അദാനി ഗ്രൂപ്പിനും കേന്ദ്രത്തിനുമെതിരെ  ചോദ്യം ഉന്നയിക്കാൻ കോഴ വാങ്ങി; മഹുവ മൊയ്ത്രയെ ലക്ഷ്യമിട്ട് ബിജെപി, പുതിയ പോർമുഖം

അദാനി ഗ്രൂപ്പിനും കേന്ദ്രത്തിനുമെതിരെ ചോദ്യം ഉന്നയിക്കാൻ കോഴ വാങ്ങി; മഹുവ മൊയ്ത്രയെ ലക്ഷ്യമിട്ട് ബിജെപി, പുതിയ പോർമുഖം

കേന്ദ്രസര്‍ക്കാരിനെയും അദാനി ഗ്രൂപ്പിനെയും സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്ന ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിന് രണ്ട് കോടിയോളം രൂപ ടിഎംസി എംപി കൈപ്പറ്റിയെന്ന് ബിജെപി
Updated on
1 min read

ദേശീയ രാഷ്ട്രീയത്തില്‍ പ്രതിപക്ഷത്തിന് എതിരെ പുതിയ പോര്‍മുഖം തുറന്ന് ബിജെപി. പാര്‍ലമെന്റിലെ പ്രതിപക്ഷ ആക്രമണങ്ങളുടെ ശക്തമായ മുഖമായ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ ലക്ഷ്യമിട്ടാണ് പുതിയ ആരോപണം. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ മഹുവ മൊയ്ത്ര കോഴവാങ്ങിയെന്ന ആരോപണമാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിച്ചിരിക്കുന്നത്.

ബിജെപി എംപി നിഷികാന്ത് ദുബെ ആണ് മഹുവയ്ക്ക് ഏതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍. ദര്‍ശന്‍ ഹിരാണ്‍ദാനി എന്ന വ്യവസായിയില്‍ നിന്ന് കൈക്കൂലി വാങ്ങി പാര്‍ലമെന്റില്‍ അദ്ദേഹത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന ചോദ്യങ്ങള്‍ ഉന്നയിച്ചുവെന്നാണ് മഹുവ മൊയിത്രക്കെതിരായ ആരോപണം. കേന്ദ്രസര്‍ക്കാരിനെയും അദാനി ഗ്രൂപ്പിനെയും സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്ന ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിന് രണ്ട് കോടിയോളം രൂപ ടിഎംസി എംപി കൈപ്പറ്റിയെന്നും നിഷികാന്ത് ദുബെ ലോക്‌സഭ സ്പീക്കര്‍ക്ക് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.

വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ആവശ്യം

രണ്ട് കോടി രൂപയ്ക്ക് പുറമെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 75 ലക്ഷം രൂപ, ഐ ഫോണ്‍ ഉള്‍പ്പെടെ വിലയേറിയ സമ്മാനങ്ങള്‍ എന്നിവയും മഹുവ കൈപ്പറ്റിയെന്നും ബിജെപി ആരോപിക്കുന്നു. വിഷയത്തില്‍ ഐടി മന്ത്രാലയം അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നിഷികാന്ത് ദുബെ ഐടി മന്ത്രി അശ്വിനി വൈഷ്ണവിനും കത്ത് നല്‍കി. വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. അഭിഭാഷകനായ ആനന്ദ് ദെഹദ്രായ് ആണ് സിബിഐക്ക് പരാതി നല്‍കിയത്.

എന്നാല്‍, ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് മഹുവ മൊയ്ത്രയുടെ നിലപാട്. വ്യാജ സത്യവാങ്മൂലം നല്‍കിയവരെ കുറിച്ചാവട്ടെ ആദ്യ അന്വേഷിക്കേണ്ടത് എന്നും. ദുബൈ ആവശ്യപ്പെട്ട വിവരങ്ങള്‍ മന്ത്രാലയം പുറത്തുവിടണമെന്നും മഹുവ മൊയിത്ര എക്സില്‍ പ്രതികരിച്ചു.

അതേസമയം, മെഹുവയ്ക്ക് എതിരായ ആരോപണത്തില്‍ പ്രതികരണവുമായി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറും അദാനി ഗ്രൂപ്പും രംഗത്തെത്തി. മഹുവ പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിന്റെ രേഖകള്‍ പങ്കുവച്ചായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. ഒരു ഡാറ്റാ സെന്റര്‍ കമ്പനിയുടെ നിര്‍ദേശപ്രകാരം ഒരു എംപി പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിച്ചതായി വാര്‍ത്തകളില്‍ നിന്നറിഞ്ഞു. ഇത് സത്യമാണെങ്കില്‍ ഇക്കാര്യം ഞെട്ടിപ്പിക്കുന്നതും ലജ്ജാകരവുമാണ്. ഇവിടെ ലോബിയിങ് നടത്തിയിരിക്കുന്നു എന്നതിന് തെളിവുണ്ട്. ഈ കമ്പനിയുടെ തലവന്‍ എന്നെ കണ്ടപ്പോള്‍ ഉപയോഗിച്ച ഭാഷയുമായി വളരെ സാമ്യമുണ്ട്. ആരോപണത്തെ കുറിച്ചുള്ള പൂര്‍ണ്ണമായ വസ്തുതകളോ പശ്ചാത്തലമോ തനിക്ക് അറിയില്ല എന്നും രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടുന്നു.

വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണെന്നായിരുന്നു വിഷയത്തില്‍ അദാനി ഗ്രൂപ്പിന്റെ പ്രതികരണം. ചില വ്യക്തികളും സ്ഥാപനങ്ങളും അദാനി ഗ്രൂപ്പിന്റെ പ്രതിച്ഛായ മോശമാക്കാന്‍ ശ്രമിക്കുന്നുവെന്ന് തങ്ങള്‍ നേരത്തെ തന്നെ പറഞ്ഞിരുന്നതാണെന്നുമാണ് കമ്പനിയുടെ നിലപാട്. പത്രക്കുറിപ്പിലായിരുന്നു അദാനി ഗ്രൂപ്പിന്റെ പ്രതികരണം.

logo
The Fourth
www.thefourthnews.in