ബ്രിജ് ഭൂഷൺ ശരൺസിങ്ങ്
ബ്രിജ് ഭൂഷൺ ശരൺസിങ്ങ്

കേസിലും പ്രതിഷേധത്തിലും കുലുക്കമില്ല; തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്ന് ബ്രിജ് ഭൂഷൺ

വനിതാ ഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷണെതിരെ ലൈംഗികാരോപണം ഉന്നയിക്കുകയും അറസ്റ്റ് ചെയ്യമാണെന്നാവശ്യപ്പെട്ട് സമരം നടത്തുകയും ചെയ്യുന്നതിനിടെയാണ് പ്രഖ്യാപനം
Updated on
1 min read

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കൈസർഗ‍ഞ്ച് മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്. വനിതാ ഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷണെതിരെ ലൈംഗികാരോപണം ഉന്നയിക്കുകയും അറസ്റ്റ് ചെയ്യമാണെന്നാവശ്യപ്പെട്ട് സമരം നടത്തുകയും ചെയ്യുന്നതിനിടെയാണ് ബിജെപി എംപിയുടെ പ്രഖ്യാപനം. നരേന്ദ്രമോദി സർക്കാരിന്റെ ഒൻപതാം വർഷികത്തിന്റെ ഭാഗമായി കൈസർഗ‍ഞ്ചിലെ ഗോണ്ടയിൽ നടത്തിയ റാലിയിൽ സംസാരിക്കുകയായിരുന്നു ബ്രിജ് ഭൂഷൺ.

ബ്രിജ് ഭൂഷൺ ശരൺസിങ്ങ്
പരാതി പിൻവലിച്ചത് സമ്മർദ്ദം മൂലമെന്ന് ഗുസ്തി താരങ്ങൾ; ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യാതെ നിഷ്പക്ഷ അന്വേഷണം സാധ്യമല്ല

മഹാറാലിയിൽ ഗുസ്തിക്കാരുടെ പ്രതിഷേധത്തെ കുറിച്ച് നേരിട്ട് പരാമർശിക്കാതെയാണ് ബ്രിജ് ഭൂഷൺ സംസാരിച്ചത്. എന്നാൽ അടിയന്തരാവസ്ഥയും സിഖ് കലാപവും മറ്റും ഉയർത്തികാട്ടി കോൺഗ്രസിനെതിരെ രൂക്ഷ പരാമർശങ്ങൾ നടത്തി. കോൺഗ്രസിന് കഴിയാതിരുന്ന പല വികസനങ്ങളും നരേന്ദ്രമോദിയുടെ കീഴിൽ നടപ്പാകുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘'2024ൽ മികച്ച ഭൂരിപക്ഷത്തോടെ രാജ്യത്ത് ബിജെപി അധികാരം തുടരും. ഉത്തർപ്രദേശിലെ എല്ലാ സീറ്റുകളിലും വിജയം നേടും" ബ്രിജ് ഭൂഷൺ പറഞ്ഞു. പ്രസംഗത്തിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. താൻ നേരിടുന്ന ചതിയും ബുദ്ധിമുട്ടുകളും സ്‍‌നേഹവുമെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു കവിതയും അദ്ദേഹം വേദിയിൽ ചൊല്ലി.

നരേന്ദ്ര മോദി സർക്കാരിന്റെ ഒൻപത് വർഷം തികയുന്നതിന്റെ ഭാഗമായി ബിജെപി ആരംഭിച്ച ജനസമ്പർക്ക പരിപാടിയുടെ ഭാഗമായിരുന്നു റാലി. ജൂൺ അഞ്ചിന് അയോധ്യയിൽ ജൻ ചേത്‌ന മഹാ റാലി നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ ലൈംഗിക പീഡന ആരോപണങ്ങളിൽ പോലീസ് അന്വേഷണം ചൂണ്ടിക്കാട്ടി അത് മാറ്റിവയ്ക്കുകയായിരുന്നു.

ബ്രിജ് ഭൂഷൺ ശരൺസിങ്ങ്
'നുണപരിശോധനയ്ക്ക് തയ്യാറാണ് പക്ഷേ, ഒരു നിബന്ധനയുണ്ട്'; ഗുസ്തിതാരങ്ങളെ വെല്ലുവിളിച്ച് ബ്രിജ് ഭൂഷൺ

പരാതി പിൻവലിക്കാനായി ബ്രിജ് ഭൂഷൺ പരാതിക്കാരെ സമ്മർദ്ദത്തിലാക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ഗുസ്തി താരങ്ങൾ ആരോപണം ഉന്നയിച്ചിരുന്നു. പരാതികൾ പിൻവലിക്കാൻ താരങ്ങൾക്ക് മേൽ വലിയ സമ്മർദ്ദമുണ്ടെന്നും പരാതിക്കാരെ ബ്രിജ് ഭൂഷന്റെ ആളുകൾ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നുമായിരുന്നു സാക്ഷി മാലിക്കിന്റെ ആരോപണം. ഈ മാസം 15 നകം നടപടി സ്വീകരിക്കുമെന്നാണ് ഗുസ്തി താരങ്ങൾക്ക് കേന്ദ്രം നൽകിയ ഉറപ്പ്. ഇതേ തുടർന്ന് സമരത്തിലിരുന്ന താരങ്ങൾ തങ്ങളുടെ ജോലിയിൽ തിരികെ പ്രവേശിച്ചിരുന്നു.

ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവരുൾപ്പെടെ നിരവധി പ്രമുഖ ​ഗുസ്തി താരങ്ങൾ അടക്കം ഏപ്രിൽ 23 നാണ് ഡൽഹിയിൽ പ്രതിഷേധം ആരംഭിച്ചത്. ആദ്യ സമരം ഒത്തു തീർത്തപ്പോൾ നൽകിയ വാഗ്ദാനം പാലിക്കാതായതോടെയായിരുന്നു വീണ്ടും സമരത്തിന് ഇറങ്ങിയത്. സുപ്രീംകോടതിയുടെ ഇടപെടലിന് പിന്നാലെ ഡൽഹി പോലീസ് ബ്രിജ് ഭൂഷനെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു. എന്നാൽ, പോക്സോ വകുപ്പുൾപ്പെടെ ചുമത്തിയിട്ടും, ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.

logo
The Fourth
www.thefourthnews.in