ഹിമാചൽപ്രദേശില്‍ ഏക സിവിൽ കോഡ് നടപ്പാക്കും; ബിജെപി പ്രകടന പത്രിക

ഹിമാചൽപ്രദേശില്‍ ഏക സിവിൽ കോഡ് നടപ്പാക്കും; ബിജെപി പ്രകടന പത്രിക

നവംബര്‍ 12നാണ് ഹിമാചലിൽ നിയമസഭാ തിരഞ്ഞെടുപ്പ്
Updated on
1 min read

ഹിമാചൽ പ്രദേശിലും ഏക സിവിൽ കോഡ് പ്രചാരണ ആയുധമാക്കി ബിജെപി. ഇന്ന് പുറത്തിറക്കിയ പ്രകടന പത്രികയിലാണ് ഭരണത്തിലേറിയാൽ സംസ്ഥാനത്ത് ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന വാഗ്ദാനം മുന്നോട്ട് വെയ്ക്കുന്നത്.

ഹിമാചൽ പ്രദേശിലെ വോട്ടെടുപ്പിന് മുന്നോടിയായി 11 വാഗ്ദാനങ്ങളടങ്ങിയ പ്രകടന പത്രികയാണ് ബിജെപി പുറത്തിറക്കിയിരിക്കുന്നത്. സംസ്ഥാനത്തെ വഖഫ് സ്വത്തുക്കളുടെ സർവേ നടത്തുമെന്നാണ് പ്രകടന പത്രികയിലെ മറ്റൊരു പ്രധാന പ്രഖ്യാപനം. ബിസിനസ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് 900 കോടിയുടെ കോർപ്പസ് ഫണ്ട്, സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്ത്രീകൾക്ക് 33% സംവരണ എന്നിവയാണ് മറ്റ് പ്രധാന വാഗ്ദാനങ്ങൾ.

അഞ്ച് വർഷത്തിനുള്ളിൽ എട്ട് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന ഉറപ്പാണ് പ്രകടന പത്രികയിലെ മറ്റൊരു ആകർഷണം. സംസ്ഥാനത്തിന്റെ പ്രധാന വിളയായ ആപ്പിളിന്റെ പാക്കേജിംഗിൽ ചരക്ക് സേവന നികുതിയും ജിഎസ്ടിയും 18 ശതമാനത്തിൽ നിന്ന് 12 ആയി കുറയ്ക്കുമെന്നും പത്രികയിൽ പറയുന്നു.

ആറ് മുതൽ 12 വരെ ക്ലാസുകളിലെ പെൺകുട്ടികൾക്ക് സൈക്കിളുകൾ, കോളേജ് പെൺകുട്ടികൾക്ക് സ്കൂട്ടര്‍ എന്നീ സൗജന്യ വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് സൗജന്യ വാഗ്ദാനങ്ങൾ നൽകി രംഗത്ത് വരുന്നതിനെ ബിജെപി എതിർത്തിരുന്നു.

ഈ മാസം 12നാണ് ഹിമാചല്‍ നിയമസഭാ തിരഞ്ഞെടുപ്പ്. 68 അംഗ ഹിമാചൽ പ്രദേശ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഫലം ഡിസംബർ എട്ടിനാണ്. ഗുജറാത്തിൽ പുറത്തെടുത്ത അതെ അടവ് തന്നെയാണ് ബിജെപി ഹിമാചലിലും പ്രയോഗിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഹിന്ദു ഭൂരിപക്ഷ വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാനുള്ള പ്രഹസനമാണ് ബിജെപിയുടേതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

logo
The Fourth
www.thefourthnews.in