ദേശീയതലത്തിൽ ജാതി സെൻസസിനൊപ്പം, ഇവിടെ 'റെഡ്ഡി പാർട്ടി'; ഫലിക്കുമോ തെലങ്കാന പിടിക്കാനുള്ള കോൺഗ്രസ് തന്ത്രം?
തെലങ്കാനയിൽ തിരഞ്ഞെടുപ്പ് ചിത്രം കഴിഞ്ഞ വർഷങ്ങളിൽനിന്ന് കുറച്ച് വ്യത്യസ്തമാണ്. ബി ആർ എസിന്റെ അപ്രമാദിത്വമവസാനിപ്പിച്ച് ദേശീയ പാർട്ടിയായ കോൺഗ്രസ് തിരിച്ചുവരുമോയെന്ന സംശയം ദ്യോതിപ്പിക്കുന്ന തരത്തിലാണ് ആദ്യഘട്ട പ്രചരണങ്ങളുടെ തുടക്കം. ഇത്തവണ ഭരണത്തിലെത്താൻ സാധ്യതയുണ്ടെന്ന അഭിപ്രായ സർവേ ഫലങ്ങളും അതുമായി ബന്ധപ്പെട്ട് ഉയരുന്ന ചർച്ചകളും കോൺഗ്രസ് ക്യാമ്പുകളിൽ ആവേശമുണ്ടാക്കുന്നുണ്ടെന്നത് വ്യക്തമാണ്. ഒടുവിൽ പൂർണ ആത്മവിശ്വാസത്തോടെ രാഹുൽ തെലങ്കാനയിൽ 'വിജയഭേരി' യാത്ര നടത്തുമ്പോൾ ബി ആർ എസ് പിരിമുറുക്കത്തിലാണ്.
പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യ്ക്ക് കരുത്ത് കാട്ടാനും ആത്മവിശ്വാസം നേടാനുമുള്ള ആദ്യത്തെയും അവസാനത്തെയും അവസരമാണ് എന്നതുകൊണ്ട് തന്നെ സഖ്യത്തിന് നേതൃത്വം നൽകുന്ന കോൺഗ്രസ് ആവുന്നത്ര സംസ്ഥാനങ്ങളിൽ നേട്ടമുണ്ടാക്കാൻ ശ്രമിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ബി ജെ പിയും കോൺഗ്രസും നേരിട്ട് മത്സരം നടക്കുന്ന സംസ്ഥാനങ്ങളല്ല തെലങ്കാനയും മിസോറാമും. പക്ഷേ മിസോറാമിൽ ജയിച്ചില്ലെങ്കിലും തെലങ്കാനയിൽ ജയിക്കണമെന്ന നിർബന്ധമുണ്ട് കോൺഗ്രസിന്. അതിനുകാരണം തെലങ്കാനയിൽ കോൺഗ്രസിനെതിരെ നിൽക്കുന്ന കെ ചന്ദ്രശേഖർ റാവു നേതൃത്വം കൊടുക്കുന്ന ഭാരതീയ രാഷ്ട്ര സമിതി (ബി ആർ എസ്) ആരുടെകൂടെയാണ് എന്നതാണ്. പ്രത്യക്ഷത്തിൽ ബി ജെ പിയുമായി ബി ആർ എസിന് ബന്ധമൊന്നുമില്ലെങ്കിലും ഇരുകൂട്ടരും ധാരണയിലാണെന്ന ആരോപണം കോൺഗ്രസ് നേരത്തെ ഉന്നയിക്കുന്നുണ്ട്.
എന്തുകൊണ്ട് ബി ആർ എസിനെ കോൺഗ്രസ് പേടിക്കണം?
ഭരണപക്ഷത്തോടും പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയോടും ചേർന്നുനിൽക്കാത്ത ബിജു ജനതാദൾ, ബി എസ് പി, വൈ എസ് ആർ സി പി ഉൾപ്പെടെയുള്ള പാർട്ടികളും കോൺഗ്രസിന്റെ സംശയദൃഷ്ടിയിലാണ്. പ്രത്യേകിച്ച് ബി എസ് പി, വൈ എസ് ആർ സി പി ഉൾപ്പെടെയുള്ള പാർട്ടികൾ പ്രതിപക്ഷ പാർട്ടികളുടെ ബഹിഷ്കരണാഹ്വാനം തള്ളി പുതിയ പാർലമെന്റിന്റെ ഉദ്‌ഘാടനത്തിൽ പങ്കെടുത്തശേഷം. അതുകൊണ്ടു തന്നെ മിസോറാമിൽ ഒരു പ്രാദേശിക കക്ഷി വിജയിക്കുന്നതുപോലെയല്ല കോൺഗ്രസിന് തെലങ്കാനയിൽ ബി ആർ എസ് ജയിക്കുന്നത്.
