എൽഗർ പരിഷത് കേസ്: ഗൗതം നവ്‌ലാഖയ്ക്ക് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി

എൽഗർ പരിഷത് കേസ്: ഗൗതം നവ്‌ലാഖയ്ക്ക് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി

ജാമ്യം അനുവദിച്ചതിനെതിരെ മൂന്നാഴ്ചയ്ക്കുശേഷം മാത്രമേ എൻ ഐ എ)യ്ക്ക് ഹർജി നൽകാനാവൂയെന്ന ആവശ്യം കോടതി അംഗീകരിച്ചു
Published on

എൽഗർ പരിഷത് കേസിൽ വിചാരണ നേരിടുന്ന ആക്ടിവിസ്റ്റ് ഗൗതം നവ്‌ലാഖയ്ക്ക് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി. സഹകുറ്റാരോപിരായ ആനന്ദ് തെൽതുംബ്‌ഡെ, മഹേഷ് റൗട്ട് എന്നിവർക്കുമേൽ ചുമത്തിയ അതേ ജാമ്യവ്യവസ്ഥകളാണ് നവ്‌ലാഖയുടെ കാര്യത്തിലും കോടതി മുന്നോട്ടുവച്ചിരിക്കുന്നത്.

ജസ്റ്റിസുമാരായ എ എസ് ഗഡ്കരി, എസ് ജി ഡിഗെ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ചൊവ്വാഴ്ച നവ്‌ലാഖയ്‌ക്ക് ജാമ്യം നൽകിയത്. ജാമ്യം അനുവദിച്ചതിനെതിരെ മൂന്നാഴ്ചയ്ക്കുശേഷം മാത്രമേ ദേശീയ അന്വേഷണ ഏജൻസി (എൻ ഐ എ)യ്ക്ക് കോടതിയെ സമീപ്പിക്കാനാവൂയെന്ന ആവശ്യം ബെഞ്ച് അംഗീകരിച്ചു.

ഗൗതം നവ്‌ലാഖയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് വീട്ടുതടങ്കലിലേക്ക് മാറാൻ കഴിഞ്ഞ വർഷം നവംബർ പത്തിന് സുപ്രീംകോടതി അനുമതി നൽകിയിരുന്നു. നവ്‌ലാഖ ഉൾപ്പെടെ രാജ്യത്ത് അറിയപ്പെടുന്ന ആക്ടിവിസ്റ്റുകൾ, പ്രൊഫസർമാർ, മനുഷ്യാവകാശ പ്രവർത്തകർ എന്നിങ്ങനെ 16 പേരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടത്. അതിൽ ഭൂരിപക്ഷം ആളുകളും അഞ്ച് വർഷത്തിലധികമായി ജാമ്യം പോലും ലഭിക്കാതെ ജയിൽ കഴിയുകയാണ്.

എൽഗർ പരിഷത് കേസ്: ഗൗതം നവ്‌ലാഖയ്ക്ക് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി
ഭീമ കൊറെഗാവ്- നീതി തടവിലാക്കപ്പെട്ടിട്ട് അഞ്ചാണ്ട്

2018-ൽ ഭീമാ കൊറേഗാവിൽ ദലിതർക്കെതിരെ നടന്ന ആക്രമണത്തിന്റെ യഥാർത്ഥ കുറ്റവാളികളെ ഉത്തരവാദികളാക്കുന്നതിനുപകരം, വിയോജിപ്പ് ഉയർത്തുന്നവരെ കേന്ദ്രസർക്കാർ വേട്ടയാടിയ കേസാണിതെന്ന് ആഗോളതലത്തിൽ തന്നെ വിമർശനം ഉയർന്നിരുന്നു. വിചാരണത്തടവിൽ കഴിയവേ ആദിവാസി അവകാശ പ്രവർത്തകനും ജെസ്യൂട്ട് പുരോഹിതനുമായ ഫാദർ സ്റ്റാൻ സ്വാമി മരിച്ചിരുന്നു. അഭിഭാഷക സുധാ ഭരദ്വാജ്, കവി വരവര റാവു, അക്കാദമിക് ആനന്ദ് ടെൽതുംബെ, അഭിഭാഷകരായ അരുൺ ഫെരേര, ആക്ടിവിസ്റ്റ് വെർനൺ ഗോൺസാൽവസ് എന്നീ അഞ്ച് പേർക്ക് മാത്രമാണ് നിലവിൽ ജാമ്യം ലഭിച്ചിട്ടുള്ളത്. 2023 സെപ്റ്റംബറിൽ ആക്ടിവിസ്റ്റ് മഹേഷ് റൗട്ടിന് ജാമ്യം ലഭിച്ചെങ്കിലും ഉത്തരവ് സ്റ്റേ ചെയ്തിരിക്കുകയാണ്.

എൽഗർ പരിഷത് കേസ്: ഗൗതം നവ്‌ലാഖയ്ക്ക് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി
ഭീമാ കൊറേഗാവ് കേസ്: ഗൗതം നവ്‌ലാഖയുടെ വീട്ടുതടങ്കൽ നീട്ടി സുപ്രീംകോടതി

അടുത്തിടെ ഓൺലൈൻ പോർട്ടലായ ന്യൂസ്‌ക്ലിക്കിനെതിരായ യു എ പി എ കേസിലും നവ്‌ലാഖയെ പ്രതിചേർത്തിരുന്നു. ചൈനീസ് ബന്ധമുള്ള വ്യക്തികളിൽനിന്ന് പണം വാങ്ങി, ഇന്ത്യ വിരുദ്ധ വാർത്തകൾ നൽകുന്നുവെന്നതായിരുന്നു ന്യൂസ്‌ക്ലിക്കിനെതിരെ ചുമത്തിയിരുന്നത്. രാജ്യത്തെ മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു. ഈ കേസിൽ പോർട്ടലിന്റെ എഡിറ്റർ പ്രബീർ പുരകായസ്ഥയും എച്ച് ആർ മാനേജരും നിലവിൽ ജയിലിലാണ്.

logo
The Fourth
www.thefourthnews.in