ഭീമാ കൊറേഗാവ് കേസ്: മഹേഷ് റൗത്തിന് അഞ്ചുവർഷത്തിനുശേഷം ജാമ്യം
ഭീമാ കൊറേഗാവ് കേസിൽ വിചാരണത്തടവിൽ കഴിയുന്ന ആക്ടിവിസ്റ്റ് മഹേഷ് റൗത്തിന് ജാമ്യമനുവദിച്ച് ബോംബെ ഹൈക്കോടതി. അഞ്ചുവർഷത്തിലേറെയായി തടവറയിൽ കഴിയുന്ന മഹേഷിന് ജസ്റ്റിസുമാരായ എഎസ് ഗഡ്കരി, ശർമിള ദേശ്മുഖ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
മഹേഷിനെതിരെ അന്വേഷണ ഏജൻസികൾ ചുമത്തിയിരിക്കുന്ന യുഎപിഎ വകുപ്പുകൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതല്ലെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. അതേസമയം, ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് എൻഐഎയുടെ അഭ്യർഥന മാനിച്ച് ഒരാഴ്ചത്തേക്ക് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
ഗോത്രവർഗങ്ങളുടെ അവകാശങ്ങൾക്കായി പ്രവർത്തിച്ചിരുന്ന മഹേഷ് റൗത്തിനെ 2018 ജൂൺ ആറിനാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യുന്നത്. അതിനുശേഷം ഒരിക്കൽ പോലും അദ്ദേഹത്തിന് ജാമ്യം ലഭിക്കുകയോ പുറത്തിറങ്ങുകയോ ചെയ്തിട്ടില്ല. മുതിർന്ന അഭിഭാഷകനായ മിഹിർ ദേശായിയാണ് മഹേഷിനുവേണ്ടി കോടതിയിൽ ഹാജരായത്.
മഹാരാഷ്ട്രയിലെ ഗഡ്‌ചിറോളി മേഖലയിലെ ആദിവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു ആക്ടിവിസ്റ്റാണ് മഹേഷേന്ന് മിഹിർ ദേശായി കോടതിയിൽ വാദിച്ചു. എൻഐഎ ആരോപിക്കുന്നതുപോലെ നിരോധിത സംഘടനായ സിപിഐ മാവോയിസ്റ്റുമായി ബന്ധമില്ല. പ്രധാനമന്ത്രിയുടെ ഫെല്ലോഷിപ്പ് ലഭിച്ച വ്യക്തിയാണ് അദ്ദേഹമെന്നും ദേശായി കോടതിയെ ബോധിപ്പിച്ചു.
എന്നാൽ, മഹേഷ് റൗത്ത് രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ ഗൂഢാലോചന നടത്തിയെന്നും ജാമ്യം നിരസിക്കണമെന്നുമായിരുന്നു എൻഐഎയുടെ വാദം. സിപിഐ മാവോയിസ്റ്റ് എന്ന സംഘടന മഹേഷ് റൗത്തിനും കേസിൽ കുറ്റാരോപിതരായ സുരേന്ദ്ര ഗാഡ്‌ലിങ്, സുധിർ ധാവലെ എന്നിവർക്കും അഞ്ചുലക്ഷം രൂപ നൽകിയതിന് തെളിവുണ്ടെന്നും കോടതിയിൽ പറഞ്ഞു. മഹേഷിന് ജാമ്യം നൽകിയ ഉത്തരവ് രണ്ടാഴ്‌ചത്തേക്ക് സ്റ്റേ ചെയ്യണമെന്ന് എൻ ഐ എ ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിക്കുകയായിരുന്നു.
ഭീമ കോറേഗാവ് കേസിൽ കുറ്റാരോപിതരായ 16 പേരിൽ ജാമ്യം ലഭിക്കുന്ന ആറാമത്തെയാളാണ് മഹേഷ് റാവുത്ത്. ജ്യോതി രഘോബ ജഗ്താപ്, സാഗർ തത്യാറാം ഗോർഖെ, രമേഷ് മുരളീധർ ഗൈചോർ, സുധീർ ധവാലെ, സുരേന്ദ്ര ഗാഡ്‌ലിങ്, മഹേഷ് റാവുത്ത്, ഷോമ സെൻ, റോണ വിൽസൺ, അരുൺ ഫെരേര, സുധാ ഭരദ്വാജ്, വരവര റാവു, വെർണൺ ഗോൺസാൽവസ്, ആനന്ദ് തെൽതുംബ്ഡെ, ഗൗതം നവ്‌ലാഖ, ഹാനി ബാബു, ഫാദർ സ്റ്റാൻ സ്വാമി എന്നിവർക്കെതിരയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ജെസ്യുട്ട് പുരോഹിതനായിരുന്ന ഫാദർ സ്റ്റാൻ സ്വാമി ജയിലിൽ കഴിയവേ മരിച്ചിരുന്നു.