'സ്വർണം ലഭിക്കാതിരുന്നത് കബളിപ്പിച്ചതിനുള്ള ദൈവത്തിന്റെ ശിക്ഷ'; വിനേഷ് ഫോഗട്ടിനെതിരെ ബ്രിജ് ഭൂഷൺ സിങ്

'സ്വർണം ലഭിക്കാതിരുന്നത് കബളിപ്പിച്ചതിനുള്ള ദൈവത്തിന്റെ ശിക്ഷ'; വിനേഷ് ഫോഗട്ടിനെതിരെ ബ്രിജ് ഭൂഷൺ സിങ്

വിനേഷ് ഫോഗട്ട് കോൺഗ്രസിൽ ചേർന്നതിനെ തുടർന്നാണ് ആരോപണങ്ങളുമായി ബ്രിജ് ഭൂഷൺ സിങ് രംഗത്തെത്തുന്നത്
Updated on
1 min read

"ഒളിംപിക്സിൽ മെഡൽ ലഭിക്കാത്തത് ദൈവത്തിന്റെ ശിക്ഷ" വിനേഷ് ഫോഗട്ടിനെതിരെ മുൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും മുൻഎംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്. ഒളിംപിക്സിൽ ഫൈനൽ മത്സരത്തിൽ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ട് പുറത്തുപോകേണ്ടി വന്നത് കബളിപ്പിക്കാൻ ശ്രമിച്ചതിന് ദൈവം നൽകിയ ശിക്ഷയാണെന്നായിരുന്നു ബ്രിജ് ഭൂഷൺ സിങ്ങിന്റെ പരാമർശം.

"ഒരാൾക്ക് ഒരേ സമയത്ത് രണ്ട് കാറ്റഗറിയിൽ മത്സരിക്കാൻ സാധിക്കുമോ? ഭാരം അളന്നു കഴിഞ്ഞ് അഞ്ച് മണിക്കൂർ പരിശീലനം നിർത്തിവയ്ക്കാൻ സാധിക്കുന്നതെങ്ങനെ? നിങ്ങൾ വിജയിക്കാത്തത് ദൈവം നിങ്ങളെ ശിക്ഷിച്ചത് കാരണമാണ്." ബ്രിജ് ഭൂഷൺ പറയുന്നു.

വിനേഷ് ഫോഗട്ട് കോൺഗ്രസിൽ ചേർന്നതിനു പിന്നാലേ അതീവഗുരുതരമായ ആരോപണങ്ങളുമായാണ് ബ്രിജ് ഭൂഷൺ സിങ് രംഗത്തെത്തിയത്. തനിക്കെതിരെ നടത്തിയ സമരം പോലും കോൺഗ്രസിന്റെ നേതാക്കൾ നടത്തിയ ഗൂഢാലോചനയാണെന്ന അദ്ദേഹത്തിന്റെ പഴയ ആരോപണം വീണ്ടും ഉയർത്തി.

കോൺഗ്രസുമായുള്ള ബന്ധം ഇവർ രണ്ടുവർഷം മുമ്പു തുടങ്ങിയിരുന്നു എന്നും കോൺഗ്രസ് ഗൂഢാലോചനയുടെ ഭാഗമായാണ് തനിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചതെന്നുമാണ് ബ്രിജ് ഭൂഷന്റെ ആരോപണം.

'സ്വർണം ലഭിക്കാതിരുന്നത് കബളിപ്പിച്ചതിനുള്ള ദൈവത്തിന്റെ ശിക്ഷ'; വിനേഷ് ഫോഗട്ടിനെതിരെ ബ്രിജ് ഭൂഷൺ സിങ്
ഹരിയാനയിലെ കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്; വിനേഷ് ഫോഗട്ട് ജുലാനയിൽ മത്സരിക്കും

ഗുസ്തിതാരങ്ങളോട് ലൈംഗികാതിക്രമണം നടത്തിയതിന് 2023 ജനുവരിയിലാണ് ബ്രിജ് ഭൂഷനെതിരായ സമരം ആരംഭിക്കുന്നത്. ഏകദേശം ഒരു വർഷത്തോളം നീണ്ടുനിന്ന സമാനതകളില്ലാത്ത സമരമായിരുന്നു അത്. വിനേഷ് ഫോഗട്ടും സാക്ഷി മാലിക്കും ബജ്‌റംഗ് പുനിയയും ഉൾപ്പെടെയുള്ള താരങ്ങളായിരുന്നു സമരത്തിന് നേതൃത്വം നൽകിയത്.

2023 മെയ് 28ന് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്‌ഘാടന ദിവസം ഗുസ്തി താരങ്ങളും കർഷക നേതാക്കളും ചേർന്ന് പാർലമെന്റിലേക്ക് മാർച്ചും നടത്തിയിരുന്നു. ഈ മാർച്ച് സംഘർഷഭരിതമായെന്നുമാത്രമല്ല, ഒളിമ്പിക്സ് വേദികളിലുൾപ്പെടെ രാജ്യത്തിന്റെ അഭിമാനങ്ങളായി തലയുയർത്തി നിന്ന താരങ്ങളെ പോലീസ് നടുറോഡിൽ വലിച്ചിഴയ്ക്കുകയുമുണ്ടായി. ഇതേസമയം അന്നത്തെ എംപി ബ്രിജ് ഭൂഷൺ ശരൺ സിങ് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്ത പുതിയ പാർലമെന്റ് മന്ദിരത്തിലുണ്ടായിരുന്നു.

2023 ജനുവരി 18ന് ഗുസ്തി ഫെഡറേഷനിലെ ബ്രിജ്‌ഭൂഷണിന്റെ അടുത്ത അനുയായിയായ സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള പാനൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബജ്‌റംഗ് പുനിയയുടെയും വിനേഷ് ഫൊഗട്ടിന്റെയും നേതൃത്വത്തിൽ ജന്തർ മന്തറിൽ സമരം ആരംഭിക്കുന്നു. അതിൽ നിന്നാണ് ആ വർഷം ഡിസംബർ 21വരെ നീണ്ടുനിന്ന ഗുസ്തി സമരം ആരംഭിക്കുന്നത്. അന്നുമുതൽ തനിക്കെതിരെ താരങ്ങൾ കോൺഗ്രസുമായി ഗൂഢാലോചന നടത്തുന്നുണ്ടായിരുന്നു. തനിക്കെതിരെയുള്ള ഗൂഢാലോചനയിൽ ദിപേന്ദർ ഹൂഡയും ഭൂപീന്ദർ ഹൂഡയുമുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് പങ്കുണ്ടെന്നും ബ്രിജ് ഭൂഷൺ ആരോപിക്കുന്നു.

logo
The Fourth
www.thefourthnews.in