ബിജെപി പട്ടികയിൽ അഞ്ച് വർഷത്തിനിടെ കോൺഗ്രസിൽനിന്നെത്തിയ 17 പേർ, 38 എംഎൽഎമാർക്ക് ടിക്കറ്റില്ല
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് നിലമൊരുങ്ങുമ്പോള്‍ സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഉള്‍പ്പെടെ കരുതലോടെ രാഷ്ട്രീയ പാര്‍ട്ടികള്‍. ഭരണകക്ഷിയായ ബിജെപി ഒന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും, കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും പുറത്തുവിട്ടു. രണ്ടുഘട്ടമായാണ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കിയത്. 160 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ഒറ്റയടിക്ക് പ്രഖ്യാപിച്ചാണ് ബിജെപി കളം പിടിക്കാന്‍ ഒരുങ്ങുന്നത്. ഭരണവിരുദ്ധ വികാരത്തെ നേരിടാന്‍ വിപുലമായ സ്ഥാനാര്‍ത്ഥി പട്ടികയാണ് ബിജെപി മുന്നോട്ട് വയ്ക്കുന്നത്. 38 സിറ്റിങ് എംഎല്‍എമാര്‍ക്ക് ഇത്തവണ ബിജെപി സീറ്റ് നല്‍കിയിട്ടില്ല. മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും കാബിനറ്റിലെ മുതിര്‍ന്ന ആറ് നേതാക്കളും അവസരം ലഭിക്കാത്തവരില്‍ ഉള്‍പ്പെടും.
38 സിറ്റിങ്ങ് എംഎല്‍എമാര്‍ക്ക് ഇത്തവണ സീറ്റ് നല്‍കിയിട്ടില്ല.
ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ, ഹാര്‍ദിക് പട്ടേല്‍ ഉള്‍പ്പെടെ 30 പാട്ടീദാര്‍ സമുദായക്കാര്‍, കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന നേതാക്കള്‍ എന്നിവരും ബിജെപി പട്ടിയില്‍ സ്ഥാനം പിടിച്ചു.
ഗുജറാത്തിന്റെ ചുമതലയുള്ള ഭൂപേന്ദ്രര്‍ യാദവാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടത്. 160 അംഗ പട്ടികയില്‍ 13 പേര്‍ പട്ടികജാതി വിഭാഗത്തേയും, 24 പേര്‍ പട്ടിക വര്‍ഗ വിഭാഗത്തേയും പ്രതിനിധീകരിക്കുന്നു. ഇതില്‍ 14 പേര്‍ വനിതകളാണെന്നതും ശ്രദ്ധേയമാണ്. 69 സിറ്റിങ് എംഎല്‍എമാരാണ് പട്ടികയിലുള്ളത്. പട്ടികയിലെ 17 പേരെങ്കിലും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ബിജെപിയിലേക്ക് കൂറുമാറിയ കോൺഗ്രസ് എംഎൽഎമാരാണ്, അവരിൽ ഒമ്പത് പേരും 2017ൽ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചവരാണ്.
ജാംനഗര്‍ നോര്‍ത്തിൽ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ മത്സരിക്കും
കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ഹാര്‍ദിക് പട്ടേല്‍ തന്റെ പ്രഥമ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരുങ്ങുകയാണ്. പാട്ടീദാര്‍ സമുദായത്തില്‍ നിന്നും മറ്റ് ചില പ്രധാന നേതാക്കളും പട്ടികയില്‍ ഇടം പിടിച്ചു. ശ്രീ ഖോദല്‍ധാമിന്റെ ട്രസ്റ്റിയായ രമേഷ് തിലാര (രാജ്‌കോട്ട് സൗത്ത്) ഇതില്‍ പ്രധാനിയാണ്. ജാംനഗര്‍ നോര്‍ത്തിലാണ് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ മത്സരിക്കുന്നത്.
