികംപേരെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചത്
Updated on
1 min read

അറബിക്കടലിൽ രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് ബിപോര്‍ജോയ് കര തൊട്ടു. വൈകിട്ട് ഏഴ് മണിയോടെ തീരത്തേക്ക് കടന്ന ബിപോര്‍ജോയ് അർധ‍രാത്രിയോടെയാണ് പൂര്‍ണമായും കരയിലെത്തിയത്. സൗരാഷ്ട്ര, കച്ച് മേഖലകളിലാണ് കാറ്റ് കര തൊട്ടത്.

ആറ് മണിക്കൂറെങ്കിലും ശക്തമായി കാറ്റ് ഗുജറാത്ത് തീരമേഖലകളിൽ ആഞ്ഞുവീശും. 150 കിലോമീറ്റര്‍ വേഗതയിൽ വരെ കാറ്റ് വീശിയടിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. 50 കിലോമീറ്ററാണ് ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ മധ്യഭാഗത്തെ കണ്ണിന്റെ വ്യാസമെന്ന് കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. സൗരാഷ്ട്ര, ദേവ്ഭൂമി ദ്വാരക ജില്ലകളിൽ മിക്കയിടങ്ങളിലും മരങ്ങൾ കടപുഴകി വീണു. വൈദ്യുതിവിതരണം പൂര്‍ണമായും തടസപ്പെട്ടു. കച്ച് ജില്ലയിലും സ്ഥിതി വ്യത്യസ്തമല്ല.

കാറ്റഗറി മൂന്നില്‍ ഉള്‍പ്പെടുത്തിയ ഏറ്റവും തീവ്രത കൂടിയ ചുഴലിക്കാറ്റാണ് ബിപോര്‍ജോയ്. കാറ്റിന്റെ ശക്തി കണക്കിലെടുത്ത് മത്സ്യബന്ധനം പൂര്‍ണമായും വിലക്കി. മുന്നറിയിപ്പ് കണക്കിലെടുത്ത് 100 ട്രെയിനുകള്‍ റദ്ദാക്കിയതായി പശ്ചിമ റെയില്‍വേ അറിയിച്ചു.

കച്ച്, ജാംനഗര്‍, മോര്‍ബി, രാജ്കോട്ട്, ദേവ്ഭൂമി ദ്വാരക, ജുനഗഡ്, പോര്‍ബന്തര്‍, ഗിര്‍ സോമനാഥ് എന്നീ എട്ട് തീരദേശ ജില്ലകളില്‍ ഇതുവരെ ഒരു ലക്ഷത്തോളം പേരെ താല്‍ക്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in