ബിജെപിക്ക് തുണയായത് പ്രതിപക്ഷ നിരയിലെ ഭിന്നത; 44 മണ്ഡലങ്ങളിലെ ഭൂരിപക്ഷം 1000 ത്തിൽ താഴെ വോട്ടുകൾ

ബിജെപിക്ക് തുണയായത് പ്രതിപക്ഷ നിരയിലെ ഭിന്നത; 44 മണ്ഡലങ്ങളിലെ ഭൂരിപക്ഷം 1000 ത്തിൽ താഴെ വോട്ടുകൾ

ത്രിപുരയിലെ പത്തോളം സീറ്റുകളിൽ സിപിഎം-കോൺഗ്രസ് സഖ്യവും തിപ്ര മോത പാർട്ടിയും ഒന്നിച്ചിരുന്നുവെങ്കിൽ ബിജെപിയെ പരാജയപെടുത്താമായിരുന്നു
Updated on
2 min read

പ്രതിപക്ഷ ചേരിയിലെ ഭിന്നത വടക്കു കിഴക്കൻ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് സഹായകരമായെന്ന് വ്യക്തമാക്കുന്നതായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍. ബിജെപി വിരുദ്ധ ചേരിയിലുള്ള പാർട്ടികൾ ഒരുമിച്ചിരിന്നുവെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നില്ലേ എന്നാണ് വിലയിരുത്തലുകള്‍. കണക്കുകളും വിരല്‍ ചൂണ്ടുന്നത് അതിലേക്കാണ്. ത്രിപുരയും മേഘാലയും നാഗാലാൻഡും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ 44-ഓളം സീറ്റുകളിൽ ബിജെപി 1000 ത്തിൽ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കൂടാതെ പല മണ്ഡലങ്ങളിലും ബിജെപിയുടെ ഭൂരിപക്ഷത്തേക്കാൾ കൂടുതൽ വോട്ടുകൾ മൂന്നാം സ്ഥാനത്തെത്തിയ പാർട്ടികൾക്ക് ലഭിച്ചിരുന്നു.

ത്രിപുര

ത്രിപുരയിലെ പത്തോളം സീറ്റുകളിൽ സിപിഎം- കോൺഗ്രസ് സഖ്യവും തിപ്ര മോത പാർട്ടിയും ഒന്നിച്ചിരുന്നുവെങ്കിൽ ബിജെപിയെ പരാജയപ്പെടുത്താമായിരുന്നു. നിലവിൽ 32 സീറ്റുകളാണ് ബിജെപിക്കുള്ളത്. സിപിഎം- കോൺഗ്രസ് സഖ്യം തിപ്ര മോതയെ ഒപ്പം നിർത്തിയിരുന്നുവെങ്കിൽ, 60 സീറ്റുകളുള്ള ത്രിപുരയിൽ സഖ്യകക്ഷിയായ ഐപിഎഫ്ടിയെ കൂടെ നിർത്തിയാൽ പോലും സർക്കാർ രൂപീകരിക്കാൻ ബിജെപിക്ക് സാധിക്കില്ലായിരുന്നു.

സിപിഎം- കോൺഗ്രസ് സഖ്യം രണ്ടാം സ്ഥാനത്ത് എത്തിയ പല സീറ്റുകളിലും ബിജെപി ജയിച്ചത് ആയിരത്തിൽ താഴെ വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിലാണ്. ഈ മണ്ഡലങ്ങളിലെല്ലാം മൂന്നാം സ്ഥാനത്തുള്ള തിപ്ര മോതയ്ക്ക് ബിജെപിയുടെ ഭൂരിപക്ഷത്തേക്കാൾ അധികം വോട്ടും ലഭിച്ചിരുന്നു. ഉദാഹരണത്തിന് ജോലൈബാരി മണ്ഡലത്തിൽ ബിജെപിയുടെ സഖ്യകക്ഷിയായ ഐപിഎഫ്ടി, ഇടതു-കോൺഗ്രസ് സഖ്യ സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത് 500 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. അവിടെ തിപ്ര മോത സ്ഥാനാർത്ഥി നേടിയത് 8,500-ലധികം വോട്ടുകളാണ്. അമർപൂരിൽ ബിജെപിയുടെ രഞ്ജിത് ദാസ് 4500 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ്-ഇടതുപക്ഷ സ്ഥാനാർഥിയെ തോല്പിച്ചത്. ഇവിടെ തിപ്ര മോതയുടെ ആഷിറാം റിയാങ് 8,000 വോട്ടുകൾ നേടിയിരുന്നു.