മോര്‍ബി പാലം തകര്‍ന്നുണ്ടായ ദുരന്തം തിരഞ്ഞെടുപ്പിലെ ചൂടേറിയ ചര്‍ച്ചാ വിഷയമായി ബിജെപി കാണുന്നു എന്ന സൂചനയും പട്ടിക നല്‍കുന്നു. കഴിഞ്ഞ തവണ മോര്‍ബിയില്‍ നിന്ന് വിജയിച്ച ബ്രിജേഷ് മേര്‍ജ ഇത്തവണ പട്ടികയില്‍ ഇടംപിടിച്ചില്ല. എന്നാല്‍ അപകടസമയത്ത് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മോര്‍ബിയിലെ മുന്‍ എംഎല്‍എയെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തി. കാന്തിലാല്‍ അമൃത്യയാകും സ്ഥാനാര്‍ത്ഥി.
തിരഞ്ഞെടുപ്പിലെ ചൂടുള്ള ചര്‍ച്ചയായ മോര്‍ബി പാലം തകര്‍ന്നുണ്ടായ ദുരന്തം, ബിജെപി ഗൗരവത്തോടെ കാണുന്നു എന്ന സൂചനയും പട്ടിക നല്‍കുന്നു.
കഴിഞ്ഞ മാസം 30നാണ് ഗുജറാത്തില്‍ മച്ചു നദിക്ക് കുറുകെയുള്ള മോര്‍ബിയിലെ പാലം തകര്‍ന്ന് 140ഓളം പേര്‍ മരിച്ചത്. അപകടസമയത്ത് ലൈഫ് ജാക്കറ്റ് ധരിച്ച് നദിയിലേക്കെടുത്തു ചാടി രക്ഷാപ്രവര്‍ത്തനം നടത്തിയയാളാണ് അമൃത്യ. ആദ്യഘട്ടത്തില്‍ അമൃത്യയുടെ പേര് ബിജെപി പരിഗണിച്ചിരുന്നില്ല. എന്നാല്‍ ധീരതയ്ക്കുള്ള അംഗീകാരമെന്ന നിലയിലാണ് പാര്‍ട്ടി അദ്ദേഹത്തിന്റെ പേര് മുന്നോട്ട് വെച്ചതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രുപാണിക്കെതിരായ കുറ്റപത്രം എന്നാണ് ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയെ ദേശീയ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്
ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണ് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക എന്നതാണ് വിലയിരുത്തല്‍. സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടവരുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ഈ നിരീക്ഷണം. മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി, മുന്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, മുന്‍ ആഭ്യന്തര മന്ത്രി പ്രദീപ് സിംഗ് ജഡേജ, മുന്‍ വിദ്യാഭ്യാസ മന്ത്രി ഭൂപേന്ദ്രസിങ് ചുദാസ്മ എന്നിവരുടെ അസാന്നിധ്യം ഭരണവിരുദ്ധ വികാരത്തെ മറികടക്കാന്‍ സഹായിക്കുമെന്നാണ് ബിജെപി വിലയിരുത്തല്‍. ഇത്തരം ഒരു നീക്കത്തിന് ഇടയിലും സൗരഭ് പട്ടേല്‍, ആര്‍ സി ഫാല്‍ഡു, കൗശിക് പട്ടേല്‍, രാജേന്ദ്ര ത്രിവേദി തുടങ്ങിയ നേതാക്കള്‍ പട്ടികയില്‍ ഇടം പിടിക്കുകയും ചെയ്തു.
നേതൃമാറ്റത്തിന് ശേഷവും മുന്‍ സര്‍ക്കാരിലെ പ്രമുഖരെ നീക്കിയ നടപടി കോവിഡ് മഹാമാരി നേരിടുന്നതില്‍ വിജയ് രൂപാണി നേതൃത്വം നല്‍കിയ കാബിനറ്റിന്റെ പരാജയം ബിജെപി നേതൃത്വം നിശബ്ദമായി സമ്മതിക്കുന്നതാണ്. മുഖ്യമന്ത്രിയുള്‍പ്പെടെ കാബിനറ്റ് മുഴുവന്‍ അഴിച്ചുപണിത് ബിജെപി നടത്തിയ നീക്കത്തിന്റെ രണ്ടാംഘട്ടമാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രതിഫലിച്ചത് എന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.