ഖാര്‍ഗെയുടെ 'നായ' പരാമര്‍ശത്തില്‍ പ്രക്ഷുബ്ധമായ പാര്‍ലമെന്റ്

ഖാര്‍ഗെയുടെ 'നായ' പരാമര്‍ശത്തില്‍ പ്രക്ഷുബ്ധമായ പാര്‍ലമെന്റ്

പരാമര്‍ശം നിലവാരമില്ലാത്തതും നിര്‍ഭാഗ്യകരവുമെന്ന് നിയമന്ത്രി കിരണ്‍ റിജിജു
Updated on
2 min read

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജസ്ഥാനില്‍ ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ 'നായ' പരാമര്‍ശത്തെ ചൊല്ലി രാജ്യസഭയില്‍ ഏറ്റുമുട്ടി ഭരണപക്ഷവും പ്രതിപക്ഷവും. ബിജെപിക്കെതിരായ നിന്ദ്യമായ പരാമര്‍ശത്തില്‍ ഖാര്‍ഗെ മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ സഭയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ മാപ്പ് പറയുന്നവർ നിങ്ങളാണെന്ന് ഖാർഗെ തിരിച്ചടിച്ചു. സ്വാതന്ത്ര്യ സമര കാലത്ത് സവർക്കർ ബ്രിട്ടീഷ് സർക്കാരിന് മാപ്പെഴുതി കൊടുത്തത് ചൂണ്ടിക്കാട്ടിയായിരുന്നു ഖാർഗെയുടെ പരിഹാസം. സഭയ്ക്ക് പുറത്ത് പറഞ്ഞ കാര്യങ്ങളില്‍ അകത്ത് പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും ഖാര്‍ഗെ വ്യക്തമാക്കി. അതേസമയം പരാമര്‍ശം നിലവാരമില്ലാത്തതും നിര്‍ഭാഗ്യകരവുമെന്ന് നിയമന്ത്രി കിരണ്‍ റിജിജു പ്രതികരിച്ചു. ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങള്‍ അദ്ദേഹം മനസ്സിലാക്കണമെന്നും കിരണ്‍ റിജിജു കൂട്ടിച്ചേർത്തു.

സിംഹത്തെപ്പോലെ അലറുന്നവർ ഇന്ത്യാ - ചൈന വിഷയത്തില്‍ എലിയെപ്പോലെ പെരുമാറുന്നെന്ന ഖാര്‍ഗെയുടെ പരാമര്‍ശവും ബിജെപി സഭയില്‍ ഉന്നയിച്ചു. ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പ്രസംഗത്തിലായിരുന്നു ഖാർഗെയുടെ സർക്കാരിനും പ്രധാനമന്ത്രിക്കുമെതിരായ പരിഹാസം. നിന്ദ്യമായ പരാമര്‍ശത്തില്‍ മാപ്പ് പറയുന്നത് വരെ ഖാർഗെയ്ക്ക് സഭയിൽ ഇരിക്കാൻ അവകാശമില്ലെന്ന് പീയുഷ് ഗോയൽ കുറ്റപ്പെടുത്തി. എന്നാല്‍ പുറത്ത് പറഞ്ഞ കാര്യങ്ങള്‍ സഭയിൽ ആവർത്തിച്ചാൽ ബിജെപി നേതാക്കൾ വിഷമിക്കേണ്ടി വരുമെന്നായിരുന്നു ഖാർഗെയുടെ മറുപടി. ബിജെപിക്ക് സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ ഒരു പങ്കുമില്ലെന്നും കോണ്‍ഗ്രസാണ് രാജ്യത്തിനായി പോരാടിയതെന്നും  ഖാർഗെ സഭയിലും ആവർത്തിച്ചു. ലോക്സഭയിലും ഖാർഗെയുടെ പരാമർശം ചൂണ്ടിക്കാട്ടി ബിജെപി പ്രതിഷേധിച്ചു.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതിനിടെ രാജസ്ഥാനിലെ ആള്‍വാറില്‍ ഖാര്‍ഗെ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. സ്വാതന്ത്യ്രസമര പോരാട്ടത്തില്‍ ബിജെപിക്ക് ആരെയും നഷ്ടമായിട്ടില്ല, എന്നാല്‍ കോണ്‍ഗ്രസിന് നിരവധി പോരാളികളെ നഷ്ടമായെന്നായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം. ഇതിനിടെ ഖാര്‍ഗെ നടത്തിയ ഒരു പ്രയോഗമാണ് വിവാദത്തിന് കാരണം. ''കോണ്‍ഗ്രസ് രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്തു. രാജ്യത്തിനുവേണ്ടി ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ജീവന്‍ ബലികൊടുത്തു. എന്നാല്‍ രാജ്യത്തിനായി നിങ്ങളുടെ വീട്ടിലെ നായയുടെ എങ്കിലും ജീവന്‍ ബലികൊടുത്തിട്ടുണ്ടോ? എന്നിട്ടും ബിജെപി സ്വയം ദേശസ്നേഹികളാണെന്ന് അവകാശപ്പെടുന്നു. സര്‍ക്കാരിനെതിരെ സംസാരിക്കുന്നവരെ അവര്‍‍ രാജ്യദ്രോഹികളായി മുദ്ര കുത്തുന്നു'' - ഖാര്‍ഗെ പറഞ്ഞു. ഇതിലെ 'നായ' പരാമർശമാണ് ബിജെപി നേതാക്കളെ പ്രകോപിപ്പിച്ചത്.

സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം കോണ്‍ഗ്രസ് പിരിച്ചു വിടണമെന്ന് ഗാന്ധിജി ആവശ്യപ്പെട്ടതാണെന്നും അതിന്റെ ഉദാഹരണമായാണ് ഇപ്പോള്‍ ഖാര്‍ഗെ പ്രവര്‍ത്തിക്കുന്നതെന്നും പീയൂഷ് ഗോയല്‍ പറഞ്ഞു. സംസാരിക്കാനറിയാത്ത ഒരു ദേശീയ അധ്യക്ഷനാണ് അദ്ദേഹമെന്നും ഗോയല്‍ ആരോപിച്ചു. പാര്‍ലമെന്ററികാര്യമന്ത്രി പ്രഹ്ളാദ് ജോഷിയും ഖാര്‍ഗെയുടെ പ്രസ്താവന അപലപിച്ചു. ഇന്ത്യയില്‍ ഇപ്പോഴുള്ളത് ഇറ്റാലിയന്‍ കോണ്‍ഗ്രസാണെന്നും അധ്യക്ഷന്‍ റബ്ബര്‍ സ്റ്റാമ്പാണെന്നും ജോഷി ആരോപിച്ചു.

അതിനിടെ, സ്മൃതി ഇറാനി  അമേഠിയിലെത്തുന്നത് നാട്യം കാണിക്കാനാണെന്ന കോൺഗ്രസ് നേതാവ് അജയ് റായിയുടെ പരാമർശത്തില്‍ യുപി പോലീസ് കേസെടുത്തു. ഈ വിഷയവും ബിജെപി അംഗങ്ങൾ സഭയില്‍ ആയുധമാക്കിയിരുന്നു. അമേഠിയിലെ ഫാക്ടറികൾ അടച്ചുപൂട്ടലിന്റെ  വക്കിലായിരിക്കുമ്പോഴും ഇതൊന്നും ശ്രദ്ധിക്കാതെ സ്മൃതി ഇറാനി അമേഠിയിൽ നാട്യങ്ങൾ കാണിക്കാന്‍ മാത്രമായി എത്തുന്നുവെന്നായിരുന്നു അജയ് റായിയുടെ പരാമര്‍ശം. പരാമർശം സ്ത്രീവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വനിതാ കമ്മീഷനും അജയ് റായിക്ക് നോട്ടീയ് അയച്ചു. പരാമര്‍ശത്തിലൂടെ വ്യക്തമായത് കോണ്‍ഗ്രസിന്റെ സംസ്‌കാരമാണെന്ന് സ്മൃതി ഇറാനി പ്രതികരിച്ചു.

logo
The Fourth
www.thefourthnews.in