2018ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലവുമായി താരതമ്യം ചെയ്യുമ്പോൾ ബിജെപിയുടെ സീറ്റ്, വോട്ട് ഷെയർ, ഭൂരിപക്ഷത്തിന്റെ ശരാശരി എന്നിവ ഇത്തവണ കുറവാണ്

2018 ൽ സിപിഎം കോട്ടകളായിരുന്ന ജോലൈബാരി, ചന്ദിപൂർ ഉൾപ്പെടെയുള്ള ഒൻപതോളം സീറ്റുകളിൽ തിപ്ര മോതയുമായി ഒന്നിച്ചിരുന്നുവെങ്കിൽ വിജയം ബിജെപിക്ക് ഉണ്ടാകുമായിരുന്നില്ല എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. തിപ്ര മോത രണ്ടാം സ്ഥാനത്തെത്തിയ പല മണ്ഡലങ്ങളിലും ബിജെപിക്ക് വിജയം നേടി കൊടുത്തതിൽ സിപിഎം- കോൺഗ്രസ് സഖ്യത്തിന്റെ സാന്നിധ്യം സഹായിച്ചിട്ടുണ്ട്.

2018ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലവുമായി താരതമ്യം ചെയ്യുമ്പോൾ ബിജെപിയുടെ സീറ്റ്, വോട്ട് ഷെയർ, ഭൂരിപക്ഷത്തിന്റെ ശരാശരി എന്നിവ ഇത്തവണ കുറവാണ്. 2018ൽ ശരാശരി 4,606 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ 36 സീറ്റുകൾ നേടിയ ബിജെപി 43.59 ശതമാനം വോട്ട് വിഹിതവും നേടിയിരുന്നു. എന്നാൽ 2023ൽ ബിജെപിക്ക് 32 സീറ്റുകൾ മാത്രമാണ് നേടാനായത്. കൂടാതെ ശരാശരി വിജയമാർജിൻ 3,458 വോട്ടുകളും വോട്ട് വിഹിതം 38.97 ശതമാനമായി കുറയുകയും ചെയ്തിരുന്നു.

നാഗാലാ‌ൻഡ്

നാഗാലാൻഡിൽ 19-ഓളം സീറ്റുകളിൽ ബിജെപിക്ക് 1000 ത്തിൽ താഴെ മാത്രമാണ് ഭൂരിപക്ഷം. പടിഞ്ഞാറൻ അംഗാമി മണ്ഡലത്തിൽ എൻ ഡി പി പി സ്ഥാനാർഥി, സ്വതന്ത്രനായ എതിർ സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത് കേവലം ഏഴു വോട്ടുകൾക്കാണ്. ഘസ്പാനി-1 മണ്ഡലത്തിലാണ് ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ ബിജെപി വിജയിച്ചത്. ബിജെപിയുടെ എൻ ജേക്കബ് ഷിമോമി സ്വതന്ത്രനായ വി പൂഷിക അയോമിയെ 20,096 വോട്ടുകൾക്കാണ് ഇവിടെ പരാജയപ്പെടുത്തിയത്.

നാഗാലാൻഡിൽ 19-ഓളം സീറ്റുകളിൽ ബിജെപിക്ക് 1000 ത്തിൽ താഴെ മാത്രമാണ് ഭൂരിപക്ഷം

മേഘാലയ

മേഘാലയയിൽ 15 സീറ്റുകളിൽ കോൺറാഡ് സാങ്മയുടെ പാർട്ടി വിജയിച്ചത് 1000 ത്തിൽ താഴെ വോട്ടുകൾക്കാണ്. രാജബല മണ്ഡലത്തിൽ തൃണമൂൽ സ്ഥാനാർഥിയെ പത്ത് വോട്ടിനാണ് എൻപിപി സ്ഥാനാർഥി തോല്പിച്ചത്.

logo
The Fourth
www.thefourthnews.in