സ്വാതന്ത്ര്യ സമരത്തിലെ  പങ്കാളിത്തം; ഖാര്‍ഗെയുടെ പരാമര്‍ശത്തെ ചൊല്ലി സഭയില്‍ വാക്പോര്

സ്വാതന്ത്ര്യ സമരത്തിലെ പങ്കാളിത്തം; ഖാര്‍ഗെയുടെ പരാമര്‍ശത്തെ ചൊല്ലി സഭയില്‍ വാക്പോര്

നിന്ദ്യമായ പരാമര്‍ശത്തില്‍ ഖാര്‍ഗെ മാപ്പ് പറയണമെന്ന് ബിജെപി
Updated on
1 min read

കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാജസ്ഥാനില്‍ നടത്തിയ പരാമര്‍ശത്തെ ചൊല്ലി രാജ്യസഭയില്‍ ഏറ്റുമുട്ടി ഭരണപക്ഷവും പ്രതിപക്ഷവും. ബിജെപിക്കെതിരായ നിന്ദ്യമായ പരാമർശത്തിൽ ഖാർഗെ മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ സഭയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ സഭയ്ക്ക് പുറത്ത് പറഞ്ഞ കാര്യങ്ങളില്‍ അകത്ത്  പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന നിലപാടാണ് ഖാര്‍ഗെ സ്വീകരിച്ചത്.

രാജസ്ഥാനിലെ ആള്‍വാറില്‍ ഖാര്‍ഗെ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. സ്വാതന്ത്യ്രസമര പോരാട്ടത്തില്‍ ബിജെപിക്ക് ആരെയും നഷ്ടമായിട്ടില്ല, കോണ്‍ഗ്രസിന് നിരവധി പോരാളികളെ നഷ്ടമായെന്നുമായിരുന്നെന്നായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം. ഇതിനിടെ ഖാര്‍ഗെ നടത്തിയ പ്രയോഗമാണ് വിവാദത്തിന് കാരണം. ''കോണ്‍ഗ്രസ് രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്തു. രാജ്യത്തിനുവേണ്ടി ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ജീവന്‍ ബലികൊടുത്തു. രാജ്യത്തിനായി നിങ്ങളുടെ വീട്ടിലെ നായയുടെ എങ്കിലും ജീവന്‍ ബലികൊടുത്തിട്ടുണ്ടോ? ബിജെപി സ്വയം ദേശസ്നേഹികളാണെന്ന് അവകാശപ്പെടുന്നു. സര്‍ക്കാരിനെതിരെ സംസാരിക്കുന്നവരെ അവര്‍‍ രാജ്യദ്രോഹികളായി മുദ്ര കുത്തുന്നു'' - ഇതായിരുന്നു ഖാര്‍ഗെയുടെ വിവാദ പരാമര്‍ശം.

സിംഹത്തെപ്പോലെ അലറുന്നവർ ഇന്ത്യാ - ചൈന വിഷയത്തില്‍ എലിയെപ്പോലെ പെരുമാറുന്നെന്ന ഖാര്‍ഗെയുടെ പരാമര്‍ശവും ബിജെപി സഭയില്‍ ഉന്നയിച്ചു. ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പ്രസംഗത്തിലായിരുന്നു ഖാർഗെയുടെ സർക്കാരിനും പ്രധാനമന്ത്രിക്കുമെതിരായ പരിഹാസം.

നിന്ദ്യമായ പരാമര്‍ശത്തില്‍ മാപ്പ് പറയുന്നത് വരെ ഖാർഗെയ്ക്ക് സഭയിൽ ഇരിക്കാൻ അവകാശമില്ലെന്ന് പീയുഷ് ഗോയൽ കുറ്റപ്പെടുത്തി. എന്നാല്‍ പുറത്ത് പറഞ്ഞ കാര്യങ്ങള്‍ സഭയിൽ ആവർത്തിച്ചാൽ ബിജെപി നേതാക്കൾ വിഷമിക്കേണ്ടി വരുമെന്നായിരുന്നു ഖാർഗെയുടെ മറുപടി. ബിജെപിക്ക് സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ ഒരു പങ്കുമില്ലെന്നും കോണ്‍ഗ്രസാണ് രാജ്യത്തിനായി പോരാടിയതെന്നും  ഖാർഗെ സഭയിലും ആവർത്തിച്ചു. ലോക്സഭയിലും ഖാർഗെയുടെ പരാമർശം ചൂണ്ടിക്കാട്ടി ബിജെപി പ്രതിഷേധിച്ചു.

സ്മൃതി ഇറാനി  അമേഠിയിലെത്തുന്നത് നാട്യം കാണിക്കാനാണെന്ന കോൺഗ്രസ് നേതാവ് അജയ് റായിയുടെ പരാമർശവും ബിജെപി അംഗങ്ങൾ സഭയില്‍ ആയുധമാക്കി. അമേഠിയിലെ ഫാക്ടറികൾ അടച്ചുപൂട്ടലിന്റെ  വക്കിലായിരിക്കുമ്പോഴും ഇതൊന്നും ശ്രദ്ധിക്കാതെ സ്മൃതി ഇറാനി അമേഠിയിൽ നാട്യങ്ങൾ കാണിക്കാനാണ് എത്തുന്നത് എന്നായിരുന്നു അജയ് റായിയുടെ പരാമര്‍ശം.

logo
The Fourth
www.thefourthnews.in