തമിഴ്‌നാട്ടിലെ 'ചൈനീസ് പതാക' പരസ്യം: പോര് മൂര്‍ച്ഛിക്കുന്നു, സ്റ്റാലിന് ചൈനീസ് ഭാഷയില്‍ ജന്മദിനാശംസ നേര്‍ന്ന് ബിജെപി

തമിഴ്‌നാട്ടിലെ 'ചൈനീസ് പതാക' പരസ്യം: പോര് മൂര്‍ച്ഛിക്കുന്നു, സ്റ്റാലിന് ചൈനീസ് ഭാഷയില്‍ ജന്മദിനാശംസ നേര്‍ന്ന് ബിജെപി

ബഹിരാകാശ സാങ്കേതികവിദ്യയിലെ ഇന്ത്യയുടെ വിജയത്തെ ഡിഎംകെ അവഗണിക്കുകയാണെന്നും മാപ്പ് പറയണമെന്നും പ്രധാനമന്ത്രി മോദി ആരോപിച്ചതോടെ ബിജെപി വിഷയം ശക്തമായി ഏറ്റെടുക്കുകയായിരുന്നു
Updated on
1 min read

ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ (ഐഎസ്ആര്‍ഒ) പുതിയ വിക്ഷേപണ സമുച്ചയ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് 'ചൈനീസ് പതാക' ഉള്‍പ്പെട്ട പരസ്യത്തെച്ചൊല്ലി ഡിഎംകെ-ബിജെപി പോര് മുറുകുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ജന്മദിനമായ ഇന്ന് (മാര്‍ച്ച് 1) ചൈനയുടെ മന്ദാരിന്‍ ഭാഷയില്‍ ആശംസ നേര്‍ന്നിരിക്കുകയാണ് തമിഴ്‌നാട് ബിജെപി. പരിഹാസരൂപേണയാണ് ബിജെപിയുടെ ട്വീറ്റ്.

'തമിഴ്നാട് ബിജെപിയുടെ പേരില്‍, നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി എം കെ സ്റ്റാലിന് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഭാഷയില്‍ ജന്മദിനാശംസകള്‍ നേരുന്നു! അദ്ദേഹം ദീര്‍ഘായുസോടെയും ആരോഗ്യത്തോടെയും ജീവിക്കട്ടെ!'- ചൈനീസ് ഭാഷയില്‍ ജന്മദിന ആശംസ ഉള്‍പ്പെട്ട കാര്‍ഡും ചേര്‍ത്ത് ബിജെപി പോസ്റ്റ് ചെയ്തു.

തര്‍ക്കത്തിന് ആധാരമെന്ത്?

തൂത്തുക്കുടി ജില്ലയിലെ കുലശേഖരപട്ടണത്ത് ഐഎസ്ആര്‍ഒയുടെ വരാനിരിക്കുന്ന ബഹിരാകാശ ലോഞ്ച് പാഡുമായി ബന്ധപ്പെട്ട് തമിഴ്നാട്മന്ത്രി നല്‍കിയ പത്രപരസ്യത്തില്‍ ചൈനീസ് പതാക ഘടിപ്പിച്ച റോക്കറ്റ് ഉള്‍പ്പെട്ടതാണ് തര്‍ക്കത്തിന്റെ തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത സ്പേസ്പോര്‍ട്ടിന്റെ തറക്കല്ലിടല്‍ ചടങ്ങിന് മുന്നോടിയായാണ് ബുധനാഴ്ച എല്ലാപ്രമുഖ ദിനപത്രങ്ങളിലും പരസ്യം വന്നത്.

പരസ്യം നല്‍കിയ ഡിഎംകെ നേതാവും ഫിഷറീസ് മന്ത്രിയുമായ അനിത ആര്‍ രാധാകൃഷ്ണന്‍, ഇത് ഡിസൈനറുടെ തെറ്റാണെന്നും പാര്‍ട്ടിക്ക് മറ്റ് ലക്ഷ്യങ്ങളൊന്നുമില്ലെന്നും വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ബഹിരാകാശ സാങ്കേതികവിദ്യയിലെ ഇന്ത്യയുടെ വിജയത്തെ ഡിഎംകെ അവഗണിക്കുകയാണെന്നും മാപ്പ് പറയണമെന്നും പ്രധാനമന്ത്രി മോദി ആരോപിച്ചതോടെ ബിജെപി വിഷയം ശക്തമായി ഏറ്റെടുക്കുകയായിരുന്നു.

തിരുനെല്‍വേലിയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യവേ ആണ് പ്രധാനമന്ത്രി മോദി ഡിഎംകെയ്‌ക്കെതിരേ അതിരൂക്ഷമായി രംഗത്തെത്തിയത്. 'ഇപ്പോള്‍ അവര്‍ പരിധി മറികടന്നു. തമിഴ്നാട്ടിലെ ഐഎസ്ആര്‍ഒ ലോഞ്ച്പാഡിന്റെ ക്രെഡിറ്റ് എടുക്കാന്‍ ചൈനയുടെ സ്റ്റിക്കര്‍ ഒട്ടിച്ചു. ഇത് നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞര്‍ക്ക് അപമാനമാണ്- മോദി പറഞ്ഞു.

തമിഴ്‌നാട്ടിലെ 'ചൈനീസ് പതാക' പരസ്യം: പോര് മൂര്‍ച്ഛിക്കുന്നു, സ്റ്റാലിന് ചൈനീസ് ഭാഷയില്‍ ജന്മദിനാശംസ നേര്‍ന്ന് ബിജെപി
മഹാരാഷ്ട്രയില്‍ 'ഇന്ത്യ' റെഡി; 18 സീറ്റില്‍ കോണ്‍ഗ്രസ്, ശിവസേനയ്ക്ക് 20, ശരദ് പവാറിന്റെ എന്‍സിപിയ്ക്ക് 10

അതേസമയം, കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയിലെ ചൈനീസ് നുഴഞ്ഞുകയറ്റത്തിനെതിരെ പ്രധാനമന്ത്രി കണ്ണടച്ചുവെന്ന് ആരോപിച്ച് ഡിഎംകെ തിരിച്ചടിച്ചു. പത്രപരസ്യത്തിലെ ചെറിയ ചൈനീസ് പതാക പ്രധാനമന്ത്രിക്ക് കാണാന്‍ കഴിയും, എന്നിട്ടും കഴിഞ്ഞ 10 വര്‍ഷമായി ഇന്ത്യന്‍ പ്രദേശത്ത് ചൈനീസ് പതാക ഉയര്‍ത്തിയതിന്റെ റിപ്പോര്‍ട്ടുകള്‍ക്ക് നേരെ കണ്ണടച്ചിരിക്കുകയാണെന്നു ഡിഎംകെ എംപി പി വില്‍സണ്‍ ട്വീറ്റ് ചെയ്തു.

ചൈനീസ് പതാക വിഷയത്തില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രി സ്റ്റാലിന്റെ ജന്മദിനത്തില്‍ ചൈനീസ് ഭാഷയില്‍ ആശംസ അറിയിച്ച് ബിജപി രംഗത്തെത്തിയത്.

logo
The Fourth
www.thefourthnews.in