റെയ്ഡ് ബെംഗളൂരുവിൽ, ഒച്ചപ്പാട് തെലങ്കാനയിൽ; പണമൊഴുക്കി വോട്ടുനേടാൻ കോൺഗ്രസ് ശ്രമിച്ചെന്ന് ബിആർഎസും ബിജെപിയും
കർണാടക തലസ്ഥാനമായ ബെംഗളുരുവിൽ നടന്ന ഒരു ആദായ നികുതി വകുപ്പ് റെയ്ഡ് അയല്‍ സംസ്ഥാനമായ തെലങ്കാനയില്‍ വലിയ ഒച്ചപ്പാട് ഉണ്ടാക്കുകയാണ്. ബെംഗളുരു കോർപറേഷൻ മുൻ അംഗവും പൊതുമരാമത്ത് കരാറുകാരന്റെ ഭാര്യയുമായ അശ്വതമ്മയിൽ നിന്ന് പിടിച്ചെടുത്ത കണക്കില്‍പ്പെടാത്ത പണമാണ് നിലവിൽ തെലങ്കാനയിലെ ചൂടുള്ള തിരഞ്ഞെടുപ്പ് വിഷയം.
ബസവരാജ ബൊമ്മയുടെ നേതൃത്വത്തിലുള്ള കര്‍ണാടകയിലെ മുന്‍ ബിജെപി സര്‍ക്കാര്‍ പൊതുമരാമത്ത് കരാറുകള്‍ക്ക് കോണ്‍ട്രാക്ടര്‍മാരില്‍ നിന്ന് നാൽപത് ശതമാനം കമ്മീഷൻ മേടിച്ചുവെന്ന് ആരോപണം ഉന്നയിച്ച വ്യക്തിയാണ് അശ്വതമ്മയുടെ ഭർത്താവ് ആർ അംബികാപതി. കർണാടകയിലെ പ്രമുഖ കോൺഗ്രസ് നേതാക്കളുമായൊക്കെ അടുപ്പമുള്ളയാളാണ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ അംഗം കൂടിയായ അംബികാപതി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിലെ വോട്ടർമാരെ സ്വാധീനിക്കാൻ അംബികാപതിയെ ഉപയോഗിച്ച് പണം ഒഴുക്കാൻ കർണാടക ഉപമുഖ്യമന്ത്രി കൂടിയായ ഡികെ ശിവകുമാർ ശ്രമിച്ചുവെന്നാണ് തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളികളായ ബിആര്‍എസിന്റെയും ബിജെപിയുടെയും പ്രധാന ആരോപണം.
തെലങ്കാന ആരോഗ്യമന്ത്രി ഹരീഷ് റാവുവായിരുന്നു ശിവകുമാറിന്റെ പേര് പരാമർശിക്കാതെ ആദ്യം ആരോപണം ഉന്നയിച്ചത്. ദിവസങ്ങൾകൊണ്ട് കത്തിപ്പടർന്ന ആരോപണം തെലങ്കാനയിൽ മുഖ്യ തിരഞ്ഞെടുപ്പ് വിഷയകമാക്കി മാറ്റിയിരിക്കുകയാണ് ബി ആർ എസ്. തങ്ങള്‍ക്കെതിരേ ഉയരുന്ന അഴിമതി - കുടുംബ വാഴ്ച ആരോപണങ്ങളെയും വിമർശനങ്ങളെയും പ്രതിരോധിക്കാനുള്ള കച്ചിത്തുരുമ്പായാണ് ബി ആർ എസ് ബംഗളുരുവിലെ റെയ്ഡിനെ ഉപയോഗിക്കുന്നത്.
വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിന് തടയിടാനുള്ള ശ്രമത്തിലാണ് ടിപിസിസി അധ്യക്ഷൻ രേവന്ത് റെഡ്ഢി. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബി ആർ എസ് ഒഴുക്കിയ പണത്തിന്റെ കണക്കും സംസ്ഥാനത്ത് നടന്ന റെക്കോഡ് മദ്യ വില്പനയും ചൂണ്ടിക്കാട്ടിയാണ് പ്രതിരോധം. മുനുഗോഡെ ഉപതിരഞ്ഞെടുപ്പ് കാലത്ത് 20 ദിവസം കൊണ്ട് 300 കോടി രൂപയുടെ മദ്യ വില്പന നടന്നുവെന്നാണ് കണക്ക്. പണവും മദ്യവുമാണ് തിരഞ്ഞെടുപ്പു വിജയം നിശ്ചയിക്കുന്നത് എന്നാണ് ബിആർഎസ് ധരിച്ചുവച്ചിരിക്കുന്നതിനും രേവന്ത് റെഡ്ഢി ചൂണ്ടിക്കാട്ടി .
റെയ്‌ഡിൽ പിടിച്ചെടുത്ത പണം കോൺഗ്രസിന് വേണ്ടി ബിനാമികൾ സമാഹരിച്ച പണമാണെന്ന ആരോപണവുമായി ബിജെപിയും രംഗത്തുവന്നിട്ടുണ്ട്. കർണാടക മോഡലിൽ തിരഞ്ഞെടുപ്പ് വിജയിക്കാൻ ഡികെ ശിവകുമാറിന്റെ സഹായം തേടിയിരിക്കുകയാണ് തെലങ്കാന കോൺഗ്രസ് എന്നും അതിനായി ശേഖരിച്ച പണമാണ് പിടിക്കപ്പെട്ടതെന്നും മുതിർന്ന നേതാവ് കെ എസ് ഈശ്വരപ്പ ആരോപിച്ചു. ഡികെ ശിവകുമാറിനും സിദ്ധരാമയ്യക്കും ഈ പണത്തെ കുറിച്ച് അറിയുമോ എന്നന്വേഷിക്കണമെന്നും കരാറുകാറുമായി കോൺഗ്രസുകാർക്ക് ബന്ധമുണ്ടെന്നും ഈശ്വരപ്പ പറഞ്ഞു. ജെഡിഎസും കോൺഗ്രസ് നേതാക്കൾക്കെതിരെ രംഗത്തുണ്ട്.
അതേസമയം, പണവുമായി തങ്ങൾക്കൊരു ബന്ധവുമില്ലെന്നും ഏതന്വേഷണവും നേരിടാൻ തയ്യാറാണെന്നും കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. വിഷയം കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയതോടെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ബെംഗളുരുവിലെത്തി കർണാടക നേതാക്കളുമായി വിഷയം ചർച്ച ചെയ്തിരുന്നു. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഡികെ ശിവകുമാറും സംഘവും ഹൈക്കമാൻഡിന് നൽകിയിരിക്കുന്ന വിശദീകരണം.
അശ്വതമ്മയുടെ പേരിലുള്ള ആർ ടി നഗറിലെ വീട്ടിൽ കട്ടിലിന്റെ അടിയിൽ കാർഡ്‌ബോർഡ് പെട്ടികളിലായി സൂക്ഷിച്ച 42 കോടിയോളം രൂപയാണ് ആദായനികുതി വകുപ്പ് കണ്ടെടുത്തത്. പണത്തിന്റെ ഉറവിടം വ്യക്തമാക്കാൻ ആദായ നികുതി വകുപ്പ് അശ്വതമ്മയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തതിനു ശേഷമായിരിക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കേസ് രജിസ്റ്റർ ചെയ്യുക.