വിദ്വേഷ പരാമർശത്തിൽ പ്രഗ്യാ സിങ്ങിനെതിരെ കേസ്; ബിജെപി എംപിക്കെതിരെ നിയമനടപടിക്ക്  കോൺഗ്രസ്

വിദ്വേഷ പരാമർശത്തിൽ പ്രഗ്യാ സിങ്ങിനെതിരെ കേസ്; ബിജെപി എംപിക്കെതിരെ നിയമനടപടിക്ക് കോൺഗ്രസ്

ശിവമോഗയില്‍ നടന്ന ഹിന്ദു ജാഗരണ വേദികെയുടെ ദക്ഷിണ മേഖല വാര്‍ഷിക കണ്‍വെന്‍ഷനില്‍ സംസാരിക്കവേയായിരുന്നു വിവാദപരാമര്‍ശം
Updated on
1 min read

വിദ്വേഷ പരാമർശത്തിൽ ബിജെപി എംപി പ്രഗ്യ സിങ് ഠാക്കൂറിനെതിരേ കേസെടുത്തു. ഹിന്ദുക്കൾ കൈയിൽ കത്തികരുതണമെന്ന പരാമർശത്തിലാണ് വിവാദങ്ങൾക്കൊടുവിൽ പോലീസ് കേസെടുത്തത്. മുസ്ലീങ്ങളെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പരാമർശനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. ബിജെപി എംപിക്കെതിരെ കർണാടക പോലീസ് കേസെടുക്കാത്തതിൽ കോൺഗ്രസ് അടക്കം രംഗത്തെത്തിയിരുന്നു. അതേസമയം വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്.

ശിവമോഗയില്‍ നടന്ന ഹിന്ദു ജാഗരണ വേദികെയുടെ ദക്ഷിണ മേഖല വാര്‍ഷിക കണ്‍വെന്‍ഷനില്‍ സംസാരിക്കവേയായിരുന്നു ഭോപ്പാലിൽ നിന്നുള്ള ബിജെപി എംപിയായ പ്രഗ്യാസിങ് ഠാക്കൂറിന്റെ പരാമർശം. ജിഹാദ് നടത്തുക മുസ്ലീം പാരമ്പര്യമാണെന്നും ഒന്നും നടത്താനിയില്ലെങ്കിൽ ലൌ ജിഹാദ് എങ്കിലും അവർ നടത്തുമെന്നും പ്രഗ്യാ സിങ് പറഞ്ഞു.

'സ്വയം സംരക്ഷിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ഹിന്ദുക്കള്‍ നിങ്ങളുടെ വീടുകളില്‍ ആയുധങ്ങള്‍ സൂക്ഷിക്കുക. ഒന്നുമില്ലെങ്കിലും പച്ചക്കറികള്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന കത്തികളെങ്കിലും മൂര്‍ച്ചയോടെ സൂക്ഷിക്കുക. എപ്പോള്‍ എന്ത് സാഹചര്യമുണ്ടാകുമെന്ന് അറിയില്ല. സ്വയരക്ഷയ്ക്ക് എല്ലാവര്‍ക്കും അവകാശമുണ്ട്. ലൗ ജിഹാദില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അതേ രീതിയില്‍ ഉത്തരം നല്‍കുക. നിങ്ങളുടെ പെണ്‍കുട്ടികളെ സംരക്ഷിക്കുക, ശരിയായ മൂല്യങ്ങള്‍ പഠിപ്പിക്കുക' - പ്രഗ്യാ സിങിന്റെ വിദ്വേഷ പ്രസംഗം ഇങ്ങനെ നീളുന്നു.

വിഭാഗീയതയുണ്ടാക്കുന്ന പരാമർശം നടത്തിയിട്ടും കേസെടുക്കാൻ കർണാടക സർക്കാർ തയ്യാറാകാത്തതാണ് നിയമനടപടി ആലോചിക്കാനുള്ള കോൺഗ്രസിന്റെ പ്രേരണ. പ്രഗ്യാ സിങ്ങിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വ്യക്തമാക്കി. വിദ്വേഷ പരാമർശത്തിന്റെ വ്യക്തമായ ഉദാഹരണമാണ് ബിജെപി എംപിയുടേതെന്നും ജയറാം രമേശ് പറഞ്ഞു. നിലവില്‍ ബിജെപി ഭരിക്കുന്ന കര്‍ണാടകയില്‍ അടുത്ത വര്‍ഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

logo
The Fourth
www.thefourthnews.in