രാഹുലിനെ പ്രതിരോധിക്കാന്‍ ബിജെപി; സ്പീക്കര്‍ക്ക് നോട്ടിസ്, തകര്‍ത്തടിച്ച് അഖിലേഷും

രാഹുലിനെ പ്രതിരോധിക്കാന്‍ ബിജെപി; സ്പീക്കര്‍ക്ക് നോട്ടിസ്, തകര്‍ത്തടിച്ച് അഖിലേഷും

രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന് എതിരെ പ്രതിഷേധം കടുപ്പിച്ച് ഭരണപക്ഷം
Updated on
2 min read

ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് ഭരണപക്ഷം. രാഹുലിന്റെ പ്രസംഗത്തിനെതിരെ ബിജെപി എംപി ബാംസുരി സ്വരാജ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി. രാഹുല്‍ ഗാന്ധി ബോധപൂര്‍വം തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ചട്ടം 115 പ്രകാരമാണ് ബാംസുരി നോട്ടീസ് നല്‍കിയിരിക്കുന്നത്.

അഗ്‌നിവീര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി മനഃപൂര്‍വം വസ്തുതാവിരുദ്ധമായ പ്രസ്താവന നടത്തിയെന്ന് ബാംസുരി സ്വരാജ് നോട്ടിസില്‍ ആരോപിച്ചു. കര്‍ഷകരെയും മിനിമം താങ്ങുവിലയെയും (എംഎസ്‌പി) കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ 'കൃത്യതയില്ലാത്തതും അടിസ്ഥാനരഹിതവുമാണെന്നും അവര്‍ നോട്ടിസില്‍ ആരോപിച്ചു.

അന്തരിച്ച ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുഷമ സ്വരാജിന്റെ മകളാണ് ന്യൂ ഡല്‍ഹിയില്‍നിന്നുള്ള എംപിയായ ബാംസുരി. രാഹുല്‍ ഗാന്ധി നടത്തി പ്രസ്താവന വസ്തുതയ്ക്ക് വിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണ്. അതിനാല്‍ ചട്ടം 115 പ്രകാരം ഉചിതമായ നടപടികള്‍ ആരംഭിക്കേണ്ടതാണെന്ന് നോട്ടീസില്‍ ബാംസുരി പറയുന്നു. രാഹുല്‍ ഗാന്ധി ബോധപൂര്‍വം കൃത്യവിലോപം നടത്തിയതാണെന്നും അവര്‍ ആരോപിച്ചു.

രാഹുലിനെ പ്രതിരോധിക്കാന്‍ ബിജെപി; സ്പീക്കര്‍ക്ക് നോട്ടിസ്, തകര്‍ത്തടിച്ച് അഖിലേഷും
മോദിയും അമിത് ഷായും എതിർത്തു; രാഹുലിന്റെ ഹിന്ദു-ബിജെപി-ആർ എസ് എസ് പരാമർശങ്ങൾ സഭാ രേഖകളിൽനിന്ന് നീക്കി

അതേസമയം, രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് ഇന്ന് വൈകിട്ട് നാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നല്‍കും. മോദിയുടെ പ്രസംഗത്തിന് മുന്നോടിയായി, ബിജെപിയുടെ ലോക്‌സഭ കക്ഷിയോഗം ഇന്ന് നടന്നു. മോദിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍, പ്രതിപക്ഷത്തിന്റെ കടന്നാക്രമണം ചെറുക്കാന്‍ തീരുമാനിച്ചതായാണ് വിവരം. രാഹുലിന്റെ ആരോപണങ്ങള്‍ക്ക് നരേന്ദ്ര മോദി ഈ പ്രസംഗത്തില്‍ മറുപടി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, സര്‍ക്കാരിനെതിരായ പ്രതിപക്ഷ വിമര്‍ശനം ഇന്നും തുടര്‍ന്നു. എസ്‌പി അധ്യക്ഷന്‍ അഖിലേഷ് യാദവ് നരേന്ദ്ര മോദിയെ കടന്നാക്രമിച്ചു. കവിതകള്‍ ഉദ്ധരിച്ചായിരുന്നു അഖിലേഷിന്റെ വിമര്‍ശനം. ജാതി സെന്‍സസ് നടപ്പാക്കണമെന്നായിരുന്നു അഖിലേഷിന്റെ പ്രധാന ആവശ്യം. ജാതി സെന്‍സസ് നടപ്പാക്കാതെ സാമൂഹികനീതി പൂര്‍ണമായി നടപ്പാക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അയോധ്യ രാമക്ഷേത്രം സ്ഥിതിചെയ്യുന്ന ഫൈസാബാദ് മണ്ഡത്തിലെ എസ്‌പി സ്ഥാനാര്‍ഥിയുടെ വിജയവും അദ്ദേഹം സഭയില്‍ എടുത്തുപറഞ്ഞു. ഫൈസാബാദിലെ അവധേശ് പ്രസാദിന്റെ വിജയം ഇന്ത്യയിലെ പക്വതയുള്ള വോട്ടര്‍മാരുടെ വിജയമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

