ബിര്‍ഭും സംഘര്‍ഷം
ബിര്‍ഭും സംഘര്‍ഷംFile

ബിര്‍ഭും ആക്രമണ കേസിലെ മുഖ്യപ്രതി സിബിഐ കസ്റ്റഡിയില്‍ മരിച്ചു; കൊലപാതകമെന്ന് കുടുംബം

സിബിഐയുടെ ക്രൂരമര്‍ദനത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ലാലന്‍ ഷെയ്ഖിന്റെ കുടുംബം
Updated on
1 min read

പശ്ചിമബംഗാളിലെ ബിര്‍ഭൂം സംഘര്‍ഷത്തിന്‌റെ മുഖ്യ ആസൂത്രകന്‍ ലാലന്‍ ഷെയ്ഖ് സിബിഐ കസ്റ്റഡിയില്‍ മരിച്ചു. റാംപൂര്‍ഹട്ട് സിബിഐ ക്യാംപ് ഓഫീസില്‍ തൂങ്ങിമരിച്ച നിലയിലാണ് ലാലന്‍ ഷെയ്ഖിനെ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 4.50ഓടെ ലാലന്‍ ഷെയ്ഖിനെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് സിബിഐ വിശദീകരണം. എന്നാല്‍ കസ്റ്റഡിമരണമാണ് നടന്നതെന്ന് ആരോപിച്ച് ലാലന്‍ ഷെയ്ഖിന്റെ കുടുംബം രംഗത്തെത്തി. ഉദ്യോഗസ്ഥരുടെ ക്രൂരമര്‍ദനത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നും കുടുംബം ആരോപിച്ചു. വെള്ളം പോലും സിബിഐ ഉദ്യോഗസ്ഥര്‍ നല്‍കിയില്ലെന്നും കുടുംബം കുറ്റപ്പെടുത്തി.

മാര്‍ച്ചിലാണ് 10 പേര്‍ കൊല്ലപ്പെട്ട ബിര്‍ഭും സംഘര്‍ഷമുണ്ടാകുന്നത്. അന്ന് മുതല്‍ ഒളിവിലായിരുന്ന ലാലന്‍ ഷെയ്ഖ് ഡിസംബര്‍ നാലിനാണ് സിബിഐയുടെ പിടിയിലാകുന്നത്. ജാര്‍ഖണ്ഡില്‍ നിന്നാണ് ഒളിവിലായിരുന്ന ഇയാളെ സിബിഐ പിടികൂടിയത്. തുടര്‍ന്ന് കേസ് അന്വേഷണത്തിനായി ലാലന്‍ ഷെയ്ഖിനെ കോടതി സിബിഐ കസ്റ്റഡിയില്‍ വിട്ടു.

തൃണമൂല്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ബര്‍ഷാല്‍ പഞ്ചായത്തിന്റെ ഡെപ്യൂട്ടി ചീഫ് ബാദു ഷെയ്ഖ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതോടെയായിരുന്നു മാര്‍ച്ച് 21ന് ആക്രമണം പൊട്ടിപ്പുറപ്പെട്ടത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ മറ്റൊരു പ്രാദേശിക നേതാവ് അനാറുല്‍ ഹൊസൈന്റെ ആസൂത്രണപ്രകാരമായിരുന്നു ബോംബാക്രമണമെന്നാണ് സിബിഐ കുറ്റപത്രം. ഇതിന് മറുപടിയെന്നോണം അനാറുല്‍ ഷെയ്ഖിന്റെ അനുയായികളുടെ നിരവധി വീടുകള്‍ക്ക് ബാദു ഷെയ്ഖിന്റെ അനുയായികള്‍ തീയിട്ടു. ബാദു ഷെയ്ഖിന്റെ സഹോദരന്‍ ജഹാഗീറും അടുത്ത അനുയായി ലാലന്‍ ഷെയ്ഖുമായിരുന്നു ഇതിന് പിന്നിലെന്നാണ് സിബിഐ കുറ്റപത്രം. കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു കേസ് സിബിഐ ഏറ്റെടുത്തത്.

ലാലന്‍ ഷെയ്ഖിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപി കേന്ദ്ര അന്വേഷണ ഏജന്‍സിയെ ഉപയോഗപ്പെടുത്തുന്നത് യാഥാര്‍ഥ്യമായതിനാല്‍ തന്നെ ചോദ്യങ്ങളുയരുമെന്ന് ടിഎംസി വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിഷയം രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുകയാണെന്ന് ബിജെപി ആരോപിച്ചു. കേസിലെ മറ്റൊരു പ്രതിയും ബാദു ഷെയ്ഖിന്റെ സഹോദരനുമായ  ജഹാംഗിറിനെ ഡിസംബര്‍ ഏഴിന് സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ജാര്‍ഖണ്ഡ് അതിര്‍ത്തിയില്‍ നിന്നായിരുന്നു ജഹാംഗിറിനെയും പിടികൂടിയത്.

logo
The Fourth
www.thefourthnews.in