ഭാര്യയെ 'സെക്കൻഡ് ഹാൻഡ്' എന്ന് വിളിച്ച് അപമാനിച്ചു; ഭര്‍ത്താവിനോട് മൂന്ന് കോടി നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഹൈക്കോടതി
ഭാര്യയെ ‘സെക്കന്‍ഡ് ഹാന്‍ഡ്’ എന്ന് വിളിച്ച് അപമാനിക്കുകയും ക്രൂരമായി ഗാർഹിക പീഡനത്തിന് ഇരയാക്കുകയും ചെയ്ത ഭർത്താവിനോട് മൂന്ന് കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി. ഭർത്താവിൽ നിന്ന് ശാരീരിക പീഡനത്തിന് ഇരയായതായി ചൂണ്ടിക്കാട്ടി യുവതിസമർപ്പിച്ച ഹർജിയും അമേരിക്കയില്‍ താമസിക്കുന്ന ഭര്‍ത്താവ് വിവാഹ മോചനത്തിനായി നൽകിയ ഹര്‍ജിയും പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്. 2005ലെ ഗാർഹിക പീഡന-സ്ത്രീ സംരക്ഷണ നിയമപ്രകാരമുള്ള കേസിലാണ് കോടതി വിധി. ഇരുവരും തമ്മിൽ വേർപിരിഞ്ഞെങ്കിലും യുവതി അനുഭവിച്ച ക്രൂരമായ പീഡനവും അപമാനവും കണക്കിലെടുത്താണ് വിധി.
1994 മുതൽ 2017 വരെയുള്ള കാലായളവിൽ ഭർത്താവിൽ നിന്നും ശാരീരികവും മാനസികവുമായ പീഡനത്തിന് യുവതി ഇരയാകേണ്ടി വന്നുവെന്ന വിചാരണക്കോടതിയുടെ കണ്ടെത്തലിലാണ് ജസ്‌റ്റിസ് ശർമിള ദേശ്മുഖിൻ്റെ സിംഗിൾ ബെഞ്ച് ഉത്തരവ്. ഇത്തരം കേസുകളിൽ നൽകേണ്ട നഷ്ടപരിഹാര തുക എത്രയാണെന്ന് നിർണയിക്കാൻ പ്രതേക ഘടകം ഇല്ലെങ്കിലും, അക്രമത്തിനിരയായ വ്യക്തിയുടെ മേലുള്ള ആഘാതത്തെ ആശ്രയിച്ചിരിക്കും നഷ്ടപരിഹാര തുക എന്നും കോടതി ചൂണ്ടിക്കാട്ടി. എല്ലാ വസ്‌തുതകളും പരിഗണിച്ച് ഹർജിക്കാരിയുടെ നിലയും വരുമാനവും കൂടി പരിഗണിച്ച ശേഷമാണ് വിചാരണക്കോടതി യുവതിക്ക് നഷ്ടപരിഹാരം അനുവദിച്ചതെന്നും കോടതി നിരീക്ഷിച്ചു.
ഹര്‍ജി സമര്‍പ്പിച്ച ഭാര്യയും ഭര്‍ത്താവും അമേരിക്കന്‍ പൗരന്‍മാരാണ്. 1994 ജനുവരി 3ന് മുംബൈയില്‍ വച്ചാണ് ഇരുവരും വിവാഹം കഴിച്ചത്. അമേരിക്കയിലും ഇവര്‍ തങ്ങളുടെ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. 2017ലാണ് ഭാര്യയില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഇയാള്‍ അമേരിക്കയിലെ കോടതിയെ സമീപിക്കുന്നത്. അതേവര്‍ഷം തന്നെ ഭാര്യ മുംബൈ മജിസ്‌ട്രേറ്റ് കോടതിയില്‍ ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതിയും നല്‍കി. 2018ല്‍ അമേരിക്കയിലെ കോടതി ഇവര്‍ക്ക് വിവാഹമോചനം അനുവദിച്ചു. നേപ്പാളിലെ ഹണിമൂണ്‍ കാലത്താണ് ഭര്‍ത്താവ് തന്നെ 'സെക്കന്‍ഡ് ഹാന്‍ഡ്' എന്ന് വിളിച്ച് അപമാനിച്ചതായി ഭാര്യയുടെ പരാതിയില്‍ പറയുന്നത്. വിവാഹം കഴിഞ്ഞ് അമേരിക്കയിലെത്തിയ ശേഷം ഇയാള്‍ തന്നെ ക്രൂരമായി ഉപദ്രവിച്ചിരുന്നുവെന്നും ഭാര്യ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
2017ല്‍ തന്നെ രണ്ട് മാസത്തിനുള്ളില്‍ ഭാര്യയ്ക്ക് 1,50,000 രൂപ പ്രതിമാസം ജീവനാംശമായി നല്‍കണമെന്നും മൂന്ന് കോടി നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചിരുന്നു. തുടര്‍ന്ന് വിധിയ്‌ക്കെതിരെ ഭര്‍ത്താവ് സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. സെഷന്‍സ് കോടതിയും ഭര്‍ത്താവിന്റെ ഹര്‍ജി തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കീഴ്‌ക്കോടതി വിധി ശരിവെച്ച ഹൈക്കോടതി മൂന്ന് കോടി കോടി നഷ്ടപരിഹാരമായി നല്‍കണമെന്ന് വിധിക്കുകയും ചെയ്തു.