'സുഹൃത്തുക്കള്‍ക്ക് കൂട്ടുകാരികളുമായി സംസാരിക്കാന്‍ അവസരമൊരുക്കി'; സ്പൈസ് ജെറ്റ് വിമാനത്തിലെ ബോംബ് ഭീഷണിയില്‍ അറസ്റ്റ്

'സുഹൃത്തുക്കള്‍ക്ക് കൂട്ടുകാരികളുമായി സംസാരിക്കാന്‍ അവസരമൊരുക്കി'; സ്പൈസ് ജെറ്റ് വിമാനത്തിലെ ബോംബ് ഭീഷണിയില്‍ അറസ്റ്റ്

എന്തെങ്കിലും വഴി കണ്ടെത്തണമെന്ന് സുഹൃത്തുക്കൾ നിർബന്ധിച്ചതോടെയാണ് വ്യാജ ബോംബ് ഭീഷണി നടത്തിയതെന്ന് യുവാവ്
Updated on
1 min read

സ്‌പൈസ് ജെറ്റ് വിമാനത്തിൽ കഴിഞ്ഞ ദിവസം വ്യാജ ബോംബ് ഭീഷണിയുയര്‍ത്തിയതുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിൽ. ബ്രിട്ടീഷ് എയർവേയ്‌സിന്റെ ട്രെയിനി ടിക്കറ്റിങ് ഏജന്റാണ് പിടിയിലായത്. ബോംബ് ഭീഷണി സൂചിപ്പിച്ച് ഫോൺ കോൾ ലഭിച്ചതിനെത്തുടർന്ന് വിമാനം പുറപ്പെടുന്നത് നിർത്തിവെച്ച് തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ സംശയാസ്പദമായ ഒന്നും കണ്ടെത്താൻ അധികൃതർക്ക് സാധിച്ചില്ല. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബ്രിട്ടീഷ് എയർവേയ്‌സ് ടിക്കറ്റിങ് കൗണ്ടറിൽ ട്രെയിനിയായ അഭിനവ് പ്രകാശ് പോലീസിന്റെ വലയിലാകുന്നത്.

തന്റെ സുഹൃത്തുക്കള്‍ക്ക് പുനെയിലേക്ക് പോകുന്ന അവരുടെ കൂട്ടുകാരികളുമായി കുറച്ചു കൂടി സമയം ചെലവഴിക്കാനായാണ് ഇത്തരമൊരു വഴി തിരഞ്ഞെടുത്തതെന്ന് അഭിനവ് പ്രകാശ് പോലീസിനോട് പറഞ്ഞു. മണാലി യാത്രയ്ക്കിടെ അഭിനവിന്റെ ബാല്യകാല സുഹൃത്തുക്കളായ രാകേഷും കുനാൽ സെഹ്‌രാവത്തും രണ്ട് പെൺകുട്ടികളുമായി സൗഹൃദത്തിലായി. ഈ പെൺകുട്ടികൾക്ക് സ്‌പൈസ് ജെറ്റ് വിമാനത്തിൽ പുനെയിലേക്ക് പോകണമായിരുന്നു. എന്നാൽ അവരോട് കുറച്ച് സമയം കൂടി സംസാരിക്കണമെന്ന് സുഹൃത്തുക്കൾ അഭിനവിനോട് ആവശ്യപ്പെട്ടു. ഇതിനു വേണ്ടി എന്തെങ്കിലും വഴി കണ്ടെത്തണമെന്ന് സുഹൃത്തുക്കൾ നിർബന്ധിച്ചതോടെയാണ് ഇത്തരമൊരു കാര്യം ചെയ്തതെന്ന് ചോദ്യം ചെയ്യലിൽ യുവാവ് സമ്മതിച്ചു. മൂന്നു പേരും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയിലാണ് വ്യാജ ബോംബ് ഭീഷണി ആശയം ഉദിച്ചതെന്നും അഭിനവ് പോലീസിനോട് പറഞ്ഞു.

ഡൽഹി - പുനെ സ്‌പൈസ് ജെറ്റ് വിമാനം വ്യാഴാഴ്ച വൈകിട്ട് 6.30ന് ഡല്‍ഹിയില്‍ നിന്ന് പറന്നുയരുന്നതിന് മിനിറ്റുകൾക്ക് മുന്‍പായിരുന്നു സ്‌പൈസ് ജെറ്റ് റിസർവേഷൻ ഓഫീസിലേക്ക് വിമാനത്തിൽ ബോംബുണ്ടെന്ന ഫോൺ കോൾ ലഭിച്ചത്. ഇതിനെ തുടർന്ന് വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റി വിശദമായ പരിശോധന നടത്തുകയും ചെയ്തു. വിളിച്ചയാളെ കണ്ടെത്താൻ ഡൽഹി പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.

logo
The Fourth
www.thefourthnews.in