ഇലക്ടറല്‍ ബോണ്ട്: ഗുജറാത്തില്‍ കോടികള്‍ വാരിക്കൂട്ടി ബിജെപി, 174 കോടിയില്‍ 94% സ്വന്തം
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനകള്‍ സ്വീകരിക്കാന്‍ നടപ്പാക്കിയ ഇലക്ട്രല്‍ ബോണ്ട് സംവിധാനം ഏറ്റവും അധികം ഗുണം ചെയ്യുന്നത് ബിജെപിക്കെന്ന് റിപ്പോര്‍ട്ട്. 2018 മുതല്‍ ഈ ഒക്ടോബര്‍ വരെ 10,700കോടി രൂപയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവനയായി നേടിയതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ഇതില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ മാത്രം മൊത്തം സംഭാവനയുടെ 94 ശതമാനവും ബിജെപി സ്വന്തമാക്കി. 2018 മുതല്‍ എല്ലാ പാർട്ടികളും ചേർന്ന് സംഭാവനയായി 174 കോടി രൂപയാണ് ഗുജറാത്തില്‍ സ്വീകരിച്ചത്. ഇതില്‍ 163 കോടി രൂപയും സ്വന്തമാക്കിയത് ബിജെപിയാണ്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റീഫോംസാണ് കണക്കുകള്‍ പുറത്തുവിട്ടത്. കോണ്‍ഗ്രസാണ് സംസ്ഥാനത്ത് സംഭാവന കൂടുതല്‍ ലഭിച്ച രണ്ടാമത്തെ പാര്‍ട്ടി. എന്നാല്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നൂറ് കോടിയിലധികം രൂപയുടെ വ്യത്യാസമാണുള്ളത്. 10.5 കോടി രൂപയാണ് കോണ്‍ഗ്രസിന് ലഭിച്ചത്. 32 ലക്ഷം രൂപ ആംആദ്മി പാര്‍ട്ടിക്കും ലഭിച്ചു.
എസ്ബിഐ ഗാന്ധിനഗർ ബ്രാഞ്ചിൽ നിന്നും വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്കുള്ള മറുപടി അനുസരിച്ച് ഗുജറാത്തില്‍ 343 കോടി രൂപ വരുന്ന 595 ബോണ്ടുകളാണ് സംഭാവനയായി വിവിധ പാർട്ടികൾ സ്വീകരിച്ചത്. അതിൽ തന്നെ ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത് 2019 ഏപ്രിലിലാണ്. ബിജെപി വൻ ഭൂരിപക്ഷത്തിൽ ജയിച്ച 17-ാ മത് ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നത് ഈ കലയളവിലാണെന്നതാണ് ശ്രദ്ധേയം. ഗുജറാത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആറ് കമ്പനികളിൽ നിന്നാണ് സംഭാവനകൾ ലഭിച്ചത്.
2018 ജനുവരി 29നാണ് ബിജെപി നേതൃത്വത്തിലുള്ള സർക്കാർ ഇലക്ടറല്‍ ബോണ്ട് പദ്ധതി വിജ്ഞാപനം ചെയ്തത്. ഇതുപ്രകാരം ഇന്ത്യയിലെ ഏതൊരു പൗരനോ, അല്ലെങ്കിൽ ഒരു ബോഡിക്കോ ബോണ്ട് വാങ്ങാനും യോഗ്യതയുള്ള ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് അത് സംഭാവന ചെയ്യാനും അർഹതയുണ്ട്. നിലവിലുള്ള എല്ലാ കെവൈസി മാനദണ്ഡങ്ങളും കൃത്യമായി പൂർത്തീകരിച്ച് ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് പണമടച്ച് മാത്രമേ ഇലക്ടറൽ ബോണ്ട് വാങ്ങാൻ അനുമതിയുള്ളൂ. അംഗീകൃത ബാങ്കിലെ ഒരു നിയുക്ത ബാങ്ക് അക്കൗണ്ട് വഴി മാത്രമേ രാഷ്ട്രീയ പാർട്ടികള്‍ക്ക് പണമിടപാട് നടത്താനും സാധിക്കൂ. 2017-ൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പദ്ധതിയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉന്നയിച്ചിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ ഫണ്ടിങ്ങിന്റെ സുതാര്യതയെ ഇത് ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പങ്കുവച്ചിരുന്നു.