ടിവി കാണാം, പ്രഭാതഭക്ഷണമായി ബ്രെഡ്, ആഴ്ചയില്‍ രണ്ട് ദിവസം കുടുംബാംഗങ്ങൾക്ക് അനുമതി; കെജ്‌രിവാളിന്റെ ജയില്‍ജീവിതം ഇങ്ങനെ
മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കസ്റ്റഡി കാലാവധി നീട്ടിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കഴിയുക തിഹാറിലെ രണ്ടാം നമ്പർ ജയിലിൽ. ഡല്‍ഹി കോടതി ഏപ്രില്‍ 15 വരെയാണ് കെജ്‌രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. കെജ്‌രിവാളിലെ ജയിലിലെത്തിച്ചു.
കെജ്‌രിവാളിന്റെ ജയില്‍ ദിനചര്യ
തിഹാർ ജയിലിലെ രീതിയനുസരിച്ച് തടവുകാരുടെ ദിവസം ആരംഭിക്കുന്നത് രാവിലെ ആറരയ്ക്കാണ്. പ്രഭാതഭക്ഷണമായി ബ്രെഡും ചായയും ലഭിക്കും.
കേസ് ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പ്രഭാതഭക്ഷണത്തിനുശേഷം കെജ്‌രിവാളിനെ കോടതിയില്‍ ഹാജരാക്കും. അല്ലെങ്കില്‍ നിയമവിദഗ്ധരുമായുള്ള ചർച്ചയായിരിക്കും കെജ്‌രിവാള്‍ നടത്തുക.
രാവിലെ പത്തരയ്ക്കും പതിനൊന്നിനും ഇടയിലായിരിക്കും ഉച്ചഭക്ഷണം. പരിപ്പും റൊട്ടിയും അല്ലെങ്കില്‍ പരിപ്പും ചോറുമായിരിക്കും ഉച്ചഭക്ഷണത്തിന്. മൂന്നരയോടെ ചായയും രണ്ട് ബിസ്കറ്റും.
നാല് മണിക്ക് നിയമവിദഗ്‌ദരെ കാണാനുള്ള സമയമാണ്. വൈകീട്ട് അഞ്ചരയോടെയായിരിക്കും അത്താഴം. ഏഴ് മണിയോടെ തടവുകാരെ ജയിലുകളില്‍ ലോക്ക് ചെയ്യും.
കെജ്‌രിവാളിന് ലഭിക്കുന്ന ജയില്‍ സൗകര്യങ്ങള്‍
ഭക്ഷണത്തിനും മറ്റ് പരിപാടികള്‍ക്കും മാറ്റിവെച്ചിരിക്കുന്നത് ഒഴികെയുള്ള സന്ദർഭങ്ങളില്‍ കെജ്‌രിവാളിന് ടിവി കാണാം. വാർത്ത, വിനോദം, കായികം എന്നിവ സംപ്രേഷണം ചെയ്യുന്ന 18-20 ചാനലുകളായിരിക്കും ലഭ്യമാകുക.
അടിയന്തര ആവശ്യങ്ങള്‍ക്കായി 24 മണിക്കൂറും ഡോക്ടർമാരുടെ സേവനമുണ്ട്. കെജ്‌രിവാള്‍ പ്രമേഹ രോഗിയായതുകൊണ്ട് കൃത്യമായ ഇടവേളകളില്‍ പരിശോധനകളുണ്ടാകും. രോഗബാധിതനായതിനാല്‍ കെജ്‌രിവാളിന് പ്രത്യേക ഭക്ഷണക്രമം അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു.
ആഴ്ചയില്‍ രണ്ട് തവണ കുടുംബാംഗങ്ങളെ കാണാം. രാമായണം, ഭഗവദ്ഗീത, നീരജ ചൗധരിയുടെ 'ഹൗ പ്രൈം മിനിസ്റ്റേഴ്സ് ഡിസൈഡ്' എന്നീ പുസ്തകങ്ങളും കെജ്‌രിവാൾ ആവശ്യപ്പെട്ടിട്ടുണ്ട്.
തിഹാർ ജയിലില്‍ കഴിയുന്ന പ്രതിപക്ഷ നേതാക്കള്‍
ഡൽഹി മദ്യനയക്കേസിൽ കെജ്‌രിവാളിനു പുറമെ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, എഎപിയുടെ രാജ്യസഭാ എംപി സഞ്ജയ് സിങ്, ഭാരത് രാഷ്ട്ര സമിതി നേതാവും മുന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ കവിത എന്നിവരും തിഹാർ ജയിലിലുണ്ട്. ഇതിനുപുറമെ മറ്റൊരു കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് ഡൽഹി മുന്‍ ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനും ഇതേ ജയിലിലുണ്ട്.
മനീഷ് സിസോദിയ ഒന്നാം നമ്പർ ജയിലിലും സഞ്ജയ് സിങ് അഞ്ചാം നമ്പർ ജയിലിലും സത്യേന്ദർ ജെയിന്‍ ഏഴാം നമ്പർ ജയിലിലുമാണ് കഴിയുന്നത്. കെ കവിത ആറാം നമ്പർ വനിതാ ജയിലിലാണുള്ളത്. മദ്യവില്പനയ്ക്കുള്ള ലൈസെന്‍സ് ലഭിക്കുന്നതിന് ആം ആദ്മി പാർട്ടിക്ക് കൈക്കൂലി നല്‍കിയ സംഘത്തില്‍ കവിതയും ഭാഗമാണെന്നാണ് ആരോപണം.
കെജ്‍രിവാള്‍ കഴിയുന്ന രണ്ടാം നമ്പർ ജയില്‍ സാധാരണയായി ശിക്ഷിക്കപ്പെടുന്നവർക്ക് നല്‍കുന്നതാണ്. വിചാരണ കാത്തിരിക്കുന്നവരെ അഞ്ചാം നമ്പർ ജയിലിലാണ് സാധാരണയായി പ്രവേശിപ്പിക്കാറുള്ളത്. 16 ജയിലുകൾ ഉൾപ്പെടുന്നതാണ് തിഹാർ ജയിൽ കോംപ്ലക്‌സിൽ. ഇരുപതിനായിരം തടവുകാരാണ് അന്തേവാസികളായുള്ളത്.