കേന്ദ്ര സര്‍ക്കാറിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ യുഎപിഎ  ഉപയോഗിച്ച് വേട്ടയാടുന്നു: ബൃന്ദാ കാരാട്ട്

കേന്ദ്ര സര്‍ക്കാറിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ യുഎപിഎ ഉപയോഗിച്ച് വേട്ടയാടുന്നു: ബൃന്ദാ കാരാട്ട്

ജി എന്‍ സായിബാബയെയും മറ്റ് അഞ്ച് പേരെയും ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയ പശ്ചാത്തലത്തിലാണ് ബൃന്ദാ കാരാട്ടിന്റെ പ്രതികരണം
Updated on
1 min read

രാഷ്ട്രീയവൈരാഗ്യം തീര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആയുധമാണ് യുഎപിഎ എന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസര്‍ ജി എന്‍ സായിബാബയെയും മറ്റ് അഞ്ച് പേരെയും ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയ പശ്ചാത്തലത്തിലാണ് യുഎപിഎ നിയമത്തിനെതിരെ ബൃന്ദ തുറന്നടിച്ചത്. കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി.

നിയമപരമായ നടപടിക്രമങ്ങളൊന്നും പാലിക്കാതെ 90 ശതമാനം അംഗവൈകല്യമുള്ള പ്രൊഫസര്‍ ജി എന്‍ സായിബാബയെയും ആദിവാസി സമൂഹത്തില്‍പ്പെട്ട മറ്റ് അഞ്ച് പേരെയും 2017 മുതല്‍ യുഎപിഎ ചുമത്തി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. ഈ വര്‍ഷം രാജ്യസഭയില്‍ അവതരിപ്പിച്ച കണക്ക് പ്രകാരം, 2018നും 2020നും ഇടയില്‍ രാജ്യത്ത് 4960 പേര്‍ക്കെതിരെയാണ് യുഎപിഎ ചുമത്തിയത്. ഇത്രയും കേസുകളില്‍ വെറും 149 പേര്‍ക്കെതിരെയുള്ള കുറ്റം മാത്രമാണ് തെളിഞ്ഞിട്ടുള്ളത്.

രാജ്യത്തെ ജനങ്ങളുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെ അടിച്ചമര്‍ത്തുന്നതാണ് യുഎപിഎ നിയമം എന്നും കേന്ദ്ര സര്‍ക്കാറിനെതിരെ ശബ്ദമുയര്‍ത്തുന്ന സാധാരണക്കാരായ ജനങ്ങളെയും ആക്ടിവിസ്റ്റുകളെയും ഈ നിയമം ഉപയോഗിച്ച് വേട്ടയാടുകയാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു . ഭരണഘടനാ വിരുദ്ധമായ ഇത്തരം നിയമങ്ങള്‍ ഇല്ലാതാക്കണമെന്നും സിപിഐ എം ന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ബൃന്ദ കാരാട്ട് പറഞ്ഞു. നീതിക്കുവേണ്ടിയുള്ള സായിബാബയുടെ കുടുംബത്തിന്റെ പോരാട്ടം മാതൃകാപരമാണ്. ഭീമാ കൊറേഗാവ് കേസില്‍ ജയിലിലടയ്ക്കപ്പെട്ട എല്ലാവരെയും മോചിപ്പിക്കണം എന്നും ബൃന്ദാകാരാട്ട് ആവശ്യപ്പെട്ടു

logo
The Fourth
www.thefourthnews.in