ലഭിച്ചത് കോടികളുടെ ജലവൈദ്യുത കരാര്‍; പിന്നാലെ ഇലക്ടറൽ ബോണ്ട് വാങ്ങിക്കൂട്ടി ബിജെപി എംപിയുടെ സ്ഥാപനം

ലഭിച്ചത് കോടികളുടെ ജലവൈദ്യുത കരാര്‍; പിന്നാലെ ഇലക്ടറൽ ബോണ്ട് വാങ്ങിക്കൂട്ടി ബിജെപി എംപിയുടെ സ്ഥാപനം

രണ്ട് ആഴ്ചയ്ക്കകം അഞ്ചുകോടി രൂപ മൂല്യമുള്ള ഇലക്ടറൽ ബോണ്ടും തുടർന്ന് 40 കോടിയുടെ ബോണ്ടുകളും സ്ഥാപനം വാങ്ങിയതായാണ് കണ്ടെത്തൽ
Updated on
1 min read

കോടികളുടെ ജലവൈദ്യുത പദ്ധതി കരാർ ലഭിച്ചതിന് പിന്നാലെ ഇലക്ടറൽ ബോണ്ട് വാങ്ങി ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം. 2023 ജനുവരി 14-നാണ് ആന്ധ്ര പ്രദേശിൽനിന്നുള്ള രാജ്യസഭാ എംപി സി എം രമേശിന്റെ 'റിത്വിക് പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ്' കമ്പനിക്ക് ഹിമാചൽ പ്രദേശിലെ സുന്നി ജലവൈദ്യുത പദ്ധതിയുടെ നിർമാണ-സംഭരണ കരാർ ലഭിക്കുന്നത്. രണ്ട് ആഴ്ചയ്ക്കകം അഞ്ചുകോടി രൂപ മൂല്യമുള്ള ഇലക്ടറൽ ബോണ്ടും തുടർന്ന് 40 കോടിയുടെ ബോണ്ടുകളും സ്ഥാപനം വാങ്ങിയതായാണ് കണ്ടെത്തൽ.

1999 മാർച്ച് 31-ന് ഹൈദരാബാദിൽ സ്ഥാപിതമായ ഒരു സ്വകാര്യ സ്ഥാപനമാണ് റിത്വിക് പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് (ആർപിപിഎൽ). ഉത്തരാഖണ്ഡിലെ ജോഷിമഠിലെ തപോവൻ വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതിയുടെ കരാറും ആർപിപിഎല്ലിനാണ്. ജോഷിമഠിൽ ഭൂമി ഇടിഞ്ഞുതാഴാൻ കാരണമായ പദ്ധതികളിലൊന്നായി വിദഗ്ദർ വിലയിരുത്തുന്ന പദ്ധതി കൂടിയാണിത്.

ലഭിച്ചത് കോടികളുടെ ജലവൈദ്യുത കരാര്‍; പിന്നാലെ ഇലക്ടറൽ ബോണ്ട് വാങ്ങിക്കൂട്ടി ബിജെപി എംപിയുടെ സ്ഥാപനം
ഇലക്ടറൽ ബോണ്ട്: സാന്റിയാഗോ മാർട്ടിന്റെ കമ്പനി കൈമാറിയത് ലാഭവിഹിതത്തിന്റെ ആറിരട്ടി തുക

1098 കോടി രൂപയുടെ സുന്നി അണക്കെട്ട് പദ്ധതി ലഭിച്ച പിന്നാലെ, 2023 ജനുവരി 27നാണ് ഒരുകോടിയുടെ അഞ്ച് ബോണ്ടുകൾ ആർ പി പി എൽ വാങ്ങുന്നത്. തുടർന്ന് 2023 ഏപ്രിൽ പതിനൊന്നിന്, കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 40 കോടി രൂപയുടെ ബോണ്ടുകളും സ്ഥാപനം വാങ്ങികൂട്ടി.