തെലങ്കാന രാഷ്ട്ര സമിതി (ടി ആർ എസ്) പേരുമാറി ഭാരതീയ രാഷ്ട്ര സമിതി (ബി ആർ എസ്) ആകുന്നത് 2022ൽ ആണ്. തെലങ്കാനയിൽ മാത്രമായി ഒതുങ്ങുന്നതിനപ്പുറം ദേശീയ കക്ഷിയായി മാറണമെന്ന ഉദ്ദേശത്തിലായിരുന്നു മാറ്റം. വലിയ പ്രതീക്ഷകൾ മുന്നോട്ടുവച്ചിരുന്നെങ്കിലും ഡൽഹിയിൽ ഓഫീസ് തുറക്കുന്നതിനപ്പുറത്തേക്ക് ബി ആർ എസിന്റെ ദേശീയ സ്വപ്‌നങ്ങൾ വളർന്നില്ല. ദേശീയകക്ഷിയായി മാറാനുള്ള ബി ആർ എസിന്റെ തീരുമാനം പിന്തുണച്ച് രംഗത്തുവന്ന പാർട്ടി ജനതാദൾ സെക്കുലർ (ജെ ഡി എസ്) ആണ്. കർണാടകയിലെ വമ്പൻ പരാജയത്തിനുശേഷം ജെ ഡി എസ് ഇപ്പോൾ എൻ ഡി എ യുടെ ഭാഗമാണെന്നതും പരിഗണിച്ചാൽ നാളെ ബി ആർ എസ് എങ്ങോട്ടു പോകുമെന്ന ചോദ്യം പ്രസക്തമാണ്.
ജാതി സെൻസസിനെക്കുറിച്ച് കോൺഗ്രസ് മിണ്ടില്ല
ഇന്ത്യ മുഴുവൻ ജാതി സെൻസസ് പ്രചാരണവിഷയമാക്കി മാറ്റാൻ ശ്രമിക്കുന്ന കോൺഗ്രസ് തെലങ്കാനയിൽ ജാതി സെൻസസ് ഉയർത്തിക്കാണിക്കാൻ സാധ്യതയില്ല. കോൺഗ്രസ് തെലങ്കാനയിൽ അറിയപ്പെടുന്നത് റെഡ്‌ഡി പാർട്ടിയായിട്ടാണ്. കോൺഗ്രസ് പുറത്തിറക്കിയ 55 പേരടങ്ങുന്ന സ്ഥാനാർഥി പട്ടിക പരിശോധിച്ചാൽ അതിൽ 15 പേരും സവർണജാതി വിഭാഗമായ റെഡ്‌ഡി വിഭാഗത്തിൽനിന്ന് വരുന്നവരാണെന്ന് മനസിലാകും. അതുകൊണ്ടു തന്നെ മറ്റ് സംഥാനങ്ങളിൽ പ്രസംഗിച്ചതുപോലെ ഒ ബി സി വിഭാഗങ്ങളുടെ കണക്കെടുക്കണമെന്നും അവർക്ക് ആനുപാതികമായ പ്രാതിനിധ്യം പൊതുമേഖലയിലുണ്ടോയെന്ന് പരിശോധിക്കണമെന്നും തെലങ്കാനയിൽ പറയാൻ കോൺഗ്രസിന് സാധിക്കില്ല.
കോൺഗ്രസിന് തെലങ്കാനയിൽ ജാതി സെൻസസ് പ്രചാരണ വിഷയമാക്കാൻ സാധിക്കില്ല. കാരണം 2014 ൽ ബി ആർ എസ് സർക്കാർ നടത്തിയ സർവേ, ജാതിയും സാമൂഹിക സാമ്പത്തിക പശ്ചാത്തലങ്ങളുമുൾപ്പെടുന്നതായിരുന്നു.
