വിപ്പ് ലംഘിച്ച് ജെജെപി അംഗങ്ങള്‍ സഭയില്‍; ഹരിയാനയില്‍ 'വിശ്വാസം' നേടി സെയ്‌നി, എംഎല്‍എ സ്ഥാനവും രാജിവച്ച് ഖട്ടര്‍

വിപ്പ് ലംഘിച്ച് ജെജെപി അംഗങ്ങള്‍ സഭയില്‍; ഹരിയാനയില്‍ 'വിശ്വാസം' നേടി സെയ്‌നി, എംഎല്‍എ സ്ഥാനവും രാജിവച്ച് ഖട്ടര്‍

മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച മുന്‍ ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അനില്‍ വിജും വിശ്വാസ വോട്ടടുപ്പില്‍ പങ്കെടുക്കാനായി സഭയില്‍ എത്തി
Updated on
1 min read

ഹരിയാനയില്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റ നയാബ് സിങ് സെയ്‌നി വിശ്വാസ വോട്ട് നേടി. വോട്ടടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പാര്‍ട്ടി നല്‍കിയ വിപ്പ് ലംഘിച്ച് അഞ്ച് ജെജെപി എംഎല്‍എമാര്‍ നിയമസഭയിലെത്തി. പത്ത് എംഎല്‍എമാരാണ് ജെജെപിക്കുള്ളത്. ബിജെപി - ജെജെപി സഖ്യം പിരിഞ്ഞതിന് പിന്നാലെ മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവയ്ക്കുകയും നായബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയുമായിരുന്നു.

ജോഗി റാം സിഹാഗ്, രാം കുമാര്‍ ഗൗതം, ഈശ്വര്‍ സിങ്, രാംനിവാസ്, ദേവീന്ദര്‍ ബബ്ലി എന്നീ ജെജെപി പ്രതിനിധികളാണ് വിപ്പ് ലംഘിച്ച് സഭയിലെത്തിയത്. മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച മുന്‍ ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അനില്‍ വിജും വിശ്വാസ വോട്ടടുപ്പില്‍ പങ്കെടുക്കാനായി സഭയില്‍ എത്തി.

90 അംഗ നിയമസഭയില്‍ 6 സ്വതന്ത്രരുടെ പിന്തുണ ഉള്‍പ്പടെ 48 അംഗങ്ങളുടെ പിന്തുണയുണ്ടെന്നായിരുന്നു ബിജെപിയുടെ അവകാശവാദം. ഇതിനുപുറമെ അഞ്ച് ജെജെപി എംഎല്‍എമാരും ബിജെപിക്ക് അനുകൂലമായി വോട്ടുചെയ്തു.

വിപ്പ് ലംഘിച്ച് ജെജെപി അംഗങ്ങള്‍ സഭയില്‍; ഹരിയാനയില്‍ 'വിശ്വാസം' നേടി സെയ്‌നി, എംഎല്‍എ സ്ഥാനവും രാജിവച്ച് ഖട്ടര്‍
രാമേശ്വരം കഫേ സ്ഫോടനം: പ്രതിയെ സഹായിച്ചയാളെന്ന് സംശയിക്കുന്ന യുവാവ് എൻ ഐ എ കസ്റ്റഡിയിൽ

അതേസമയം, താന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ നിയമസഭയില്‍ പ്രഖ്യാപിച്ചു. കര്‍ണാലില്‍ നിന്നുള്ള എംഎല്‍എയാണ് ഖട്ടര്‍. നിയമസഭ അംഗമല്ലാത്ത നയാബ് സിങിന് മത്സരിക്കാന്‍ വേണ്ടിയാണ് താന്‍ രാജിവയ്ക്കുന്നത് എന്നാണ് ഖട്ടര്‍ വ്യക്തമാക്കിയിരിക്കുന്നത്. കര്‍ണാല്‍ ലോക്‌സഭ മണ്ഡലത്തില്‍ ഖട്ടറിനെ ബിജെപി സ്ഥാനാര്‍ഥിയാക്കിയേക്കും.

അതേസമയം, നയാബ് സിങിന്റെ മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞയെ ചോദ്യം ചെയ്ത് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടു. അഭിഭാഷകനായ ജഗ്മോഹന്‍ സിങ് ഭട്ടിയാണ് പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. പാര്‍ലമെന്റ് എംപി സ്ഥാനം രാജിവയ്ക്കാതെയാണ് സെയ്‌നി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതെന്നും ഇത് ഭരണഘടനയുടെയും 1951-ലെ ജനപ്രാതിനിധ്യ നിയമത്തിന്റേയും ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ചൊവ്വാഴ്ചയാണ് മനോഹര്‍ ലാല്‍ ഖട്ടര്‍ ഹരിയാന മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള ജെജെപി - ബിജെപി തര്‍ക്കമാണ് സഖ്യം തകരുന്നതിലേക്ക് നയിച്ചത്. ഉപമുഖ്യമന്ത്രിയായിരുന്ന ദുഷ്യന്ത് ചൗട്ടാലയുടെ പാര്‍ട്ടിയായ ജെജെപി രണ്ട് സീറ്റുകള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, പത്ത് സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് ബിജെപി തീരുമാനം.

logo
The Fourth
www.thefourthnews.in