പാചകവാതക വിലവർധനവിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയില്ല; കേരളത്തിലെ രണ്ട് രൂപ ഇന്ധന സെസ് ജനവിരുദ്ധമെന്ന് ജാവദേക്കർ!
PRINT-130

പാചകവാതക വിലവർധനവിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയില്ല; കേരളത്തിലെ രണ്ട് രൂപ ഇന്ധന സെസ് ജനവിരുദ്ധമെന്ന് ജാവദേക്കർ!

ഈ ജനരോഷത്തില്‍ നിന്ന് എല്‍ഡിഎഫിന് രക്ഷപ്പെടാനാവില്ലെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു
Updated on
1 min read

പാചകവാതക സിലിണ്ടറിന്റെ വിലവര്‍ധനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയാന്‍ വിസമ്മതിച്ച് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കര്‍. മാധ്യമ പ്രവര്‍ത്തകരുടെ തുടരേയുള്ള ചോദ്യങ്ങള്‍ക്ക് പിന്നാലെ കേരളത്തിലെ സെസിനെ കുറിച്ചായിരുന്നു ജാവദേക്കറിന്‌റെ മറുപടി. എല്‍ഡിഎഫ് സര്‍ക്കാര്‍ ആ നീക്കത്തില്‍ നിന്ന പിന്‍മാറണമെന്നും അദ്ദേഹം പറഞ്ഞു.

ഗാര്‍ഹിക പാചകവാതക സിലിണ്ടറിന്‌റെയടക്കം വിലവര്‍ധന കടുത്ത പൊതുജനാമര്‍ഷത്തിന് കാരണമായ സാഹചര്യത്തിലാണ് ഇതു സംബന്ധിച്ച ചോദ്യം ഉന്നയിച്ചത്. എന്നാല്‍ പെട്രോള്‍- ഡീസല്‍ വില സംബന്ധിച്ചായിരുന്നു ജാവ്‌ദേക്കറിന്‌റെ മറുപടി. ''മോദി സര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറയ്ക്കുക വഴി പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയും കുറച്ചപ്പോള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വാറ്റ് നികുതി അഞ്ച് രൂപ മുതല്‍ ഒന്‍പത് വരെ കുറച്ചു. എന്നാല്‍ കേരളം രണ്ട് രൂപ സെസ് ഏര്‍പ്പെടുത്തുകയാണ് ചെയ്തത്. ഇത് സര്‍ക്കാരിന്റെ ജന വിരുദ്ധ നയമാണ്. ഇതിനെതിരെയാണ് ജനങ്ങള്‍ പ്രതിഷേധിക്കുന്നത്. ഈ ജനരോഷത്തില്‍ നിന്ന് എല്‍ഡിഎഫിന് രക്ഷപ്പെടാനാവില്ല''- പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

പ്രതിമാസ വില പുനര്‍നിര്‍ണയത്തിന്റെ ഭാഗമായി ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയും, വാണിജ്യ സിലിണ്ടറുകള്‍ക്ക് 351 രൂപയുമാണ് ഒറ്റയടിക്ക് കൂട്ടിയത്. ഇതോടെ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 2,124 രൂപ നല്‍കേണ്ടി വരും. നേരത്തെ 1,773 ആയിരുന്നു വാണിജ്യ സിലിണ്ടറിന്റെ വില. പുതിയ വില ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ഓരോ സംസ്ഥാനങ്ങളിലേയും നികുതി നിരക്ക് അനുസരിച്ച് എല്‍പിജി വിലയില്‍ മാറ്റമുണ്ടാകും. 2022 ജൂലൈയിലാണ് ഗാര്‍ഹിക സിലിണ്ടറിന് അവസാനമായി വില വര്‍ധിപ്പിച്ചത്. 2022 മെയ് മാസത്തില്‍ രണ്ട് തവണയും വില കൂട്ടിയിരുന്നു. യുക്രെയ്ന്‍ പ്രതിസന്ധിയും രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമായിരുന്നു വില വര്‍ധനയുടെ കാരണം.

logo
The Fourth
www.thefourthnews.in