ജി20: ചേരികളും തെരുവുമൃഗങ്ങളെയും ഒളിപ്പിച്ചു, അതിഥികളില്‍നിന്ന് യാഥാര്‍ത്ഥ്യം മറയ്ക്കേണ്ടതില്ലെന്ന് രാഹുല്‍ ഗാന്ധി
ജി 20 യോഗത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ ക്രമീകരണങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യോഗത്തിനെത്തിയ അതിഥികളില്‍ നിന്നും ഇന്ത്യയുടെ യഥാര്‍ത്ഥ അവസ്ഥയെ മറച്ചു പിടിക്കേണ്ട കാര്യമില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ പാവപ്പെട്ട ജനങ്ങളെയും മൃഗങ്ങളേയും കേന്ദ്രസര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. എക്‌സിലൂടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം.
ഡല്‍ഹിയില്‍ ആരംഭിച്ച ദ്വിദിന ഉച്ചകോടിക്ക് മുന്നോടിയായി ചേരി പ്രദേശങ്ങള്‍ ഗ്രീന്‍ ഷീറ്റ് കൊണ്ട് മൂടിയിരിക്കുന്ന വീഡിയോ നേരത്തേ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. ജി 20 യോഗത്തിന്റെ ഭാഗമായി മറച്ച വസന്ത് വിഹാറിലെ ചേരി പ്രദേശങ്ങളിലെ ക്യാമ്പുകളുടെ വീഡിയോയാണ് കോണ്‍ഗ്രസ് പുറത്ത് വിട്ടത്. നിരവധി തെരുവുനായ്ക്കളെ കഴുത്തില്‍ ചങ്ങലയിട്ട് ക്രൂരമായി വലിച്ചു കൊണ്ടുപോയി കൂട്ടിലടയ്ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വിട്ടിരുന്നു. തെരുവു നായ്ക്കള്‍ക്ക് ഭക്ഷണവും വെള്ളവും നിഷേധിക്കപ്പെടുകയാണ്. ഇതിനെതിരെ ശബ്ദമുയര്‍ത്തേണ്ടതുണ്ട്. വീഡിയോ പങ്കുവച്ചുകൊണ്ട് കോണ്‍ഗ്രസ് ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം, വിഷയത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശും രംഗത്തെത്തി. 'ജി-20 ആഗോള പ്രശ്നങ്ങളെ സഹകരണപരമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള ഒത്തുചേരലാണ്. എന്നാല്‍, ആയിരക്കണക്കിന് ആളുകളെ ഭവനരഹിതരാക്കുകയും തെരുവു മൃഗങ്ങളെ ക്രൂരമായി വളഞ്ഞു പിടിച്ച് കൂട്ടിലടക്കുയും ചെയ്തു. ഇതെല്ലാം പ്രധാനമന്ത്രിയുടെ പ്രതിച്ഛായ ലോകത്തിനു മുന്നില്‍ ഉയര്‍ത്തിക്കാണിക്കാന്‍ വേണ്ടി മാത്രമാണ്. നായ്ക്കളെ കഴുത്തില്‍ പിടിച്ച് വലിച്ചിഴച്ച് വടികൊണ്ട് അടിച്ച് കൂട്ടില്‍ എറിയുന്നു, ഭക്ഷണവും വെള്ളവും നിഷേധിക്കുന്നു, കടുത്ത സമ്മര്‍ദത്തിനും ഭയത്തിനും വിധേയമാക്കുകയാണെന്നും എക്‌സ് പോസ്റ്റില്‍ ജയറാം രമേശ് ആരോപിച്ചു.