'ബിജെപി ഭീഷണിപ്പെടുത്തി വശത്താക്കാന്‍ ശ്രമിക്കുന്നു, ഡിഎംകെയുടെ പോരാട്ട ചരിത്രം മറക്കരുത് '; മുന്നറിയിപ്പുമായി സ്റ്റാലിൻ
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തമിഴ്നാട് വൈദ്യുതി - എക്സൈസ് വകുപ്പ് മന്ത്രി സെന്തില്‍ ബാലാജിക്ക് എതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിക്ക് പിന്നില്‍ ബിജെപിയുടെ രാഷ്ട്രീയ നീക്കമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. സാമുഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സ്റ്റാലിന്‍ ബിജെപിയെ കടന്നാക്രമിച്ച് രംഗത്തെത്തിയത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എല്ലാം മുന്‍നിര നേതാക്കളെ ലക്ഷ്യമിട്ട് കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുകയാണ്. എതിരാളികളെ ഭയപ്പെടുത്തി പാളയത്തിലെത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാല്‍ ഡിഎംകെ ഭീഷണികള്‍ക്ക് വഴങ്ങില്ലെന്നും തമിഴ്നാട് മുഖ്യമന്ത്രി വ്യക്തമാക്കി.
ബിജെപിയുടെ നീക്കങ്ങള്‍ക്ക് ശക്തമായി തിരിച്ചടി നല്‍കും. ഡിഎംകെയുടെ പോരാട്ടവീര്യം ചരിത്രം പരിശോധിച്ചാല്‍ മനസിലാക്കാം. നിങ്ങള്‍ നല്‍കുന്ന അടികള്‍ക്ക് മറുപടിയായി തങ്ങള്‍ രംഗത്തിറങ്ങിയാല്‍ അതിനെ തടയാന്‍ ബിജെപിക്ക് കഴിയാതെ വരുമെന്നും സ്റ്റാലിന്‍ പത്ത് മിനിറ്റ് നീണ്ട വീഡിയോയില്‍ ചൂണ്ടിക്കാട്ടുന്നു.
സെന്തില്‍ ബാലാജിക്ക് എതിരായ ആരോപണങ്ങളെ പൂര്‍ണമായും തള്ളുന്ന സ്റ്റാലിന്‍ പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ആരോപണങ്ങളുടെ പേരില്‍ 18 മണിക്കൂര്‍ തടങ്കലില്‍ വച്ച് മാനസിക ശാരീരിക പീഡനങ്ങള്‍ക്ക് വിധേയനാക്കി രാഷ്ട്രീയ വിരോധം തീര്‍ക്കുകയാണ് എന്നും ആരോപിച്ചു. മന്ത്രിക്കെതിരായ നിയമ നടപടികള്‍ സ്വീകരിക്കുന്നത് തെറ്റാണെന്ന നിലപാടില്ല. പക്ഷേ, അദ്ദേഹം ഓടിയൊളിക്കുന്ന ഒരാളല്ല, ഒരു ജനപ്രതിനിധിയാണ്, മന്ത്രിയാണ് അദ്ദേഹത്തെ തീവ്രവാദിയെ പോലെ തടങ്കലില്‍ വച്ച് ചോദ്യം ചെയ്യേണ്ട ആവശ്യം എന്തായിരുന്നു എന്നും സ്റ്റാലിന്‍ ചോദിച്ചു.
'സെന്തില്‍ ബാലാജി ഒരു ജനപ്രതിനിധിയാണ്, മന്ത്രിയാണ് അദ്ദേഹത്തെ തീവ്രവാദിയെ പോലെ തടങ്കലില്‍ വച്ച് ചോദ്യം ചെയ്യേണ്ട ആവശ്യം എന്തായിരുന്നു. ലളിതമായി പറഞ്ഞാല്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുകയാണ്. ജനങ്ങളെ അഭിമുഖീകരിച്ച് രാഷ്ട്രീയം നടത്താന്‍ ബിജെപിയോ, ബിജെപിയെ സ്വീകരിക്കാന്‍ ജനങ്ങളോ തയ്യാറല്ല. ജനങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയാല്‍ അല്ലാതെ ജനമനസുകളില്‍ ഇടം പിടിക്കാനാവില്ലെന്ന് ബിജെപി തിരിച്ചറിയണം. ബിജെപിയുടെ രാഷ്ട്രീയം ജനവിരുദ്ധമാണ്'- അദ്ദേഹം കുറ്റപ്പെടുത്തി.