മാത്രവുമല്ല ആന്ധ്രാപ്രദേശ് രണ്ട് സംസ്ഥാനങ്ങളാക്കി വിഭജിക്കുന്നതിന് മുമ്പ് കോൺഗ്രസിന്റെ പ്രധാന നേതാവും സംസ്ഥാന മന്ത്രിയുമായിരുന്ന പൊന്നല ലക്ഷ്മയ്യ്യയെ ഒ ബി സി ആയതിന്റെ പേരിൽ മാറ്റി നിർത്തിയെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. ലക്ഷ്മയ്യ ബി ആർ എസിൽ ചേരാൻ പോകുന്നുവെന്ന വാർത്തയും വരുന്ന സാഹചര്യത്തിൽ ജാതി സെൻസസിനെക്കുറിച്ച് ഒരു വാക്കുപോലും മിണ്ടാൻ കോൺഗ്രസിന് സാധിക്കുമെന്ന് തോന്നുന്നില്ല. മറ്റ് സംസ്ഥാനങ്ങളിലും പാർലമെന്റ് തിരഞ്ഞെടുപ്പിലും ജാതി സെൻസസ് പ്രധാന പ്രചാരണ വിഷയമായി ഉയർത്തിക്കാണിക്കുന്ന കോൺഗ്രസിന് എന്തുകൊണ്ട് തെലങ്കാനയിൽ അത് ആവർത്തിക്കാൻ സാധിക്കുന്നില്ലെന്നത് ദേശീയ തലത്തിൽ ഒരു ചോദ്യമായി ഉയരുമെന്ന കാര്യം ഉറപ്പാണ്.
ഈ പ്രതിസന്ധികളൊന്നുമില്ലായിരുന്നെങ്കിലും കോൺഗ്രസിന് തെലങ്കാനയിൽ ജാതി സെൻസസ് പ്രചാരണ വിഷയമാക്കാൻ സാധിക്കില്ല. കാരണം 2014 ൽ ബി ആർ എസ് സർക്കാർ നടത്തിയ സർവേ ജാതിയും സാമൂഹിക സാമ്പത്തിക പശ്ചാത്തലങ്ങളുമുൾപ്പെടുന്നതായിരുന്നു. ആ കണക്കുകൾ ആളുകളുടെ മുന്നിലുണ്ട്. ഒരുമുഴം മുന്നേ എറിഞ്ഞതുകൊണ്ടു തന്നെ ജാതി സെൻസസ് വച്ച് ബി ആർ എസിനെ പ്രതിരോധത്തിലാക്കാൻ കോൺഗ്രസിനാകില്ല.
ബി ജെ പി യുടെ സ്ഥാനം എവിടെ?
ഹൈദരാബാദ് മുനിസിപ്പൽ തിരഞ്ഞെടുപ്പിലെ ബി ജെ പിയുടെ പ്രകടനം പരിഗണിച്ച് ത്രികോണ മത്സരം തെലങ്കാനയിലുണ്ടാകുമെന്ന വിലയിരുത്തലുണ്ടായിരുന്നെങ്കിലും ഒടുവിൽ എ ബി പി-സി വോട്ടർ സർവേ കൂടി പുറത്തുവരുമ്പോൾ കോൺഗ്രസും ബി ആർ എസും തമ്മിലുള്ള ശക്തമായ പോരാട്ടം തന്നെയായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതായത് ബി ജെപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും.
സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് ബണ്ടി സഞ്ജയെ മാറ്റിയത് ബി ജെ പിയുടെ പ്രകടനത്തെ വലിയതോതിൽ ബാധിക്കുമെന്നാണ് വിലയിരുത്തൽ. അക്രമോൽസുകമായി പ്രതികരിക്കുന്ന, ഹിന്ദുത്വ രാഷ്ട്രീയത്തെ ദേശീയതലത്തിൽ പ്രചരിപ്പിക്കുന്നതുപോലെ തീവ്രതയിൽ സംസ്ഥാനത്തും അവതരിപ്പിക്കാൻ കഴിയുന്ന നേതാവായിരുന്നു സഞ്ജയ്. ഒരു അക്രമോൽസുക മുഖം സംസ്ഥാനത്ത് ബി ജെ പിക്കില്ലായിരുന്നു. എന്നാൽ ബണ്ടി സഞ്ജയ് എന്ന താരതമ്യേന തീവ്രമുഖത്തെ മുതിർന്ന നേതാക്കൾ തന്നെ ഇടപെട്ട് മാറ്റിനിർത്തുന്നത് പ്രവർത്തകരുടെ ആവേശം കെടുത്തുമെന്ന വിലയിരുത്തലുകൾ ബി ജെ പിക്കുള്ളിൽനിന്ന് തന്നെയുണ്ട്.
