ബി എൽ സന്തോഷിനെതിരെ പടയൊരുക്കം; കർണാടക ബിജെപിയിൽ നിന്ന് പ്രധാനമന്ത്രിക്ക് പരാതി പ്രവാഹം
ബിജെപിയുടെ ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തിൽ സംഘടനാ ജനറൽ സെക്രെട്ടറി ബി എൽ സന്തോഷിനെതിരെ കർണാടക ഘടകത്തിൽ പടയൊരുക്കം. തിരഞ്ഞെടുപ്പ് തോൽവിയുടെ പ്രധാന ഉത്തരവാദി ബിഎൽ സന്തോഷാണെന്ന് ചൂണ്ടിക്കാട്ടി പദവിയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ടാണ് കൂട്ട പരാതി. കർണാടക ബിജെപിയിലെ യെദ്യൂരപ്പ പക്ഷമാണ് പരാതിക്ക് പിന്നിൽ. നേതാക്കളും പ്രവർത്തകരും ഒപ്പിട്ട പരാതിയാണ് പ്രധാനമന്ത്രിക്ക് അയച്ചത്.
കർണാടകയിലെ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം പൂർണമായും ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ രംഗത്ത് വന്നിരുന്നു. എന്നാൽ സംസ്ഥാന നേതാക്കൾക്കോ ബിജെപി കർണാടക ഘടകത്തിനോ ഇതിൽ പങ്കില്ലെന്നാണ് പരാതിയിൽ പറയുന്നത്.
മുതിർന്ന നേതാവ് ബിഎസ് യെദ്യൂരപ്പ നൽകിയ സ്ഥാനാർഥി പട്ടികയിലെ നിരവധി പേരെ ബിഎൽ സന്തോഷ് വെട്ടിമാറ്റി. ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമായ പുതുമുഖ പരീക്ഷണമാണെന്ന പേരിൽ വിജയ സാധ്യതയുള്ള 22 സ്ഥാനാർഥികളെയാണ് സന്തോഷ് ഒഴിവാക്കിയത്. മിക്കയിടങ്ങളിലും അപ്രതീക്ഷിത തോൽവിക്ക് ഇത് കാരണമായതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കർണാടകയിലെ ജനങ്ങളുടെ പൾസറിയാതെ ഉത്തരേന്ത്യയിൽ പരീക്ഷിച്ച തന്ത്രങ്ങൾ കന്നഡ മണ്ണിൽ പരീക്ഷിച്ചതും വിനയായി. കടുത്ത ഹിന്ദുത്വ പ്രചാരണവും, വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടു വിവാദമാക്കിയ വിഷയങ്ങളും ഹിന്ദു വോട്ടർമാരിൽ പോലും അവമതിപ്പുണ്ടാക്കിയെന്നും പരാതിയിലുണ്ട്.
മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ പാർട്ടി വിടും മുൻപ് ബിഎൽ സന്തോഷിനെതിരെ ആരോപിച്ച കാര്യങ്ങൾ ശരിവയ്ക്കുന്നതാണ് പരാതിയുടെ ഉള്ളടക്കം. കർണാടക ബിജെപി ഘടകം ബിഎൽ സന്തോഷിന്റെ കയ്യിലെ കളിപ്പാവയാണെന്നും പാർട്ടിയെ മുച്ചൂടും മുടിക്കുന്ന തീരുമാനങ്ങളാണ് അദ്ദേഹം എടുക്കുന്നതെന്നുമായിരുന്നു ഷെട്ടാറിന്റെ ആരോപണം. ഹുബ്ബള്ളി ധാർവാർഡ് സെൻട്രൽ മണ്ഡലത്തിൽ സീറ്റ് നിഷേധിച്ചതിന് പിന്നിൽ സന്തോഷാണെന്നും ഷെട്ടാർ പറഞ്ഞിരുന്നു. ഇഷ്ടക്കാരെ പാർട്ടിയുടെ പ്രധാന സ്ഥാനങ്ങളിൽ പ്രതിഷ്ഠിച്ച് മുതിർന്ന നേതാക്കളെ ഒഴിവാക്കലാണ് സന്തോഷിന്റെ രീതിയെന്നും ആരോപണം ഉയർന്നു.
ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം ബൊമ്മെയുടെയും കർണാടക അധ്യക്ഷൻ നളിൻ കുമാർ കാട്ടീലിന്റെയും ചുമലിൽ വച്ച് ദേശീയ നേതൃത്വം കൈകഴുകുകയാണ്. പരാജയത്തിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുക്കേണ്ടതില്ലെങ്കിലും സംഘടനാ ചുമതലയുള്ള ബി എൽ സന്തോഷിന് അതിൽ നിന്ന് ഒഴിഞ്ഞു മാറാനാവില്ലെന്നാണ് വിമത പക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്നവരുടെ വാദം. തിരഞ്ഞെടുപ്പ് തോൽവി മുൻ നിർത്തി ഇപ്പോൾ സന്തോഷിനെതിരെ പടനയിച്ചാൽ പാർട്ടിയിലെ അദ്ദേഹത്തിന്റെ അപ്രമാദിത്യം അവസാനിപ്പിക്കാമെന്നാണ് യെദ്യൂരപ്പ ക്യാമ്പ് കണക്കുകൂട്ടുന്നത്.