കൈക്കൂലി കേസിൽ ഒളിവിൽ പോയ ബിജെപി എംഎൽഎയ്ക്ക് മുൻ‌കൂർ ജാമ്യം; കാണ്മാനില്ലെന്ന് നോട്ടീസ് പതിച്ച് കോൺഗ്രസ്

കൈക്കൂലി കേസിൽ ഒളിവിൽ പോയ ബിജെപി എംഎൽഎയ്ക്ക് മുൻ‌കൂർ ജാമ്യം; കാണ്മാനില്ലെന്ന് നോട്ടീസ് പതിച്ച് കോൺഗ്രസ്

കേസിൽ ഒന്നാം പ്രതിയായ ബിജെപി എംഎൽഎ മദാൽ വിരുപക്ഷപ്പക്കാണ് മുൻ‌കൂർ ജാമ്യമനുവദിച്ചത്
Updated on
1 min read

കർണാടക ലോകായുക്ത രജിസ്റ്റർ ചെയ്ത കൈക്കൂലി കേസിൽ ഒന്നാം പ്രതിയായ ബിജെപി എംഎൽഎ മദാൽ വിരുപക്ഷപ്പയ്ക്ക് മുൻ‌കൂർ ജാമ്യം. കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ഒളിവിൽ പോയ എംഎൽഎയ്ക്ക് കർണാടക ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപ കെട്ടിവയ്ക്കണം, 48 മണിക്കൂറിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകൾ. കർണാടക സോപ്പ്സ് ആൻഡ് ഡിറ്റർജെന്റ്സ് ലിമിറ്റഡ് എം ഡി ആയിരുന്ന വിരുപക്ഷപ്പ സോപ്പ് നിർമിക്കാനുള്ള സാമഗ്രികൾ ലഭ്യമാകാൻ 40 ശതമാനം കമ്മീഷൻ കരാറുകാരനോട് കൈപ്പറ്റി എന്നതാണ് കേസ്. വിരുപക്ഷപ്പയ്ക്ക് വേണ്ടി കൈക്കൂലി തുകയുടെ ആദ്യ ഗഡുവായ 40 ലക്ഷം രൂപ കൈപ്പറ്റിയതിന് മകൻ പ്രശാന്ത് മദാൽ ഐഎഎസ് നേരത്തെ അറസ്റ്റിൽ ആയിരുന്നു.

കർണാടക സോപ്പ്സ് ആൻഡ് ഡിറ്റർജെന്റ്സ് ലിമിറ്റഡ് എംഡി ആയിരുന്ന വിരുപക്ഷപ്പ സോപ്പ് നിർമിക്കാനുള്ള സാമഗ്രികൾ ലഭ്യമാകാൻ 40 ശതമാനം കമ്മീഷൻ കരാറുകാരനോട് കൈപറ്റി എന്നതാണ് കേസ്

ബെംഗളൂരു കെമിക്കൽ കോർപറേഷൻ എന്ന കമ്പനിയുടെ ഉടമകളിൽ ഒരാളായ ശ്രേയസ് കാശ്യപാണ് കേസിൽ പരാതിക്കാരൻ. ഇദ്ദേഹത്തിൽ നിന്ന് 81 ലക്ഷം രൂപയായിരുന്നു എംഎൽഎയും മകനും കൈക്കൂലി ആയി ആവശ്യപ്പെട്ടത്. ആദ്യ ഗഡു കൈമാറിയപ്പോഴായിരുന്നു ലോകായുക്തയിൽ പരാതി എത്തിയതും പരിശോധനയിൽ എംഎൽഎയുടെ മകൻ കുടുങ്ങിയതും. പ്രശാന്ത് മഡാലിൻെറ വീട്ടിലും ഓഫീസിലുമായി നടത്തിയ പരിശോധനയിൽ 8.12 കോടി രൂപ ലോകായുക്ത കണ്ടെടുത്തിരുന്നു. തുടർന്ന് മുഖ്യമന്ത്രി ബൊമ്മെയുടെ നിർദേശപ്രകാരം കർണാടക സോപ്പ്സ് ആൻഡ് ഡിറ്റർജന്റ് ലിമിറ്റഡ് ചെയർമാൻ സ്ഥാനം എംഎൽഎ രാജിവച്ചു.

കോണ്‍ഗ്രസ് പതിച്ച നോട്ടീസ്
കോണ്‍ഗ്രസ് പതിച്ച നോട്ടീസ്

കർണാടകയിലെ ബസവരാജ്‌ ബൊമ്മെ സർക്കാർ ' 40 ശതമാനം കമ്മീഷൻ സർക്കാർ ' ആണെന്ന ആരോപണം നിലനിൽക്കെ ആയിരുന്നു ബിജെപി എംഎൽഎ തന്നെ പ്രതിയായ കൈക്കൂലി കേസ്. തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നതാണ് ലോകായുക്ത രജിസ്റ്റർ ചെയ്ത കേസ്. പ്രതിപക്ഷം, മുഖ്യ തിരഞ്ഞെടുപ്പ് വിഷയമായി ഉയർത്തിക്കാട്ടാൻ പോകുകയാണ് ബിജെപി സർക്കാരിന്റെ അഴിമതി ഭരണവും കമ്മീഷൻ വ്യവസ്ഥയും. അതേസമയം, മുൻ‌കൂർ ജാമ്യത്തിന് അപേക്ഷ നൽകി ഒളിവിൽ പോയ എംഎൽഎയെ കാണ്മാനില്ലെന്ന് കോൺഗ്രസ് നോട്ടീസ് പതിച്ചിരുന്നു. വിരുപക്ഷപ്പയുടെ മണ്ഡലമായ ചന്നഗിരിയിൽ പൊതു ഇടങ്ങളിൽ നോട്ടീസുകള്‍ പതിച്ച കോൺഗ്രസ്, നോട്ടീസിൽ കാണുന്ന ആളെ കാണുകയാണെങ്കിൽ പോലീസിനെ വിവരമറിയിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.

logo
The Fourth
www.thefourthnews.in