ഗുസ്തി താരങ്ങള്‍ക്കെതിരായ ലൈംഗികാതിക്രമ കേസ്; ബ്രിജ് ഭൂഷണ് ജാമ്യം, ഹർജി എതിർക്കാതെ പോലീസ്
വനിത ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമ കേസിൽ ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന് ജാമ്യം അനുവദിച്ച് ഡൽഹി കോടതി. ഡൽഹി റോസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ കൂട്ടുപ്രതിയായ ഫെഡറേഷൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമർ സിങിനും ജാമ്യം അനുവദിച്ചിട്ടുണ്ട്. അതേസമയം ബ്രിജ് ഭൂഷണിന്റെ ജാമ്യാപേക്ഷയെ ഡൽഹി പോലീസ് കോടതിയില്‍ എതിര്‍ത്തില്ല. ഇത് കൂടി കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്.
അനുമതിയില്ലാതെ രാജ്യം വിടരുത്, പരാതിക്കാരെയെ സാക്ഷികളെയോ കാണുകയോ സ്വാധീനിക്കാൻ ശ്രമിക്കുകയോ ചെയ്യരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഇത് കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി പോലീസിനോട് നിർദേശിച്ചു. കേസിൽ കഴിഞ്ഞ ദിവസം മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റ് കോടതി ബ്രിജ് ഭൂഷണ് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
അറസ്റ്റ് രേഖപ്പെടുത്താതെയാണ് കുറ്റപത്രം സമർപ്പിച്ചതെന്നും അന്വേഷണത്തോട് ഇരുവരും സഹകരിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യം നൽകിയത്. എന്നാൽ, സ്ഥിര ജാമ്യം നൽകുമ്പോൾ, ഉപാധികൾ വയ്ക്കണമെന്ന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ജാമ്യത്തെ എതിർക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ലെന്നും ഉപാധികൾ ആവശ്യമാണെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. സമാനമായ നിലപാടാണ് ഡൽഹി പോലീസും പരാതിക്കാരുടെ അഭിഭാഷകനും കോടതിയെ അറിയിച്ചത്. കോടതിയുടെ നീതിവ്യവസ്ഥയ്ക്ക് അനുസൃതമായി ജാമ്യം നൽകുകയോ നൽകാതിരിക്കുകയോ ചെയ്യാമെന്ന് ഡൽഹി പോലീസ് അറിയിച്ചു.
ഡൽഹി പോലീസ് സമർപ്പിച്ച കുറ്റപത്രം പരിഗണിച്ച കോടതി, ബ്രിജ് ഭുഷണോടും വിനോദ് തോമറിനോടും കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. ഗുസ്തി താരങ്ങൾ നൽകിയ പരാതിയിൽ വനിതാ താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചതടക്കമുള്ള വകുപ്പുകൾ ചേർത്ത 1500 പേജുള്ള കുറ്റപത്രമാണ് പോലീസ് സമർപ്പിച്ചത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി പോക്സോ കേസ് റദ്ദാക്കാനുള്ള അപേക്ഷയും പോലീസ് സമർപ്പിച്ചിരുന്നു. ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷന്‍ 506 (ഭീഷണിപ്പെടുത്തല്‍), 354 (സ്ത്രീകള്‍ക്കെതിരായ അക്രമം), 354 എ (ലൈംഗിക പീഡനം), 354 ഡി (വേട്ടയാടല്‍) എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയത്. ബ്രിജ് ഭൂഷണ്‍ കുറ്റം ആവര്‍ത്തിച്ചിട്ടുണ്ടെന്നും ഡൽഹി പോലീസ് കോടതിയെ അറിയിച്ചിരുന്നു.