ഫാക്ട് ചെക് യൂണിറ്റ് നിയമനം ഭരണഘടനാ വിരുദ്ധമെന്ന് ബോംബെ ഹൈക്കോടതി 'ടൈബ്രേക്കര്‍' ജഡ്ജിയും; കേന്ദ്രത്തിന് വീണ്ടും തിരിച്ചടി
സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കം കൃത്യമാണോയെന്ന് പരിശോധിക്കാന്‍ ഫാക്ട് ചെക്കര്‍മാരുടെ ശൃംഖല രൂപീകരിച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. ഫാക്ട് ചെക്ക് യൂണിറ്റ് ഭരണഘടനാ വിരുദ്ധമെന്ന് ബോംബെ ഹൈക്കോടതി. നേരത്തെ ഇതേ വിഷയത്തില്‍ ബോംബെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച ഭിന്നവിധി പരിശോധിക്കാന്‍ നിയമിതനായ 'ടൈബ്രേക്കര്‍ ജഡ്ജ്' ജസ്റ്റിസ് അതുല്‍ ചന്ദ്രുര്‍ഖറിന്റെതാണ് വിലയിരുത്തല്‍.
ഫാക്ട് ചെക്ക് യൂണിറ്റ് ഭരണഘടനയുടെ അനുച്ഛേദം 14, 19 എന്നിവയുടെ ലംഘനമാണെന്നായിരുന്നു ജ. ചന്ദ്രുര്‍ഖറിന്റെ നിലപാട്. സര്‍ക്കാര്‍ നടപടി ഭരണഘടന വ്യക്തി സ്വാതന്ത്യം ഉറപ്പാക്കുന്ന അനുച്ഛേദം 21 ന് എതിരാണ് എന്നും അദ്ദേഹം നിരീക്ഷിച്ചു.
ഫാക്ട് ചെക്ക് യൂണിറ്റ് സംബന്ധിച്ച കേന്ദ്ര തീരുമാനം ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജയില്‍ 2024 ജനുവരിയില്‍ ബോംബെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഭിന്ന വിധി പറഞ്ഞിരുന്നു. ജസ്റ്റിസുമാരായ ഗൗതം പട്ടേലും ഡോ.നീല ഗോഖലെ എന്നിവരുള്‍പ്പെട്ട രണ്ടംഗ ബെഞ്ചിന്റെ ഭിന്ന വിധിയില്‍ അഭിപ്രായം തേടിയാണ് ചീഫ് ജസ്റ്റിസ് വിഷയം ജ. അതുല്‍ ചന്ദ്രുര്‍ഖറിന്റെ സിംഗിള്‍ ബെഞ്ചിലേക്ക് നിര്‍ദേശിച്ചത്. ജ. അതുല്‍ ചന്ദ്രുര്‍ഖറിന്റെ നിലപാട് പരിശോധിച്ച ശേഷം ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിഷയത്തില്‍ അന്തിമ വിധി പുറപ്പെടുവിക്കും.
കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വാർത്തകളോ ഉള്ളടക്കമോ സർക്കാരിന്റെ കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി ) വ്യാജമെന്ന് മുദ്ര കുത്തിയാൽ ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകൾ അവ നീക്കം ചെയ്യേണ്ടി വരുന്ന തരത്തിലായിരുന്നു ഫാക്ട് ചെക്ക് യൂണിറ്റിന്റെ പ്രവർത്തനം. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കേന്ദ്രത്തിന്റെ നീക്കം വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു.
സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളെ തടയാനാണ് ഇത്തരമൊരു ഫാക്ട് ചെക്ക് യൂണിറ്റിന് കേന്ദ്രം നടത്തിയതെന്നാണ് പ്രധാന ആക്ഷേപം. അശ്ലീലം, ആൾമാറാട്ടം അടക്കം എട്ടു തരം ഉള്ളടക്കം നീക്കം ചെയ്യാനുള്ള പരാതികളിൽ സമൂഹമാധ്യമ കമ്പനികൾ നടപടിയെടുക്കേണ്ട സമയം 72 മണിക്കൂറാണ്. ചട്ടഭേദഗതിക്കെതിരെ ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റി (ഐഎൻഎസ്) അടക്കം രംഗത്തുവന്നിരുന്നു.