അമിത് ഷാ
അമിത് ഷാ

'കലാപകാരികളെ ബിജെപി സര്‍ക്കാര്‍ പാഠം പഠിപ്പിച്ചു, സമാധാനം പുന:സ്ഥാപിച്ചു': ഗോധ്ര കലാപം ഓര്‍മിപ്പിച്ച് അമിത് ഷാ

ഗുജറാത്തില്‍ സമാധാനം സ്ഥാപിക്കുന്നതിനെക്കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ലെന്നും അമിത് ഷാ പറഞ്ഞു.
Updated on
1 min read

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഗോധ്ര കലാപത്തെ ഓര്‍മിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2002ലെ കലാപകാരികളെ ബിജെപി സര്‍ക്കാര്‍ പാഠം പഠിപ്പിച്ചു. സംസ്ഥാനത്ത് സമാധാന അന്തരീക്ഷം സൃഷ്ടിച്ചു. ബിജെപി അധികാരത്തില്‍ വരുന്നതിനു മുന്‍പ് കോണ്‍ഗ്രസ് സര്‍ക്കാര്‍ അക്രമങ്ങള്‍ക്കും കലാപങ്ങള്‍ക്കും പ്രോത്സാഹനം നല്‍കിയിരുന്നതായും അമിത് ഷാ പറഞ്ഞു. ഗുജറാത്തിലെ ഖേദ ജില്ലയിലെ മഹുതാ ഗ്രാമത്തില്‍ നടന്ന പ്രചരണ പരിപാടിയ്ക്കിടെയായിരുന്നു അമിത് ഷായുടെ പരാമര്‍ശം.

ഗുജറാത്തില്‍ സമാധാനം സ്ഥാപിക്കുന്നതിനെക്കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ലെന്ന് അമിത് ഷാ പറഞ്ഞു. ഗുജറാത്തിലെ കോണ്‍ഗ്രസ് ഭരണകാലത്ത് കാലാപങ്ങള്‍ പതിവായിരുന്നു. വിവിധ സമുദായങ്ങളിലും ജാതികളിലും പെട്ട ആളുകളെ പരസ്പരം പോരടിക്കാന്‍ കോണ്‍ഗ്രസ് പ്രേരിപ്പിച്ചിരുന്നു. ഇത്തരം കലാപങ്ങളിലൂടെ വോട്ട് ബാങ്ക് ശക്തിപ്പെടുത്തിയ കോണ്‍ഗ്രസ് സമൂഹത്തിലെ വലിയൊരു വിഭാഗത്തോട് അനീതി കാണിച്ചു. 2002ല്‍ മോദി സര്‍ക്കാരിന്റെ ഭരണകാലയളവിലും ചില സാമൂഹ്യ വിരുദ്ധര്‍ കലാപങ്ങള്‍ക്ക് ശ്രമിച്ചു. അതിന് കാരണം കോണ്‍ഗ്രസില്‍ നിന്ന് ലഭിച്ച പിന്തുണയായിരുന്നു. എന്നാല്‍, ബിജെപി സര്‍ക്കാര്‍ അവരെ പാഠം പഠിപ്പിച്ചു. വര്‍ഗീയ കലാപം അഴിച്ചുവിടുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് ഗുജറാത്തില്‍ ബിജെപി സമാധാനം പുന:സ്ഥാപിച്ചു. ബിജെപി ഗുജറാത്തിനെ വര്‍ഗീയ കലാപത്തിന്റെ തീയില്‍ നിന്ന് രക്ഷിക്കുകയും വികസനത്തിന്റെ പാതയിലേക്ക് നയിക്കുകയും ചെയ്തു -അമിത് ഷാ പറഞ്ഞു.

2002ലെ നരോദ പാട്യ കൂട്ടക്കൊലക്കേസിലെ പ്രതി, ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുന്ന മനോജ് കുക്രാനിയുടെ മകള്‍ ബിജെപി സ്ഥാനാര്‍ത്ഥി പായല്‍ കുക്രാനിക്ക് വേണ്ടി നടത്തുന്ന പ്രചാരണ പരിപാടിയ്ക്കിടേയായിരുന്നു അമിത് ഷാ യുടെ പരാമര്‍ശം. 2002ല്‍ കലാപകാരികളെ ബിജെപി പാഠം പഠിപ്പിച്ചു, ഗുജറാത്തില്‍ സമാധാനം പു:നസ്ഥാപിച്ചവെന്നും അമിത് ഷാ പറഞ്ഞു.

2002ലെ നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുന്ന മനോജ് കുക്രാനിയുടെ മകളും ബിജെപി സ്ഥാനാര്‍ഥിയുമായ പായല്‍ കുക്രാനിക്ക് വേണ്ടിയുള്ള പ്രചാരണ പരിപാടിയിലാണ് അമിത് ഷാ പങ്കെടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രാതിനിധ്യം ഉറപ്പിക്കാനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളിലാണ് ബിജെപി. അമിത്ഷായുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് സംസ്ഥാന തലം മുതല്‍ ബൂത്ത് തലം വരെയുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍. 27 വര്‍ഷമായി ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍, ഏറെ കാലത്തിന് ശേഷം ഇത്തവണ ത്രികോണമത്സരത്തിനാണ് അരങ്ങൊരുങ്ങിയിരിക്കുന്നത്. ബിജെപി കോണ്‍ഗ്രസ് മത്സരത്തിലേക്ക് ആം ആദ്മി പാര്‍ട്ടി കൂടി എത്തുന്നതോടെ പ്രചാരണം ഊര്‍ജിതമാക്കുകയാണ് ബിജെപി.

logo
The Fourth
www.thefourthnews.in