വിദ്വേഷ പ്രസംഗം മുതൽ  വർഗീയ കലാപം വരെ; കർണാടകയിൽ ബിജെപി സർക്കാർ  പിൻവലിച്ചത് 385 ക്രിമിനൽ കേസുകൾ

വിദ്വേഷ പ്രസംഗം മുതൽ വർഗീയ കലാപം വരെ; കർണാടകയിൽ ബിജെപി സർക്കാർ പിൻവലിച്ചത് 385 ക്രിമിനൽ കേസുകൾ

വിദ്വേഷ പ്രസംഗം, ഗോസംരക്ഷണം, വർഗീയ കലാപം തുടങ്ങിയവുമായി ബന്ധപ്പെട്ടുള്ളതാണ് പിൻവലിച്ച കേസുകളിൽ 182 എണ്ണം
Updated on
2 min read

വർഗീയ കലാപങ്ങളും വിദ്വേഷ പ്രസംഗങ്ങളുമായി ബന്ധപ്പെട്ടത് ഉൾപ്പെടെ ക്രിമിനൽ കേസുകൾ കൂട്ടത്തോടെ പിൻവലിച്ച് കർണാടകയിലെ ബി ജെ പി സർക്കാർ. നാല് വർഷത്തിനിടെ 385 ക്രിമിനൽ കേസുകളാണു സർക്കാർ പിൻവലിച്ചത്. ഇവയിൽ 182 കേസുകൾ വിദ്വേഷ പ്രസംഗം, ഗോസംരക്ഷണം, വർഗീയ കലാപം തുടങ്ങിയവുമായി ബന്ധപ്പെട്ടതാണ്. ഏഴ് പ്രത്യേക ഉത്തരവുകളിലൂടെയാണ് ഇത്രയും കേസുകൾ പിൻവലിച്ചത്.

സംസ്ഥാന സർക്കാർ പ്രോസിക്യൂഷനിൽനിന്ന് പിന്മാറിയ വർഗീയ സംഭവങ്ങളിൽ ഭൂരിഭാഗവും വലതുപക്ഷ പ്രവർത്തകരുടേതാണ്. കേസുകൾ പിൻവലിക്കുന്നതോടെ ആയിരത്തിലധികം പ്രതികളാണ് നിയമത്തിനുമുന്നിൽനിന്ന് രക്ഷപ്പെടുന്നത്. ഇതിൽ പകുതിയോളം പ്രതികൾ ബിജെപി എംപിയും എംഎൽഎയും ഉൾപ്പെടെ ബിജെപി പ്രവർത്തകരാണ്. ഇന്ത്യൻ എക്സ്പ്രസിനു ലഭിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യം പുറത്തുവന്നിരിക്കുന്നത്.

കേസുകൾ പിൻവലിക്കുന്നതിന് ആഭ്യന്തര മന്ത്രിയുടെ ശിപാർശയും മന്ത്രിസഭാ ഉപസമിതിയുടെ അനുമതിയും മന്ത്രിസഭയുടെ അംഗീകാരവും ആവശ്യമാണ്. 2020 ഫെബ്രുവരി 11ന് ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയും ബസവരാജ് ബൊമ്മെ ആഭ്യന്തര മന്ത്രിയുമായിരുന്നപ്പോഴും 2023 ഫെബ്രുവരി 28 ന് ബൊമ്മെ മുഖ്യമന്ത്രിയും അരാഗ ജ്ഞാനേന്ദ്ര ആഭ്യന്തരമന്ത്രിയുമായിരുന്ന സമയത്താണ് 385 കേസുകൾ പിൻവലിച്ചത്.

വലതുപക്ഷ പ്രവർത്തകർ മാത്രമല്ല, കർഷക സമരങ്ങളിലും ഭാഷാ പ്രതിഷേധങ്ങളിലും ഉൾപ്പെട്ടവർക്കെതിരെയുള്ള കേസുകളും പിൻവലിച്ചു. ഇവ കൂടുതലും കോടതികളിൽ 10 വർഷമോ അതിൽ കൂടുതലോ കെട്ടിക്കിടന്ന കേസുകളാണ്
ആരാഗ ജ്ഞാനേന്ദ്ര (ആഭ്യന്തര മന്ത്രി)

ചിക്കമംഗളൂരിലെ ​ഗോസംരക്ഷണ സംഭവങ്ങൾ, ടിപ്പുജയന്തി ആഘോഷത്തിന്റെ പേരിൽ കുടകിലും മൈസൂരുവിലും നടന്ന നിരവധി അക്രമസംഭവങ്ങൾ, രാമനവമി, ഹനുമാൻ ജയന്തി, ഗണേശോത്സവം തുടങ്ങിയ ആഘോഷങ്ങൾക്കു പിന്നാലെ അരങ്ങേറിയ അക്രമ സംഭവങ്ങൾ അടക്കമുളളവയാണ് പ്രോസിക്യൂഷൻ പിൻവലിക്കാനുള്ള ഉത്തരവിൽ ഉൾപ്പെടുന്നത്.