അന്വേഷണ ഏജന്‍സികളെ മുന്നില്‍ നിര്‍ത്തി തങ്ങള്‍ക്ക് വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തുന്നതാണ് ബിജെപിയുടെ രാഷ്ട്രീയം. രാജ്യത്ത് ആകെ ഇതേ നടപടിയാണ് ചെയ്യുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എല്ലാം മുന്‍നിര നേതാക്കളെ ലക്ഷ്യമിട്ട് കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുകയാണ്. കര്‍ണാടക മുതല്‍ ഡല്‍ഹി വരെ ഇതിന് ഉദാഹരണമാണെന്നും എം കെ സ്റ്റാലിന്‍ നേതാക്കളുടെ പേരെടുത്ത് പറഞ്ഞ് ആരോപിച്ചു. റെയ്ഡ് മാത്രമാണ് നടക്കുന്നത്, മറ്റ് നടപടികള്‍ ഉണ്ടാകുന്നില്ല. ബിജെപിയും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സിബിഐ, ഇഡി, ആദായ നികുതി വകുപ്പുകള്‍ത്ത് അനക്കമില്ല.
ഭരണത്തിന് വേണ്ടിയല്ല, ആശയത്തിന് വേണ്ടിയാണ് ഡിഎംകെയുടെ രാഷ്ട്രീയം
എഐഎഡിഎംകെയെ പോലെ അടിമകളല്ല ഡിഎംകെ. ഭീഷണികള്‍ക്ക് ഡിഎംകെ വഴങ്ങില്ല. തങ്ങള്‍ക്ക് എതിരായ നീക്കങ്ങള്‍ക്ക് തക്ക പ്രതികരണം ലഭിക്കും. ചുവരില്‍ പതിച്ച പന്ത് തിരികെ വന്ന് നെറ്റിയില്‍ കൊള്ളും പോലെയായിരിക്കും പ്രതികരണം. കരുണാനിധിയാണ് തങ്ങളെ നയിച്ചത്. അതിനാല്‍ ഭയപ്പെടുത്താന്‍ മുതിരരുത്. തങ്ങള്‍ തിരിച്ചടിച്ചാല്‍ ആഘാതം താങ്ങാന്‍ ബിജെപിക്ക് കഴിയില്ല.
ഭരണത്തിന് വേണ്ടിയല്ല, ആശയത്തിന് വേണ്ടിയാണ് ഡിഎംകെയുടെ രാഷ്ട്രീയം. ബിജെപിയോട് നേരിട്ട് ഏറ്റുമുട്ടാന്‍ തയ്യാറാണ്. ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചാല്‍ മുട്ടിലിഴയില്ല. പ്രതികാര രാഷ്ട്രീയം നിര്‍ത്താന്‍ തയ്യാറാകണം, ഇത് ഭീഷണിയല്ല, മുന്നറിയിപ്പാണ്. 2024 ലെ തിരഞ്ഞെടുപ്പില്‍ നമ്മള്‍ ഇവരെ നേരിടും, അപ്പോള്‍ മറുപടി നല്‍കുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കുന്നു.
അതിനിടെ, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ ദിവസം ഇ ഡി അറസ്റ്റ് ചെയ്ത തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയുടെ റിമാൻഡ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ചെന്നൈയിലെ പ്രിൻസിപ്പിൾ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി എസ് അല്ലി തള്ളി. മന്ത്രി ജുഡീഷ്യൽ കസ്റ്റഡിയിൽ ആയതിനാൽ അപേക്ഷ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ബാലാജിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഇ ഡി സമർപ്പിച്ച ഹർജിയും ഡിഎംകെ സമർപ്പിച്ച ജാമ്യാപേക്ഷയും കോടതി ഇന്ന് തന്നെ പരിഗണിക്കും.
അതേസമയം, ബാലാജിയുടെ ഭാര്യ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഇന്ന് പരിഗണിക്കണമെന്ന മുതിർന്ന അഭിഭാഷകൻ എൻആർ ഇളങ്കോയുടെ ആവശ്യം ജസ്റ്റിസ് നിഷ ബാനുവും ജസ്റ്റിസ് ഭരത ചക്രവർത്തിയും അടങ്ങുന്ന ഹൈക്കോടതി ബെഞ്ച് അംഗീകരിച്ചു.