മറ്റ് കക്ഷികൾ
പ്രധാന മൂന്നു കക്ഷികൾ കഴിഞ്ഞാൽ പിന്നെ തെലങ്കാനയിൽ കൃത്യമായ സാന്നിധ്യമുള്ള പാർട്ടി ഒവൈസിയുടെ എ ഐ എം ഐ എം ആണ്. ശക്തികേന്ദ്രമായ ഹൈദരാബാദിൽ തന്നെയായിരിക്കും ഈ പ്രാവശ്യവും അവരുടെ ശ്രദ്ധ. ഏഴ് സീറ്റ് വരെ ലഭിക്കാൻ സാധ്യതയുള്ളതായാണ് വിലയിരുത്തപ്പെടുന്നത്. തെലുഗുദേശം പാർട്ടിയും വൈ എസ് ആർ തെലങ്കാനയും കളത്തിലുണ്ടെങ്കിലും മുൻനിര പോരാട്ടങ്ങളുടെ ഭാഗമാകാൻ സാധ്യതയില്ല. എന്നാൽ ഭരണവിരുദ്ധ തരംഗത്തിൽ എന്തെങ്കിലും നേട്ടമുണ്ടാക്കാൻ സാധിക്കുമോയെന്നാണ് അവർ നോക്കുന്നത്.
കോൺഗ്രസ് രണ്ടുംകല്പിച്ചാണ് ഇത്തവണ ഇറങ്ങുന്നത് എന്നതാണ് മത്സരം കൂടുതൽ കടുപ്പിക്കുന്നത്. 2018ൽ ആകെയുള്ള 119 സീറ്റിൽ 88 സീറ്റുകൾ ജയിച്ചാണ് ബി ആർ എസ് ഭരണം പിടിക്കുന്നത്. 47.4 ശതമാനം വോട്ട് നേടിയായിരുന്നു ആ വിജയം. അന്ന് കേവലം 19 സീറ്റും 28 .7 ശതമാനം വോട്ടുമാണ് കോൺഗ്രസിന് ലഭിച്ചത്. ഈ അവസ്ഥയിൽനിന്ന് ബി ആർ എസിനു വെല്ലുവിളിയാകുന്ന തരത്തിൽ കോൺഗ്രസ് ഉയരുകയാണെങ്കിൽ അത് വലിയ മുന്നേറ്റമായിരിക്കും.
രാഹുൽ ഗാന്ധി നയിക്കുന്ന 'വിജയഭേരി' യാത്ര തെലങ്കാനയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ബി ആർ എസ്, എ ഐ എം ഐ എം, ബി ജെ പി അവിശുദ്ധ സഖ്യമുണ്ടെന്നാണ് രാഹുലിന്റെ പ്രധാന ആരോപണം. കോൺഗ്രസിനെ കടന്നാക്രമിക്കുന്നതിൽ ഇവരെല്ലാവരും ഒറ്റക്കെട്ടാണെന്നാണ് രാഹുൽ പറയുന്നത്. തെലങ്കാനയിൽ ഇപ്പോഴുള്ള ഭരണം രാജാവും പ്രജകളുമുള്ള ഭരണമാണെന്നും മുഖ്യമന്ത്രി കെ സി ആറിന് ജനങ്ങളുമായി അകൽച്ച വർധിക്കുകയാണെന്നും രാഹുൽ വിമർശിക്കുന്നു. ഒരുപാട് ജനക്ഷേമ പദ്ധതികളും സൗജന്യങ്ങളുമാണ് ഇരു പാർട്ടികളുടെയും പ്രകടനപത്രികകൾ വാഗ്ദാനം ചെയ്യുന്നത്. ഇരു പാർട്ടികളുടെയും ഭാവി നിർണയിക്കപ്പെടുന്ന പോരാട്ടമായതുകൊണ്ടുതന്നെ എന്ത് വിലകൊടുത്തും ജയിക്കാനുറച്ച് തന്നെയാണ് കോൺഗ്രസും ബി ആർ എസും.