കാൽ നൂറ്റാണ്ടിനുശേഷം ഒഡിഷയ്ക്ക് പുതിയ മുഖ്യൻ; ബിജെപി സര്‍ക്കാരിനെ നയിക്കുക ഗോത്രവിഭാഗക്കാരനായ മോഹൻ ചരണ്‍ മാജി
ചരിത്രത്തിലാദ്യമായി ഒഡിഷയില്‍ ബിജെപി അധികാരമേല്‍ക്കുമ്പോള്‍ കാല്‍ നൂറ്റാണ്ട് നീണ്ട ബിജു ജനതാ ദൾ (ബിജെഡി) ഭരണത്തിനാണ് അവസാനമാകുന്നത്. 2000 മുതല്‍ ഒഡിഷ ഭരിച്ചിരുന്ന ബിജു ജനതാദളിന്റെയും നവീന്‍ പട്നായിക്കിന്റെയും തട്ടകം ഇനി ഗോത്രവര്‍ഗ വിഭാഗത്തില്‍നിന്നുള്ള മോഹന്‍ ചരണ്‍ മാജി നിയന്ത്രിക്കും. ഒഡിഷയുടെ 15-ാം മുഖ്യമന്ത്രിയായി മോഹന്‍ ചരണ്‍ മാജി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
നേരത്തെ ബിജെഡിക്കൊപ്പം സഖ്യകക്ഷിയായി ബിജെപി ഭരിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് ആദ്യമായാണ് തനിച്ച് അധികാരത്തിലേറുന്നത്. കഴിഞ്ഞദിവസം ഭുവനേശ്വറിലെ പാര്‍ട്ടി ഓഫീസില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും വനംവകുപ്പ് മന്ത്രി ഭുപിന്ദര്‍ യാദവും അടങ്ങുന്ന നേതാക്കളുടെ നേതൃത്വത്തിലുള്ള യോഗത്തില്‍ ഏകകണ്ഠമായാണ് മാജിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.
മുന്‍ മന്ത്രിയും പത്‌നാഗഡ് എംഎല്‍എയുമായ കെവി സിങ്ങ് ഡിയോയെയും ആദ്യമായി എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട പ്രവതി പരിദയെയും ഉപമുഖ്യമന്ത്രിമാരായും തിരഞ്ഞെടുത്തു. നേരത്തെ മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ ഉപമുഖ്യമന്ത്രിയായി രണ്ടു പേരെ നിയമിച്ച അതേ മാതൃക തന്നെയാണ് ബിജെപി ഇവിടെയും പയറ്റിയിരിക്കുന്നത്. ആദ്യമായി വിജയിച്ച പ്രവതി പരിദയെ ഉപമുഖ്യമന്ത്രിയായി നിയോഗിച്ചതിലൂടെ വനിതാ പ്രാതിനിധ്യവും ബിജെപി സാധ്യമാക്കിയിരിക്കുകയാണ്.
ജനതാ മൈതാനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള നേതാക്കളെ അണിനിരത്തിയായിരിക്കും ഇന്ന് മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിമാരുടെയും സത്യപ്രതിജ്ഞ. നിലവിലെ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും. നവീന്‍ പട്‌നായിക്കിനെ ക്ഷണിച്ചിട്ടുണ്ടെന്നും സമാനമായി കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിക്കാനുള്ള ഒരുക്കത്തിലാണെന്നും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന് സമീര്‍ മോഹന്‍ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഗവര്‍ണര്‍, ആര്‍ബിഐ ഗവര്‍ണര്‍, മുഖ്യമന്ത്രിമാര്‍, പത്മ പുരസ്കാര ജേതാക്കള്‍, വിവിധ മേഖലകളിലെ പ്രമുഖര്‍ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ ക്ഷണിക്കപ്പെട്ടിട്ടുണ്ട്.
മോഹന്‍ ചരണ്‍ മാജി
നാല് തവണ കിയോഞ്ചാറില്‍നിന്ന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട ബിജെപിയുടെ ഗോത്ര വിഭാഗം നേതാവാണ് മോഹന്‍ ചരണ്‍ മാജി. കഴിഞ്ഞ നിയമസഭയില്‍ ബിജെപിയുടെ ഉപനേതാവായിരുന്നു. ബിരുദാനന്ത ബിരുദ വിദ്യാഭ്യാസമുള്ള, കര്‍ഷകനായ മാജി 1997ല്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും 2000ത്തില്‍ ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് 2000-2004, 2004-2009, 2019-2024 കാലഘട്ടങ്ങളില്‍ നിയമസഭയില്‍ കിയോഞ്ചാര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുകയായിരുന്നു. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിലാകട്ടെ, 11,577 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മാജി ഇതേ മണ്ഡലത്തില്‍നിന്നു ജയിച്ചത്.
തന്റെ പ്രസംഗങ്ങളിലൂടെ ജനശ്രദ്ധ നേടിയ മാജി ബിജെപിയും ബിജെഡിയും സഖ്യകക്ഷിയായി ഭരിച്ച 2005 മുതല്‍ 2009 വരെയുള്ള കാലയളവില്‍ സര്‍ക്കാരിന്റെ ചീഫ് വിപ്പായും പ്രവര്‍ത്തിച്ചു. ഹേമാനന്ദ് ബിസ്വാളിനും ഗിരിധര്‍ ഗമങ്ങിനും ശേഷം മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ ഗോത്രനേതാവാണ് സന്താല്‍ ഗോത്ര വിഭാഗത്തില്‍നിന്നുമുള്ള മാജി. ജോഡ, ബാര്‍ബില്‍ പ്രദേശങ്ങളില്‍നിന്നുമുള്ള ഇരുമ്പയിരിന്റെയും മാംഗനീസിന്റെയും ഖനനത്തിനെതിരെ 2009ല്‍ ആദ്യമായി പ്രതികരിച്ചൊരാള്‍ മാജിയായിരുന്നു.
ഉപമുഖ്യമന്ത്രിമാര്‍
അറുപത്തിയെട്ടുകാരനായ സിങ് ഡിയോ ആറ് തവണ ബോളന്‍ഗിര്‍ ജില്ലയിലെ പത്‌നാഗര്‍ മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചു. മുന്‍ മുഖ്യമന്ത്രി ആര്‍ എന്‍ സിങ് ഡിയോയുടെ ചെറുമകന്‍ കൂടിയാണ് സിങ് ഡിയോ. 1995ല്‍ രാഷ്ട്രീയ പ്രവേശനം നടത്തിയ ഡിയോ 2024 വരെ എല്ലാ തിരഞ്ഞെടുപ്പുകളും വിജയിക്കുകയായിരുന്നു. 2000 മുതല്‍ 2009 വരെ ബിജെഡി-ബിജെപി സഖ്യ സര്‍ക്കാരിലെ വിവിധ വകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.
പുരി ജില്ലയിലെ നിമാപാറ മണ്ഡലത്തില്‍നിന്ന് ബിജെഡി സ്ഥാനാര്‍ത്ഥി ദിലീപ് കുമാര്‍ നായകിനെ 4588 വോട്ടിന് തോല്‍പ്പിച്ചാണ് പ്രവതി പരിദ ഉപമുഖ്യമന്ത്രിയായി മന്ത്രിസഭയിലെത്തുന്നത്. 2009ല്‍ സ്വതന്ത്രയായും 2014ലും 19ലും ബിജെപി സ്ഥാനാര്‍ഥിയായും മത്സരിച്ച പരിദ പരാജയപ്പെടുകയായിരുന്നു.