ഹിമാചൽ പ്രദേശിലെ ഷിംല, മണ്ഡി ജില്ലകളിലൂടെ കടന്നുപോകുന്ന സത്‌ലജ് നദിയിലെ സുന്നി അണക്കെട്ട് പദ്ധതിയുടെ നിർമാണം ഏറെ വിവാദമായിരുന്നു. നാശനഷ്ടം സംഭവിച്ച ഗ്രാമങ്ങളിലെ പ്രദേശവാസികൾക്ക് അർഹിക്കുന്ന നഷ്ടപരിഹാര തുക നൽകിയില്ലെന്നും വാഗ്ദാനം ചെയ്ത തൊഴിൽ സാധ്യത ലഭിച്ചില്ലെന്നും ഉൾപ്പെടെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ഭൂമിനഷ്ടപ്പെട്ട ആയിരത്തിലധികം ഭൂവുടമകൾ 2023 ഡിസംബറിൽ പ്രതിഷേധം ശക്തമാക്കുകയും ആവശ്യം അംഗീകരിച്ചില്ലെങ്കിൽ രാജ്യവ്യാപക കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

ലഭിച്ചത് കോടികളുടെ ജലവൈദ്യുത കരാര്‍; പിന്നാലെ ഇലക്ടറൽ ബോണ്ട് വാങ്ങിക്കൂട്ടി ബിജെപി എംപിയുടെ സ്ഥാപനം
ഇലക്ടറൽ ബോണ്ട്: പട്ടികയിൽ വിവിധ ഏജൻസികളുടെ അന്വേഷണ നടപടികൾ നേരിട്ട മുൻനിര കമ്പനികളും, ബോണ്ട് വാങ്ങിയത് റെയ്ഡിന് പിന്നാലെ

2014, 2018 വർഷങ്ങളിലാണ് രമേശ് രാജ്യസഭയിലെത്തുന്നത്. തെലുഗു ദേശം പാർട്ടിയിൽനിന്നായിരുന്നു രമേശിന്റെ ബിജെപിയിലേക്കുള്ള കൂറുമാറ്റം. ടിഡിപി എംപിയായിരിക്കെ 2018 ഒക്ടോബറിൽ രമേശിന്റെ സ്ഥാപനത്തിൽ ആദായനികുതി, ഇ ഡി വകുപ്പുകൾ റെയ്ഡ് നടത്തിയിരുന്നു. ആർപിപിഎൽ 98 കോടിയുടെ അനധികൃത പണമിടപാട് നടത്തിയെന്ന് ആരോപിച്ചായിരുന്നു അന്വേഷണം. ഇതിനുപിന്നാലെയാണ് 2019ൽ രമേശ് ബിജെപിയിൽ ചേരുന്നത്.

ലഭിച്ചത് കോടികളുടെ ജലവൈദ്യുത കരാര്‍; പിന്നാലെ ഇലക്ടറൽ ബോണ്ട് വാങ്ങിക്കൂട്ടി ബിജെപി എംപിയുടെ സ്ഥാപനം
കേന്ദ്ര ഏജന്‍സികളുടെ റഡാറും, ഇലക്ടറല്‍ ബോണ്ട് വാങ്ങിയ കമ്പനികളും

രമേശിൻ്റെ കാലാവധി അടുത്ത മാസം അവസാനിക്കാനിരിക്കെ, വിശാഖപട്ടണത്തുനിന്ന് ലോക്സഭയിലേക്ക് മത്സരിക്കാനും പദ്ധതിയിടുന്നുണ്ട്. അദ്ദേഹത്തിനെതിരായ ആദായനികുതി കേസ് ഇപ്പോഴും നിലവിലുണ്ട്. കഴിഞ്ഞ വർഷം, അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസിൻ്റെ റിപ്പോർട്ടിൽ ആന്ധ്രാപ്രദേശിൽ ഏറ്റവും കൂടുതൽ സമ്പത്തുള്ള എംപിമാരിൽ അദ്ദേഹത്തിൻ്റെ പേരും പരാമർശിക്കപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in