30 നിയമസഭകളില്‍ 16, ആകെ ജനസംഖ്യയുടെ 48 ശതമാനവും ബിജെപി ഭരണത്തിൽ

30 നിയമസഭകളില്‍ 16, ആകെ ജനസംഖ്യയുടെ 48 ശതമാനവും ബിജെപി ഭരണത്തിൽ

രാജ്യത്തെ മൂന്ന് വലിയ സംസ്ഥാനങ്ങളിൽ ബിജെപി അധികാരം നേടിയത് കൂറുമാറ്റത്തിലൂടെ
Updated on
1 min read

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലേയും സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിലേയും വോട്ടിങ് രീതി വ്യത്യസ്തമാകുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ പതിവാണ്. എന്നാല്‍ ഈ പതിവിന് ആക്കം കൂടിയത് സമീപകാലത്താണ്. ദേശീയ തലത്തില്‍ നരേന്ദ്രമോദി അധികാരത്തില്‍ എത്തിയതിന് ശേഷം ഈ പ്രവണത ശക്തിപ്പെടുകയാണ് ചെയ്തത്.

ദേശീയ തലത്തില്‍ മോദിയ്ക്കുള്ള വലിയ സ്വീകാര്യത ബിജെപിക്ക് സഹായകരമാകുമ്പോള്‍ സംസ്ഥാനങ്ങളില്‍ അത് അത്രകണ്ട് പ്രതിഫലിക്കുന്നുമില്ല. കോണ്‍ഗ്രസ് വിജയിച്ച സംസ്ഥാനങ്ങളില്‍ പോലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ ബിജെപിയ്ക്ക് നേട്ടമുണ്ടാക്കാന്‍ കഴിയുന്നതാണ് ഇതിന് കാരണം.

ഗുജറാത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തുകയും ഹിമാചലില്‍ ഭരണം നഷ്ടമാവുകയും ചെയ്തതോടെ ബിജെപി നിയന്ത്രണത്തിലുള്ള സംസ്ഥാനങ്ങളുടെ എണ്ണം കുറയുകയാണ് ചെയ്തത്. രാജ്യത്ത് 28 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 30 നിയമസഭകളാണുള്ളത്. ഇതില്‍ 16 എണ്ണത്തിലാണ് ബിജെപി ഭരിക്കുന്നത്. ഈ പതിനാറില്‍ തന്നെ പത്തിടത്ത് ബിജെപിക്ക് തനിച്ച് ഭൂരിപക്ഷമുണ്ട്. ബാക്കി ആറിടങ്ങളില്‍ സഖ്യകക്ഷികളുമായി ചേര്‍ന്നാണ് ബിജെപി ഭരിക്കുന്നത്.

ബിജെപി ഭരിക്കുന്ന വലിയ സംസ്ഥാനങ്ങളില്‍ മൂന്നെണ്ണത്തിലും അവര്‍ അധികാരത്തിലെത്തിയത് കൂറുമാറ്റം നടത്തിയാണ്. കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ജനവിധി ബിജെപിക്ക് എതിരായിരുന്നു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എട്ടെണ്ണം വലിയ സംസ്ഥാനങ്ങളാണ്. ഒരു കോടിയിലേറെ ജനസംഖ്യയുള്ള സംസ്ഥാനങ്ങളെയാണ് വലിയ സംസ്ഥാനങ്ങളായി കണക്കാക്കുന്നത്. 2011 ലെ സെന്‍സസ് പ്രകാരം കണക്കാക്കിയാല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ജനസംഖ്യ ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ 48.7 ശതമാനമാണ്.

എന്നാല്‍ നേരത്തെ സൂചിപ്പിച്ച ബിജെപി ഭരിക്കുന്ന വലിയ സംസ്ഥാനങ്ങളില്‍ മൂന്നെണ്ണത്തിലും അവര്‍ അധികാരത്തിലെത്തിയത് കൂറുമാറ്റം നടത്തിയാണ്. കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ജനവിധി ബിജെപിയ്ക്ക് എതിരായിരുന്നു. എന്നാല്‍ പിന്നീട് കോണ്‍ഗ്രസിനെ പിളര്‍ത്തി മധ്യപ്രദേശിലും കര്‍ണാടകയിലും, ശിവസേനയെ പിളര്‍ത്തി മഹാരാഷ്ട്രയിലും അധികാരത്തിലെത്തുകയായിരുന്നു. ഇതില്ലായിരുന്നുവെങ്കില്‍ ബിജെപി നിയന്ത്രണത്തിലുള്ള സംസ്ഥാനങ്ങളുടെ എണ്ണം 13 ആയി കുറയുമായിരുന്നു. 28.3 ശതമാനം ജനങ്ങളില്‍ മാത്രമാകുമായിരുന്നു അവരുടെ അധികാരം.

കേന്ദ്ര അധികാരം ഉപയോഗിച്ചും., അന്വേഷണ ഏജന്‍സികളെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ തിരിച്ചുവിട്ടുമാണ് ചില സംസ്ഥാനങ്ങളില്‍ ബിജെപി അധികാരം പിടിച്ചെടുത്തതെന്ന ആക്ഷേപവും ശക്തമാണ്. ഈയിടെ തെലങ്കാനയില്‍ ഇത്തരത്തില്‍ ഭരണപക്ഷ എംഎല്‍എമാരെ സ്വാധീനിക്കാനുള്ള നീക്കം അവിടുത്തെ ഭരണകക്ഷി പൊളിച്ചിരുന്നു. കേരളത്തിലെ തുഷാര്‍ വെള്ളാപ്പള്ളിയായിരുന്നു ബിജെപിക്ക് വേണ്ടി എംഎല്‍എമാരെ സ്വാധീനിക്കാന്‍ ഇറങ്ങിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു

logo
The Fourth
www.thefourthnews.in