സിദ്ധരാമയ്യയുടെ കാലത്ത് കേസുകൾ പിൻവലിച്ചപ്പോൾ പ്രതിഷേധവുമായി രംഗത്തുവന്ന പാർട്ടിയാണ് ബിജെപി. സാമുദായിക ബന്ധമുള്ള 182 കേസുകളിൽ ഭൂരിഭാഗവും 2013 നും 2018 നും ഇടയിലുള്ള കോൺഗ്രസ് സർക്കാരിന്റെ ഭരണകാലത്ത് നടന്നതാണ്. ഈ കാലത്ത് സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ, എസ്ഡിപിഐയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും 1,600 ഓളം പ്രവർത്തകർക്കെതിരായ 176 കേസുകൾ പിൻവലിക്കാൻ ഉത്തരവിട്ടിരുന്നു.

സിദ്ധരാമയ്യ
സിദ്ധരാമയ്യ

ബിജെപി സർക്കാരിനു കീഴിൽ സാമുദായിക ബന്ധമുള്ള 182 കേസുകളിൽ 45 എണ്ണവും പരേഷ് മേസ്തയുടെ മരണത്തെത്തുടർന്ന് ഉണ്ടായതാണ്. മേസ്തയുടെ മരണത്തെ തുടർന്ന് മുസ്‌ലിം സ്ഥാപനങ്ങൾക്കും പോലീസിനുമെതിരായ കലാപങ്ങളും ആക്രമണങ്ങളും അരങ്ങേറി. പിന്നീട് സിബിഐ നടത്തിയ അന്വേഷണത്തിൽ മേസ്തയുടേത് അപകടമരണമാണെന്ന് കണ്ടെത്തി. ഈ കേസിൽ, 66 പേർക്കെതിരെയുള്ള പ്രോസിക്യൂഷൻ പിൻവലിക്കുകയും കേസ് വിചാരണയ്ക്കായി സമർപ്പിക്കുകയും ചെയ്‌തു.

പരേഷ് മേസ്ത
പരേഷ് മേസ്ത

2020 ഫെബ്രുവരി 11ന് രജിസ്റ്റർ ചെയ്ത കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളും പിൻവലിച്ചവയിലുണ്ട്. എന്നാൽ, സർക്കാർ കൊണ്ടുവന്നിരിക്കുന്ന മറ്റ് ആറ് ഉത്തരവുകളിൽ 50 ശതമാനം കേസുകളും വർഗീയ സംഭവങ്ങളാണെന്നാണ് വിവരാവകാശ മറുപടിയിൽ പറയുന്നത്. 2020 ഫെബ്രുവരിക്കും 2020 ഓഗസ്റ്റിനും ഇടയിലുളള കേസുകളിൽ കുറ്റാരോപിതരായി മൈസൂരു ബിജെപി എംപി പ്രതാപ് സിംഹ, ബിജെപി എംഎൽഎ രേണുകാചാര്യ അടക്കമുളളവർ ഉണ്ട്.

സർക്കാർ നീക്കത്തിനെതിരെ കർണാടക ഹൈക്കോടതിയിൽ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടി (പി യു സി എൽ) പ്രവർത്തകൻ പൊതുതാൽപ്പര്യ ഹർജികൾ ഫയൽ ചെയ്യുകയും ഹൈക്കോടതി കേസ് പരിഗണിക്കുകയും ചെയ്തതോടെ 2020നും 2022നും ഇടയിൽ കേസുകൾ പിൻവലിക്കാൻ ഉത്തരവുണ്ടായില്ല. ഹൈക്കോടതിയുടെ അനുമതിയില്ലാതെ സിറ്റിങ് അല്ലെങ്കിൽ മുൻ എംപി / എം‌എൽ‌എക്കെതിരായ പ്രോസിക്യൂഷൻ പിൻവലിക്കാൻ പാടില്ലെന്ന് സുപ്രീം കോടതി 2021 ഓ​ഗസ്റ്റിൽ ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെ 2022 ജൂലൈയിൽ, ജനപ്രതിനിധികൾക്കെതിരായ കേസുകൾ ഒഴിവാക്കാനാവില്ലെന്ന് കർണാടക ഹൈക്കോടതിയും വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in