കോണ്‍ഗ്രസ് കള്ളക്കേസില്‍ കുടുക്കുന്നു; പ്രവര്‍ത്തകര്‍ക്കായി ടോള്‍ ഫ്രീ നമ്പറുമായി ബിജെപി
കര്‍ണാടകയില്‍ ഭരണം മാറിയതോടെ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കള്ളക്കേസുകള്‍ എടുക്കുന്നുവെന്ന് യുവമോര്‍ച്ച അധ്യക്ഷന്‍ തേജസ്വി സൂര്യ എംപി. സംസ്ഥാനത്തുടനീളം പോലീസ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയാണ്. കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ചതിന്റെ പേരിലാണ് മിക്ക പ്രവര്‍ത്തകര്‍ക്കുമെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നതെന്ന് തേജസ്വി സൂര്യ ചൂണ്ടിക്കാട്ടി.
കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതോടെ സാധാരണക്കാരായ പല പ്രവര്‍ത്തകരുടെയും ജീവിതം വഴി മുട്ടുകയാണ്. അവരെ സഹായിക്കുന്നതിനായി ബിജെപി ടോള്‍ ഫ്രീ നമ്പര്‍ തുടങ്ങുകയാണെന്നും അദ്ദേഹം ബെംഗളുരുവില്‍ പറഞ്ഞു. 1800-3091907 എന്ന ടോള്‍ ഫ്രീ ഹെല്പ് ലൈന്‍ നമ്പറാണ് ഇതിനായി ബിജെപി സജ്ജീകരിച്ചിരിക്കുന്നത്. കര്‍ണാടകയിലുടനീളമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇതുവഴി നിയമ സഹായം ലഭ്യമാക്കും. കേസിന്റെ വിശദാംശങ്ങള്‍ കേള്‍ക്കുന്നതിനായി നൂറിലധികം അഭിഭാഷകരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. 24 മണിക്കൂറും സഹായലൈന്‍ പ്രവര്‍ത്തിക്കുമെന്നും തേജസ്വി സൂര്യ അറിയിച്ചു.
അധികാരത്തിന്റെ ലഹരി തലയ്ക്കു പിടിച്ച കോണ്‍ഗ്രസിന് വൈകാതെ തിരിച്ചടി ലഭിക്കും. എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും നിയമ സഹായലൈനിന്റെ സഹായം പ്രയോജനപ്പെടുത്തണമെന്നും കോണ്‍ഗ്രസിന്റെ അനീതി ഭരണത്തിനെതിരെ ഭയരഹിതമായി പോരാടണമെന്നും എംപി അഭ്യര്‍ത്ഥിച്ചു.
വിദ്വേഷ പ്രസംഗം, മതസ്പര്‍ദ്ധ വളര്‍ത്തല്‍, സദാചാര ഗുണ്ടായിസം തുടങ്ങിയവ ഇനി കര്‍ണാടകയില്‍ വച്ച് പൊറുപ്പിക്കില്ലെന്ന് സിദ്ധരാമയ്യ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ പോലീസ് ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി ആരംഭിക്കുകയായിരുന്നു. നിരവധിപേരെ ഇതിനോടകം കര്‍ണാടക പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.