മത ന്യൂനപക്ഷങ്ങളുടെ നിര്‍ണയം; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കിടെ ഭിന്നത, നിലവിലെ രീതി തുടരണമെന്ന് കേരളം

മത ന്യൂനപക്ഷങ്ങളുടെ നിര്‍ണയം; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കിടെ ഭിന്നത, നിലവിലെ രീതി തുടരണമെന്ന് കേരളം

ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ ദേശീയതലത്തില്‍ ന്യൂനപക്ഷ മതവിഭാഗങ്ങളെ നിര്‍ണയിക്കുന്നതിനെ അനുകൂലിച്ചു. അതേസമയം, അസം, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ എതിര്‍പ്പ് അറിയിച്ചു
Updated on
2 min read

ന്യൂനപക്ഷ മതവിഭാഗങ്ങളെ നിര്‍ണയിക്കുന്നതിനും, വിജ്ഞാപനം ചെയ്യുന്നതിനുമുള്ള നടപടിക്രമങ്ങളില്‍ നിലപാട് അറിയിച്ച് സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും. ദേശീയതലത്തില്‍ മതന്യൂനപക്ഷങ്ങളെ നിര്‍ണയിക്കുന്നതില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കിടെ ഭിന്നാഭിപ്രായമാണുള്ളത്. ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ ദേശീയതലത്തില്‍ ന്യൂനപക്ഷ മതവിഭാഗങ്ങളെ നിര്‍ണയിക്കുന്നതിനെ അനുകൂലിക്കുന്നു. അതേസമയം, അസം, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ എതിര്‍പ്പ് അറിയിച്ചു. 2002ലെ ടിഎംഎ പൈ കേസില്‍ സുപ്രീംകോടതി നിര്‍ദേശിച്ചതുപോലെ ന്യൂനപക്ഷ സമുദായങ്ങളെ വേര്‍തിരിക്കുന്നത് സംസ്ഥാന തലത്തില്‍ ആയിരിക്കണമെന്നാണ് എതിര്‍പ്പുന്നയിച്ച സംസ്ഥാനങ്ങളുടെ വാദം. നിലവിലെ രീതി തുടരണമെന്നാണ് കേരളം അറിയിച്ചിരിക്കുന്നത്. സുപ്രീം കോടതിയില്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അരുണാചല്‍ പ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളും ജമ്മു കശ്മീര്‍, ലക്ഷദ്വീപ് എന്നിങ്ങനെ കേന്ദ്രഭരണ പ്രദേശങ്ങളുമാണ് ഇതുവരെ അഭിപ്രായം അറിയിക്കാത്തത്.

ടിഎംഎ പൈ വിധി നടപ്പാക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ അശ്വിനി ഉപാധ്യായ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രം വിവിധ സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും കൂടിയാലോചന നടത്തിയിരുന്നു. തുടര്‍ന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 24 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും അഭിപ്രായം അറിയിച്ചിട്ടുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. അരുണാചല്‍ പ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളും ജമ്മു കശ്മീര്‍, ലക്ഷദ്വീപ് എന്നിങ്ങനെ കേന്ദ്രഭരണ പ്രദേശങ്ങളുമാണ് ഇതുവരെ അഭിപ്രായം അറിയിക്കാത്തത്. 'ന്യൂനപക്ഷ സമുദായങ്ങളെ നിര്‍ണയിക്കുന്നതിനുള്ള നിലവിലെ നടപടിക്രമത്തില്‍ സംതൃപ്തരാണ്' എന്നാണ് ഗുജറാത്ത് അഭിപ്രായപ്പെട്ടത്. 'നിലവിലുള്ള വ്യവസ്ഥകള്‍ പാലിക്കുമെന്ന അഭിപ്രായമാണ്' ഉള്ളതെന്ന് മധ്യപ്രദേശ് പറഞ്ഞു. കര്‍ണാടക സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് കേന്ദ്രം മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, സിഖ്, പാഴ്സി എന്നിവരെ ന്യൂനപക്ഷ വിഭാഗങ്ങളായി പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തില്‍ നിലവില സ്ഥിതി തുടരണമെന്നാണ് നിലപാടെന്ന് കര്‍ണാടക വ്യക്തമാക്കി.

