ബോംബ് ഭീഷണി; മോസ്‌കോ - ഗോവ വിമാനം ഗുജറാത്തിലെ ജാംനഗറില്‍ ഇറക്കി, യാത്രികര്‍ സുരക്ഷിതര്‍
മോസ്‌കോയില്‍ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട വിമാനത്തിന് ബോംബ് ഭീഷണി. 236 യാത്രികരുമായി സഞ്ചരിച്ച വിമാനം ഭീഷണിയെ തുടര്‍ന്ന് ഗുജറാത്തിലെ ജാംനഗറിലെ വ്യോമസേന വിമാനത്താവളത്തില്‍ ഇറക്കി. യാത്രക്കാരെയെല്ലാം പുറത്തിറക്കി സുരക്ഷിത മേഖലയിലേക്ക് മാറ്റിയ വിമാനത്തില്‍ പരിശോധന തുടരുകയാണ്.
236 യാത്രികരുമായി സഞ്ചരിച്ച വിമാനം ജാംനഗറിലെ വ്യോമസേന വിമാനത്താവളത്തില്‍ ഇറക്കി
റഷ്യന്‍ വിമാനക്കമ്പനിയായ അസൂര്‍ എയറിന്റെ ചാര്‍ട്ടേര്‍ഡ് വിമാനമാണ് ഭീഷണിയെ തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയമാക്കിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ് എന്ന് റഷ്യന്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചു. വിമാനത്തില്‍ വിമാനത്തില്‍ പരിശോധന നടത്തുന്നു എന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.
ഗോവ എയര്‍ ട്രാഫിക് കണ്‍ട്രോളിനാണ് ബോംബ് ഭീഷണി സംബന്ധിച്ച വിവരം ലഭിച്ചത്. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ഇതോടെ വിമാനം ജാംനഗറിലേക്ക് വഴി തിരിച്ച് വിടുകയായിരുന്നു എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് വിമാനം ജാം നഗറില്‍ ഇറങ്ങിയത്.
യാത്രികരെയും, ജീവനക്കാരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ജാംനഗര്‍ ജില്ലാ കളക്ടറും വ്യക്തമാക്കി. 236 യാത്രികരും എട്ട് ജീവനക്കാരും ഉള്‍പ്പെടെ 244 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.