ത്രിപുര മുന്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാർ രാജ്യസഭയിലേക്ക്
ത്രിപുര മുന്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് രാജ്യസഭയിലേക്ക്. മണിക് സാഹ ത്രിപുര മുഖ്യമന്ത്രിയായതോടെ ഒഴിവ് വന്ന സീറ്റിലേക്ക് ബിപ്ലബ് കുമാര്‍ മത്സരിക്കും. വരാനിരിക്കുന്ന ലോക് സഭ തിരഞ്ഞെടുപ്പിനുള്ള ഹരിയാനയുടെ ചുമതല ബിപ്ലബിന് നല്‍കി മണിക്കൂറുകൾക്കുള്ളിലാണ് രാജ്യസഭയിലേക്കുള്ള സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.
രണ്ടര പതിറ്റാണ്ട് ത്രിപുര ഭരിച്ച ഇടതുപക്ഷത്തിനെതിരെ അട്ടിമറി വിജയം നേടിയാണ് 2018ൽ ബിപ്ലബിന്റെ നേതൃത്വത്തിൽ ബിജെപി അധികാരത്തിലെത്തിയത്. എന്നാൽ കാലാവധി കഴിയും മുന്‍പ് ബിപ്ലബിനെ മുഖ്യമന്ത്രി സ്ഥാനത്ത് നീക്കി, നാല് മാസങ്ങള്‍ക്ക് ശേഷമാണ് രാജ്യസഭയിലേക്കുള്ള മത്സര രംഗത്തിറങ്ങുന്നത്. പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയും ഓഫീസ് ഇൻചാർജുമായ അരുൺ സിംഗാണ് തീരുമാനം അറിയിച്ചത്. സെപ്റ്റംബർ 22നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ ബിപ്ലബ് വിജയിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. 60 അംഗ നിയമസഭയില്‍ ബിജെപിക്കും സഖ്യകക്ഷിയായ ഐപിഎഫ്ടിക്കും കൂടി 44 അംഗങ്ങളുണ്ട്. സിപിഐഎമ്മിന് 15ഉം കോൺഗ്രസിന് ഒരംഗവുമാണ്. സിപിഎമ്മിന്റെ ഭാനുലാൽ സാഹയാണ് ബിപ്ലബിന്‍റെ എതിർ സ്ഥാനാർത്ഥി. കോൺഗ്രസംഗം സുദീപ് റോയ് ബർമൻ ഉൾപ്പെടെ എല്ലാ ബിജെപി ഇതര പാർട്ടികളോടും സിപിഐഎം പിന്തുണ അഭ്യർത്ഥിച്ചിട്ടുണ്ട്.
ത്രിപുരയിലെ ബിജെപിയുടെ നീക്കം മണിക് സാഹയ്ക്ക് ഗുണം ചെയ്യും
ആർഎസ്എസിനും ബിജെപിക്കുമൊപ്പം ദീർഘകാലം പ്രവർത്തിച്ച വ്യക്തിയാണ് ബിപ്ലബ് കുമാര്‍. "പാർട്ടിയാണ് എല്ലാത്തിനും മുകളിൽ" എന്നായിരുന്നു മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയതിന് ശേഷമുള്ള ബിപ്ലബിന്റെ പ്രതികരണം. എന്നാല്‍ ബിജെപി പരിപാടികളിൽ നിന്നും അദ്ദേഹം പിന്നീട് വിട്ടു നിന്നിരുന്നു. സംഘടനാ പ്രവർത്തനങ്ങളിൽ ബിപ്ലബിനെ ആവശ്യമാണ്. അതിന് വേണ്ടി ഹൈക്കമാന്റെടുത്ത തീരുമാനത്തിന്‍റെ ഭാഗമായാണ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയതെന്നുമാണ് പാർട്ടി വ്യക്തമാക്കിയിരുന്നത്.