സംസ്ഥാനം ആറ് സമുദായങ്ങളെ മതന്യൂനപക്ഷങ്ങളായി വിജ്ഞാപനം ചെയ്തിട്ടുണ്ടെന്നും മറാത്തി ഭാഷ സംസാരിക്കാത്തവരെ ഭാഷാ ന്യൂനപക്ഷങ്ങളായി കണക്കാക്കുമെന്നുമാണ് ബിജെപി ശിവസേനയുമായി സഖ്യത്തിലേര്‍പ്പെട്ടിരിക്കുന്ന മഹാരാഷ്ട്ര പറഞ്ഞത്. ശേഷിക്കുന്ന ന്യൂനപക്ഷങ്ങളെ തിരിച്ചറിയാനും വിജ്ഞാപനം ചെയ്യാനുമുള്ള അധികാരം കേന്ദ്രത്തിനാണ്. കേന്ദ്ര സര്‍ക്കാരിന് സെന്‍സസ് ഡാറ്റ ഉപയോഗിക്കാനും സംസ്ഥാനങ്ങളുടെ കൂടിയാലോചനയോടെ ബന്ധപ്പെട്ട സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായങ്ങളെ പ്രഖ്യാപിക്കാനുമാകുമെന്ന് മഹാരാഷ്ട്ര വ്യക്തമാക്കി. ന്യൂനപക്ഷത്തെ നിര്‍ണയിക്കേണ്ടത് സംസ്ഥാനങ്ങളായിരിക്കണം എന്നതാണ് മണിപ്പൂരിന്റെ നിലപാട്. സംസ്ഥാന ജനസംഖ്യയുടെ 50 ശതമാനത്തില്‍ താഴെയുള്ള ഏത് മതവിഭാഗത്തെയും സംസ്ഥാനത്തെ മത ന്യൂനപക്ഷ ഗ്രൂപ്പായി അംഗീകരിക്കണമെന്നാണ് മണിപ്പൂരിന്റെ പക്ഷം. 2012ല്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ആക്ട് നടപ്പാക്കുകയും 2013 ഏപ്രിലില്‍ ജൈനരെ ന്യൂനപക്ഷമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നതായാണ് പഞ്ചാബ് അറിയിച്ചത്.

2005ലെ ബാല്‍ പാട്ടീല്‍ കേസില്‍, മതത്തിന്റെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷ പദവിക്ക് വേണ്ടിയുള്ള ആവശ്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രതികൂല പ്രത്യാഘാതങ്ങളെക്കുറിച്ച് മൂന്നംഗ ബെഞ്ച് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന മുഖവുരയോടെയാണ് തമിഴ്‌നാട് നിലപാട് വ്യക്തമാക്കിയത്. ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത്, സംസ്ഥാനത്തെ ജനസംഖ്യയെ മാത്രം അടിസ്ഥാനമാക്കി മതന്യൂനപക്ഷ പദവി നല്‍കാന്‍ കഴിയില്ല. യാഥാര്‍ഥ്യങ്ങള്‍ക്കൊപ്പം സാധ്യത പോലുള്ള ഘടകങ്ങളും കണക്കിലെടുക്കണം. മതപരവും സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങളും അവരുടെ സാമൂഹിക, സാമ്പത്തിക നിലയും പരിഗണിക്കണമെന്നും തമിഴ്‌നാട് വ്യക്തമാക്കി.

ബിജെപി ഭരിക്കുന്ന ഗോവയും ത്രിപുരയും മറുപടി നല്‍കിയെങ്കിലും കൃത്യമായ ഉത്തരം നല്‍കിയിട്ടില്ല.

ബിജെപി ഭരിക്കുന്ന ഗോവയും ത്രിപുരയും മറുപടി നല്‍കിയെങ്കിലും കൃത്യമായ ഉത്തരം നല്‍കിയിട്ടില്ല. ദേശീയ തലസ്ഥാനത്ത് താമസിക്കുന്ന യഹൂദമതത്തിന്റെയും ബഹായിസത്തിന്റെയും അനുയായികള്‍ മതന്യൂനപക്ഷങ്ങളാണെന്നും അവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷ പദവി നല്‍കിയാല്‍ എതിര്‍ക്കില്ലെന്നും ഡല്‍ഹി അറിയിച്ചു. അതേസമയം, ഡല്‍ഹിയിലെ ഹിന്ദുമത അനുയായികള്‍ മതന്യൂനപക്ഷമല്ല. എന്നാല്‍ എവിടെനിന്ന് എത്തി എന്നത് കണക്കിലെടുത്ത് സംസ്ഥാനത്തെ മതന്യൂനപക്ഷമായ ഹിന്ദുമത അനുയായികള്‍ക്ക് മൈഗ്രേറ്റഡ് മൈനോരിറ്റി പദവി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയേക്കാമെന്നും ഡല്‍ഹി പറയുന്നു.

ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന്‍ 2004, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിയമം 1992 എന്നിവ പ്രകാരമുള്ള നിലവിലുള്ള വ്യവസ്ഥകള്‍ തുടരുന്നതിനെ അനുകൂലിക്കുന്നുവെന്നാണ് കേരളം അറിയിച്ചത്. ന്യൂനപക്ഷ നിര്‍ണയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് വരെ ഈ രീതി തുടരണം എന്നതാണ് കേരളത്തിന്റെ നിലപാട്. ദേശീയ തലത്തില്‍ ന്യൂനപക്ഷങ്ങളെ നിര്‍ണയിക്കുന്നതിനെയാണ് ഹിമാചല്‍ പ്രദേശ് അനുകൂലിച്ചത്. അതേസമയം, വൈഎസ്ആര്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ആന്ധ്രാപ്രദേശ് സംസ്ഥാന തലത്തില്‍ മതന്യൂനപക്ഷങ്ങളെ നിര്‍ണയിക്കുന്നതിനെയാണ് പിന്തുണച്ചത്. കേന്ദ്രത്തിന്റെ നിലപാടിനൊപ്പം നില്‍ക്കുമെന്നാണ് പുതുച്ചേരി അറിയിച്ചത്.

2004ലെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന്‍ നിയമത്തിന്റെ 2 (എഫ്) പ്രകാരം കേന്ദ്ര സര്‍ക്കാരാണ് മത ന്യൂനപക്ഷ വിഭാഗങ്ങളെ നിര്‍ണയിച്ച് വിജ്ഞാപനം ഇറക്കേണ്ടത്.

സംസ്ഥാനത്ത് ന്യൂനപക്ഷ കമ്മീഷന്‍ ആക്ട് 1996 ഉണ്ടായിരുന്നെന്നാണ് പശ്ചിമബംഗാള്‍ അറിയിച്ചത്. അതനുസരിച്ച് ഹിന്ദി, ഉറുദു, നേപ്പാളി, ഒഡിയ, സന്താലി, ഗുരുമുഖി എന്നിവ സംസാരിക്കുന്നവരെ ഭാഷാ ന്യൂനപക്ഷങ്ങളായും മുസ്ലീങ്ങള്‍, സിഖുകാര്‍, ക്രിസ്ത്യാനികള്‍, ബുദ്ധമതക്കാര്‍, പാഴ്സികള്‍, ജൈനര്‍ എന്നിവര്‍ മതന്യൂനപക്ഷങ്ങളായും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു സമുദായത്തെ ന്യൂനപക്ഷമായി പ്രഖ്യാപിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിലോ കേന്ദ്ര ഭരണ പ്രദേശങ്ങളിലോ നിക്ഷിപ്തമായിരിക്കണമെന്നും പശ്ചിമബംഗാള്‍ കൂട്ടിച്ചേര്‍ക്കുന്നു. കേന്ദ്രം വിജ്ഞാപനം ചെയ്ത ആറ് സമുദായങ്ങളും സംസ്ഥാനത്ത് ന്യൂനപക്ഷമാണെന്നും അവരെ ഒഴിവാക്കുന്നതിന് ന്യായീകരണമില്ലെന്നുമാണ് ഒഡിഷ അറിയിച്ചത്.

2004ലെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന്‍ നിയമത്തിന്റെ 2 (എഫ്) പ്രകാരം കേന്ദ്ര സര്‍ക്കാരാണ് മത ന്യൂനപക്ഷ വിഭാഗങ്ങളെ നിര്‍ണയിച്ച് വിജ്ഞാപനം ഇറക്കേണ്ടത്. അതനുസരിച്ച് മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാര്‍സി, ജെയിന്‍ മത വിഭാഗങ്ങളെ ന്യൂനപക്ഷ മത വിഭാഗങ്ങളായി കേന്ദ്രം വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. എന്നാല്‍ 2002ല്‍ ടിഎംഎ പൈ കേസില്‍ സുപ്രീം കോടതിയുടെ പതിനൊന്നംഗ ഭരണഘടനാ ബെഞ്ച് സംസ്ഥാന അടിസ്ഥാനത്തിലാണ് മത, ഭാഷ ന്യൂനപക്ഷങ്ങളെ നിര്‍ണയിക്കേണ്ടത് എന്ന് വിധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ബിജെപി നേതാവ് അശ്വിനി ഉപാധ്യായ ആണ് സുപ്രീം കോടതിയെ സമീപിച്ചത്.

logo
The Fourth
www.thefourthnews.in