ജനസംഖ്യാ നിയന്ത്രണ പദ്ധതികള്‍ ഫലം കാണുന്നില്ല; ഉള്‍ഗ്രാമങ്ങളില്‍ ജനന നിരക്ക് ഉയരുന്നു
ഇന്ത്യയിലെ ജനസംഖ്യ നിയന്ത്രിക്കാൻ സജീവശ്രമങ്ങള്‍ നടക്കുന്നുണ്ട്‍ നിരവധി വർഷങ്ങളായി. കുടുംബാസൂത്രണ പദ്ധതിയും ബോധവല്‍ക്കരണവുമൊക്കെ നടക്കുന്നുണ്ടെങ്കിലും ഉള്‍ഗ്രാമങ്ങളില്‍ പല ഘട്ടങ്ങളിലും ഇവയൊക്കെ പരാജയപ്പെടുന്നുണ്ട്. അതിനൊരു ഉദാഹരണമാണ് ബിഹാറിലെ കിഷൻഗഞ്ച്.
ബിഹാറിലെ സർക്കാർ ആരോഗ്യ പ്രവർത്തകയായ പ്രതിമ കുമാരി ദിവസവും രാവിലെ തന്റെ മിനി സ്‌കൂട്ടറിൽ യാത്ര ആരംഭിക്കും. കിഷൻഗഞ്ച് ജില്ലയിലേക്കാണ് യാത്ര. ഗ്രാമത്തിലെ നവദമ്പതികളെ സന്ദർശിച്ച് ഗർഭനിരോധനത്തെക്കുറിച്ച് ബോധവൽക്കരണം നടത്തും. കോണ്ടവും ഗർഭനിരോധന ഗുളികകളും സൗജന്യമായി നൽകും. 4.8 മുതൽ 4.9 പ്രത്യുല്പാദന നിരക്കുള്ള കിഷൻഗഞ്ചാണ് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല.
എന്നാൽ, ഇത്തരത്തിലുള്ള ഉപദേശങ്ങളോട് മുഖം തിരിക്കുന്ന ആളുകളാണ് കിഷൻഗഞ്ചിലുള്ളതെന്ന് പ്രതിമ കുമാരി പറയുന്നു. "കോണ്ടം ഉപയോഗിക്കാനോ, ജനന നിയന്ത്രണത്തെ കുറിച്ചോ ഞാൻ സംസാരിച്ചു തുടങ്ങുന്ന നിമിഷം തന്നെ ദമ്പതികൾ അത് അവഗണിക്കുകയോ വിഷയം മാറ്റുകയോ ചെയ്യും" പ്രതിമ റോയിട്ടേഴ്സിനോട് പറഞ്ഞു.
2020-ൽ 8,71,307 ആളുകളുടെ വന്ധ്യംകരണത്തിനാണ് ബിഹാർ സർക്കാർ ലക്ഷ്യമിട്ടിരുന്നത്
കിഷൻഗഞ്ച് നിവാസികളെ ഇക്കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കുന്നത് അത്ര എളുപ്പമല്ല. എത്രയും കൂടുതൽ കുട്ടികളുണ്ടോ അത്രയും നല്ലതെന്നാണ് അവർ വിശ്വസിക്കുന്നത്. കുട്ടികൾ കൃഷിക്കും മറ്റും സഹായമാകുമെന്നും അതുവഴി കുടുംബത്തിലേക്ക് കൂടുതൽ സമ്പാദ്യമുണ്ടാക്കാൻ സാധിക്കുമെന്നുമാണ് അവരുടെ ധാരണ.
2020-ൽ 8,71,307 ആളുകളുടെ വന്ധ്യംകരണത്തിനാണ് ബിഹാർ സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ അതിന്റെ 46% മാത്രമാണ് നടപ്പിലാക്കാൻ സാധിച്ചതെന്ന് 2021-ലെ ബിഹാർ പ്ലാനിംഗ് ആൻഡ് ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന് ഭയന്നും ഭർത്താക്കന്മാർ വിസമ്മതിക്കുന്നത് മൂലവുമാണ് സ്ത്രീകളിൽ പലരും വന്ധ്യംകരണത്തിന് വിസമ്മതിക്കുന്നത്. തങ്ങളുടെ പുരുഷത്വത്തെ ദോഷകരമായി ബാധിക്കുമെന്ന കാരണത്താലാണ് പുരുഷന്മാർ പലരും വന്ധ്യംകരണത്തിന് വിസമ്മതിക്കുന്നതെന്നും ആരോഗ്യപ്രവർത്തകർ പറയുന്നു.
വന്ധ്യംകരണം നടത്തുന്ന സ്ത്രീകൾക്ക് 3000 രൂപയും പുരുഷന്മാർക്ക് 4000 രൂപയുമാണ് ബിഹാർ സർക്കാർ നൽകുന്നത്
മാറി വരുന്ന ഓരോ സർക്കാരും കിഷൻഗഞ്ചിലെ ജനസംഖ്യാ വർധനയെക്കുറിച്ച് മനസ്സിലാക്കുകയും അത് തടയാനുള്ള മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യാറുണ്ടെങ്കിലും ഫലം കാണാറില്ല. വന്ധ്യംകരണം നടത്തുന്ന സ്ത്രീകൾക്ക് 3000 രൂപയും പുരുഷന്മാർക്ക് 4000 രൂപയുമാണ് ബിഹാർ സർക്കാർ നൽകുന്നത്. വന്ധ്യംകരണം നടത്തുന്ന ആരോഗ്യ പ്രവർത്തകർക്ക് ഒരു ശസ്ത്രക്രിയയ്ക്ക് 500 രൂപ വീതമാണ് പ്രതിഫലം. ഇത്രയും ആനുകൂല്യങ്ങൾ ലഭിച്ചിട്ടും ബിഹാറിൽ ജനന നിരക്കിൽ യാതൊരു കുറവും ഉണ്ടായിട്ടില്ല.