മോദിയുടെ പ്രസംഗത്തെ വിമർശിച്ചു; ബിജെപിയിൽനിന്ന് പുറത്താക്കിയ ന്യൂനപക്ഷമോർച്ച നേതാവ് അറസ്റ്റിൽ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വർഗീയ പ്രസംഗത്തെ വിമർശിച്ച ബിജെപി ന്യൂനപക്ഷ മോർച്ച മുൻ നേതാവ് അറസ്റ്റിൽ. ബിജെപിയുടെ ബിക്കാനീർ ന്യൂനപക്ഷമോർച്ച മുൻ പ്രസിഡന്റ് ഉസ്മാൻ ഗനിയെയാണ് ക്രമസമാധാനം തകർക്കാനുദ്ദേശിച്ച് പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തത്.
രാജസ്ഥാനിലെ ബൻസ്വാരയിൽ പ്രധാനമന്ത്രി നടത്തിയ വിദ്വേഷ പ്രസംഗത്തിനെ വിമർശിച്ച് നേരത്തെ ഉസ്മാൻ ഗനി രംഗത്ത് എത്തിയിരുന്നു. തുടർന്ന് ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഉസ്മാൻ ഗനിയെ പോലീസ് അറസ്റ്റ് ചെയ്തത്.
കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ രാജ്യത്തിന്റെ സമ്പത്ത് മുസ്ലീങ്ങൾക്ക് വീതിച്ച് നൽകുമെന്ന പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് എതിരായിട്ടായിരുന്നു ഉസ്മാന്റെ പ്രസ്താവന. ഒരു മുസ്ലീമായതിനാൽ പ്രധാനമന്ത്രി പറഞ്ഞതിൽ നിരാശയുണ്ടെന്നും ബിജെപിക്ക് വേണ്ടി താൻ മുസ്ലീങ്ങളുടെ അടുത്ത് വോട്ട് തേടുമ്പോൾ സമുദായത്തിലെ ജനങ്ങൾ തന്നോട് മറുപടി ചോദിക്കാറുണ്ടെന്നും ഒരു മാധ്യമത്തോടായിരുന്നു ഉസ്മാൻ ഗനിയുടെ പ്രസ്താവന.
'നേരത്തെ, അവർ (കോൺഗ്രസ്) അധികാരത്തിലിരുന്നപ്പോൾ, രാഷ്ട്രത്തിന്റെ സമ്പത്തിന്റെ ആദ്യ അവകാശം മുസ്ലീങ്ങൾക്കാണെന്ന് പറഞ്ഞിരുന്നു. അതിനർഥം അവർ ഈ സമ്പത്ത് കൂടുതൽ കുട്ടികളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും വിതരണം ചെയ്യുമെന്നാണ്. നിങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ചതാണോ? നുഴഞ്ഞുകയറ്റക്കാർക്ക് പണം നൽകണോ?' എന്നായിരുന്നു മോദി നടത്തിയ പ്രസ്താവന.
പാർട്ടിയിൽ നിന്ന് ആറ് വർഷത്തേക്ക് ഗനിയെ പുറത്താക്കുന്നതായി ബിജെപിയുടെ അച്ചടക്ക സമിതി അധ്യക്ഷൻ ഓങ്കാർ സിംഗ് ലഖാവത്ത് പറഞ്ഞു. മാധ്യമങ്ങൾ വഴി ബിജെപിയുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണ് നടന്നതെന്ന് ലഖാവത്ത് പറഞ്ഞിരുന്നു.
നിലവിൽ ഉസ്മാൻ ഗനി പോലീസ് കസ്റ്റഡിയിൽ ഉള്ളതായി ബിക്കാനീർ പോലീസ് വ്യക്തമാക്കി. സിആർപിസി സെക്ഷൻ 151 പ്രകാരം ഉസ്മാനെതിരെ കേസ് എടുത്തതായി പോലീസ് വ്യക്തമാക്കി.
അതേസമയം പാർട്ടിക്കെതിരെ സംസാരിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും ബിജെപിക്കെതിരെ തെറ്റായി സംസാരിച്ചതിനാലാണ് നടപടിയെടുത്തതെന്നും ബിജെപിയുടെ ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് ഹമീദ് ഖാൻ മേവതി പറഞ്ഞു.