സ്ഥാനാർഥികളായി കേന്ദ്രമന്ത്രിമാരും; മധ്യപ്രദേശില്‍ രണ്ടാം സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി
മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക പ്രസിദ്ധീകരിച്ച് ബിജെപി. കേന്ദ്ര മന്ത്രിമാരുള്‍പ്പെട്ട 39 സ്ഥാനാർത്ഥികളുടെ പട്ടികയാണ് ബിജെപി പുറത്തിറക്കിയത്. നരേന്ദ്ര സിംഗ് തോമർ, പ്രഹ്ലാദ് സിംഗ് പട്ടേൽ, ഫഗ്ഗൻ സിംഗ് കുലസ്‌തെ എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ച കേന്ദ്രമന്ത്രിമാര്‍. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനായി കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ ബിജെപി ഒന്നാം ഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു.
കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമർ ദിമാനിയിൽ നിന്നും പ്രഹ്ലാദ് സിംഗ് പട്ടേൽ (ഭക്ഷ്യ സംസ്കരണ വ്യവസായം, ജലശക്തി) നർസിംഗ്പൂർ നിയോജക മണ്ഡലത്തിൽ നിന്നും ജനവിധി തേടും. കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി ഫഗ്ഗൻ സിംഗ് കുലസ്‌തെ നിവാസ് മണ്ഡലത്തിൽ മത്സരിക്കും. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗി ഇൻഡോർ-1 സീറ്റിൽ നിന്ന് മത്സരിക്കുമെന്നും പട്ടികയിൽ വ്യക്തമാക്കുന്നു.
എംപിമാരായ ഉദയ് പ്രതാപ് സിംഗ്, റിതി പഥക്, ഗണേഷ് സിംഗ് എന്നിവരും രണ്ടാം പട്ടികയിലെ ഭാഗമാണ്, അവർ യഥാക്രമം ഗദർവാര, സിധി, സത്‌ന എന്നിവിടങ്ങളിൽ നിന്ന് മത്സരിക്കും. ഭോപ്പാലിൽ ബിജെപി പ്രവർത്തകരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് പുതിയ പട്ടിക പ്രഖ്യാപിച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് നഷ്ടമായ സീറ്റുകളെക്കുറിച്ച് ചർച്ച ചെയ്യാൻ ഈ മാസം ആദ്യം പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഉന്നതതല യോഗം ചേർന്നിരുന്നു. ബിജെപി അധ്യക്ഷൻ ജെപി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ, ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ, സംസ്ഥാന ബിജെപി അധ്യക്ഷൻ വി ഡി ശർമ, സംസ്ഥാന സംഘടനാ സെക്രട്ടറി ഹിതാനന്ദ് ശർമ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തിരുന്നത്.
230 നിയമസഭാ സീറ്റുകളുള്ള മധ്യപ്രദേശിൽ ഈ വർഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഛത്തീസ്ഗഢ്, രാജസ്ഥാൻ, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും നവംബർ, ഡിസംബർ മാസങ്ങളിലാണ് നടക്കുക. രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസും മധ്യപ്രദേശിൽ ബിജെപിയുമാണ് നിലവിൽ അധികാരത്തിലുള്ളത്. തെലങ്കാനയിൽ ബിആർഎസും മിസോറാമിൽ മിസോ നാഷണൽ ഫ്രണ്ടുമാണ് ഭരണത്തിൽ. 2024 വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കാനിരിക്കുന്ന അവസാന തിരഞ്ഞെടുപ്പുകളെന്ന നിലയിൽ ഇവ നിർണ്ണായകമാണ്.