തന്റെ പാര്‍ട്ടി യുപിയില്‍ എണ്‍പതില്‍ എണ്‍പത് സീറ്റ് നേടിയാലും താന്‍ വോട്ടിങ് മെഷീനുകള്‍ക്കെതിരെ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളില്‍ ഉറച്ചുനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. അഗ്നിവീര്‍ പദ്ധതിയിലൂടെ ബിജെപി രാജ്യത്തെ യുവാക്കളെ വഞ്ചിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇന്ത്യ സഖ്യം അധികാരത്തില്‍ വന്നാല്‍ പദ്ധതി പിന്‍വലിക്കുമെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു.

രാഹുലിനെ പ്രതിരോധിക്കാന്‍ ബിജെപി; സ്പീക്കര്‍ക്ക് നോട്ടിസ്, തകര്‍ത്തടിച്ച് അഖിലേഷും
'സത്യത്തെ മോദിയുടെ ലോകത്ത് മാത്രമേ ഇല്ലാതാക്കാൻ കഴിയൂ'; സഭാ രേഖകളിൽനിന്ന് പരാമർശങ്ങൾ നീക്കിയതിനെതിരെ പരാതി നൽകി രാഹുൽ

പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തനെതിരെ പുറത്തും പ്രതിഷേധം തീര്‍ക്കാനാണ് ബിജെപി ശ്രമം. രജസ്ഥാന്‍ മുഖ്യമന്ത്രി മോഹന്‍ യാദവ് അടക്കമുള്ളവര്‍ ഇന്ന് രാഹുലിന്റെ പ്രസംഗത്തിനെതിരെ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. നുണകള്‍ കൊണ്ട് പ്രസംഗം നടത്തിയ രാഹുല്‍ ഗാന്ധി ഹിന്ദുക്കളെ അപമാനിച്ചെന്ന് അദ്ദേഹം ആരോപിച്ചു. ''പാര്‍ലമെന്റില്‍ വെച്ച് രാഹുല്‍ ഗാന്ധി ഹിന്ദുക്കളെ അക്രമികളും വിദ്വേഷികളും എന്ന് വിളിച്ചു. അദ്ദേഹം നുണ പറയുക മാത്രമല്ല, ഹിന്ദുക്കളെ അപമാനിക്കുകയും ചെയ്യുന്നു. പ്രതിപക്ഷ നേതാവെന്ന നിലയില്‍ രാഹുല്‍ ഗാന്ധിയുടെ ആദ്യ പ്രസംഗം നുണകളും അടിസ്ഥാനരഹിതമായ പ്രസ്താവനകളുമാണ്,'' അദ്ദേഹം പറഞ്ഞു.

'ഹിന്ദു' പരാമശവും അതിനെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ബിജെപി-ആര്‍എസ്എസ് ഉള്‍പ്പെടെയുള്ളവരുടെ സമീപനങ്ങളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് രാഹുലിന്റെ പ്രസംഗത്തില്‍നിന്ന് ഒഴിവാക്കിയത്. ഹിന്ദുമതം ഭയവും വിദ്വേഷവും അസത്യവും പ്രചരിപ്പിക്കാനുള്ളതല്ലെന്ന് പറഞ്ഞ രാഹുല്‍, ഹിന്ദു മൂല്യങ്ങളെ ബിജെപി തെറ്റായി വ്യാഖ്യാനിക്കുന്നതിനെയും വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ ബിജെപി വന്‍ പ്രതിഷേധവും ഉയര്‍ത്തിയിരുന്നു.

logo
The Fourth
www.thefourthnews.in