പ്രതിപക്ഷ നേതാവാരെന്ന് തീരുമാനമായില്ല; കര്‍ണാടകയില്‍ നിരീക്ഷകരെ  ചുമതലപ്പെടുത്തി ദേശീയ നേതൃത്വം

പ്രതിപക്ഷ നേതാവാരെന്ന് തീരുമാനമായില്ല; കര്‍ണാടകയില്‍ നിരീക്ഷകരെ ചുമതലപ്പെടുത്തി ദേശീയ നേതൃത്വം

സമ്മേളനം തുടങ്ങിയിട്ടും പ്രതിപക്ഷ നേതാവില്ലാതെ കര്‍ണാടക നിയമസഭ
Updated on
1 min read

കര്‍ണാടക നിയമസഭയുടെ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാന്‍ നിരീക്ഷകരെ ചുമതലപ്പെടുത്തി ബിജെപി ദേശീയ നേതൃത്വം. പാര്‍ട്ടി കര്‍ണാടക ഘടകത്തില്‍ വിഭാഗീയത രൂക്ഷമായ സാഹചര്യത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍. പ്രതിപക്ഷ നേതൃപദവിയെ ചൊല്ലി തര്‍ക്കം രൂക്ഷമായതോടെ മുതിര്‍ന്ന നേതാവ് ബി എസ് യെദ്യൂരപ്പയെ ഹൈക്കമാന്‍ഡ് ഇന്നലെ ഡല്‍ഹിക്ക് വിളിപ്പിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ പേരാണ് യെദ്യൂരപ്പ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. എന്നാല്‍ ഔദ്യോഗികപക്ഷ നേതാക്കളായ നളിന്‍ കുമാര്‍ കാട്ടീല്‍, സി ടി രവി തുടങ്ങിയവര്‍ ഇതിനെ എതിര്‍ക്കുകയാണ്.

പ്രതിപക്ഷ നേതാവാരെന്ന് തീരുമാനമായില്ല; കര്‍ണാടകയില്‍ നിരീക്ഷകരെ  ചുമതലപ്പെടുത്തി ദേശീയ നേതൃത്വം
പ്രതിപക്ഷ നേതാവ് ആരാകും? കര്‍ണാടക ബിജെപിയില്‍ തര്‍ക്കം, യെദ്യൂരപ്പയെ ഡൽഹിക്ക് വിളിപ്പിച്ചു

പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കും മുന്‍പ് എം എല്‍ എമാര്‍ക്കിടയില്‍ ഹിതപരിശോധന നടത്തണമെന്നാണ് ഇവരുടെ ആവശ്യം. ഇത് പരിഗണിച്ചാണ് എം എല്‍ എമാരോട് അഭിപ്രായം ആരായാന്‍ ദേശീയ നേതൃത്വം നിരീക്ഷകരെ നിയോഗിച്ചിരിക്കുന്നത്. ദേശീയ നേതാക്കളായ വിനോദ് തനാവഡ്, മന്‍സുഖ് മാണ്ഡവിയ എന്നിവരാണ് നിരീക്ഷകരായി ബെംഗളൂരുവില്‍ എത്തുകയെന്ന് യെദ്യൂരപ്പ ഡല്‍ഹിയില്‍ മാധ്യമങ്ങളെ അറിയിച്ചു.

കര്‍ണാടകയില്‍ പുതുതായി അധികാരമേറ്റ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ആദ്യ നിയമസഭാ സമ്മേളനം ഇന്ന് ആരംഭിച്ചെങ്കിലും പ്രതിപക്ഷ ബെഞ്ചിനെ നയിക്കാന്‍ ബിജെപിക്ക് ആളില്ലാത്ത സാഹചര്യമാണ്. പ്രതിപക്ഷ നേതാവില്ലാതെ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധ സമരപരിപാടികള്‍ ആരംഭിക്കാന്‍ ബുദ്ധിമുട്ടുകയാണ് ബിജെപി. അഞ്ചു ഗ്യാരണ്ടികള്‍ നടപ്പിലാക്കുന്നതിലെ സര്‍ക്കാര്‍ അലംഭാവം ചൂണ്ടിക്കാട്ടി സമരം പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപി.

logo
The Fourth
www.thefourthnews.in