പാകിസ്താൻ പോലും പറയാൻ ധൈര്യപ്പെടാത്തത്; കേംബ്രിഡ്ജ് പ്രസംഗത്തിൽ രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് ബിജെപി

പാകിസ്താൻ പോലും പറയാൻ ധൈര്യപ്പെടാത്തത്; കേംബ്രിഡ്ജ് പ്രസംഗത്തിൽ രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് ബിജെപി

ഇന്ത്യയുടെ പ്രതിഛായ തകര്‍ക്കാനുള്ള നീക്കമാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് ബിജെപി
Updated on
1 min read

കേംബ്രിഡ്ജ് സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വീണ്ടും കടന്നാക്രമിച്ച് ബിജെപി. ആഗോള വേദിയിൽ ഇന്ത്യയെക്കുറിച്ച് ഇത്തരം കാര്യങ്ങൾ പറയാൻ പാകിസ്താൻ പോലും ധൈര്യപ്പെടില്ലെന്ന് ബിജെപി നേതാവ് സംബിത് പത്ര പറഞ്ഞു. ഇന്ത്യയുടെ പ്രതിഛായ തകര്‍ക്കാനുള്ള നീക്കമാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു.

ലോകം മുഴുവൻ ഇന്ത്യയെ വാഴ്ത്തുമ്പോൾ, രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് ഇന്ത്യന്‍ ജനാധിപത്യം വെല്ലുവിളി നേരിടുകയാണെന്നാണ് പറയുന്നത്. രാഹുൽ ഗാന്ധി ഒരു 'മികച്ച കുട്ടി' ആയിരുന്നില്ല എന്നത് കൊണ്ട് ഇന്ത്യ ശോഭകെട്ട സ്ഥലമാണെന്ന് അർഥമില്ലെന്നും സംബിത് പത്ര പറഞ്ഞു. ജനാധിപത്യം ആക്രമിക്കപ്പെടുന്നുവെന്നും ജുഡീഷ്യറി വിട്ടുവീഴ്ച ചെയ്യപ്പെടുകയാണെന്നും രാഹുൽ ഗാന്ധി പറയുന്നു. പക്ഷേ സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സമിതി എല്ലാ മൊബൈൽ ഫോണുകളും അന്വേഷണത്തിന് സമർപ്പിക്കാൻ ആവശ്യപ്പെട്ടപ്പോൾ, എന്തുകൊണ്ടാണ് അദ്ദേഹം തന്റെ ഫോൺ സമർപ്പിക്കാതിരുന്നത് എന്നും സംബിത് പത്ര ചോദിച്ചു.

പാകിസ്താൻ പോലും പറയാൻ ധൈര്യപ്പെടാത്തത്; കേംബ്രിഡ്ജ് പ്രസംഗത്തിൽ രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് ബിജെപി
'ഇന്ത്യയില്‍ ജനാധിപത്യത്തെ കൂച്ചുവിലങ്ങിടാനുള്ള ശ്രമങ്ങള്‍ നടക്കുന്നു': കേംബ്രിഡ്ജില്‍ രാഹുല്‍ ഗാന്ധി
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ കൊച്ചുമകനാണ് രാജ്യത്തെ സ്ഥാപനങ്ങൾ ആക്രമിക്കപെടുന്നുവെന്ന് പറയുന്നത്
ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവാല

'നിരന്തര വിദ്വേഷ പ്രചരണം നടത്തുന്നയാൾ' എന്ന് രാഹുൽ ഗാന്ധിയെ വിശേഷിപ്പിച്ച ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവാല നാല് ചോദ്യങ്ങളാണ് പ്രധാനമായും ഉയർത്തിയത്. സുപ്രീംകോടതിയുടെ ചില വിഷയങ്ങളിലെ വിധികളെ പുകഴ്ത്തുന്നവർ എന്തുകൊണ്ടാണ് പെഗാസസ് വിഷയത്തിൽ ഫോണുകൾ സമർപ്പിക്കാൻ പറഞ്ഞപ്പോൾ അത് നിരസിച്ചതെന്ന് പൂനവാല ചോദിച്ചു. ഒരു പാർട്ടിയോടുള്ള വിദ്വേഷത്തിന്റെ പുറത്ത് പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്താനെ കുറ്റപ്പെടുത്താൻ പോലും തയാറായില്ല. വിദേശ രാജ്യത്ത് വച്ച് സ്വന്തം നാടിനെ കുറ്റപ്പെടുത്തുകയും ശത്രുരാജ്യത്തെ പ്രശംസിക്കുകയും രാഹുൽ ചെയ്യുന്നത് ആദ്യമായല്ലെന്നും അദ്ദേഹം പറഞ്ഞു.

ഗോത്രവർഗത്തിനും ന്യൂനപക്ഷത്തിനും ഭൂരിപക്ഷമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ തോൽക്കുകയും അവിടെ ബിജെപി വിജയിക്കുകയും ചെയ്തതിന് ശേഷവും ന്യൂനപക്ഷം ആക്രമിക്കപെടുന്നുവെന്ന് രാഹുൽ പറയുന്നു. മൂന്ന് സംസ്ഥാനങ്ങളിലെ 180 സീറ്റുകളിൽ എട്ടെണ്ണം മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്. ഹാഷിംപുര, ഭഗൽപ്പൂർ, മുംബൈ അടക്കം പത്തോളം വലിയ കലാപങ്ങൾ നടന്നത് കോൺഗ്രസ് ഭരിക്കുമ്പോഴായിരുന്നുവെന്നും പൂനവാല ചൂണ്ടിക്കാട്ടി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ കൊച്ചുമകനാണ് രാജ്യത്തെ സ്ഥാപനങ്ങൾ ആക്രമിക്കപെടുന്നുവെന്ന് പറയുന്നത്. മുൻ സുപ്രീംകോടതി ജസ്റ്റിസുമാരായ ബഹ്‌റുൽ ഇസ്‌ലാം, എ എൻ റേ എന്നിവരെ ഓർമയുണ്ടോയെന്നും കോൺഗ്രസിനുള്ളിൽ ജനാധിപത്യമുണ്ടോയെന്നും പൂനവാല ചോദിച്ചു.

 '21ാം നൂറ്റാണ്ടില്‍ കേള്‍ക്കേണ്ടതും പഠിക്കേണ്ടതും' എന്ന വിഷയത്തില്‍ രാഹുല്‍ ഗാന്ധി കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ സംസാരിച്ചത്. പെഗാസസ് ഉൾപ്പെടെയുള്ള വിഷയങ്ങളെ കുറിച്ചും നരേന്ദ്ര മോദി ഇന്ത്യയ്ക്ക് മേൽ ആശയങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്നും രാഹുൽ പറഞ്ഞിരുന്നു. ഇതാണ് ബിജെപി നേതാക്കളെ ചൊടിപ്പിച്ചത്.

logo
The Fourth
www.thefourthnews.in