തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പ്;  ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച്‌ ബിആര്‍എസ്

തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച്‌ ബിആര്‍എസ്

ഗജ്വെല്‍, കാമറെഡ്ഡി എന്നീ രണ്ട് മണ്ഡലങ്ങളില്‍ താന്‍ മത്സരിക്കുമെന്നാണ് ബിആര്‍എസ് തലവനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവു വ്യക്തമാക്കിയത്
Updated on
1 min read

ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന തെങ്കാന നിയമസഭ തിരഞ്ഞെടുപ്പിനുള്ള വിഞ്ജാപനം വരും മുമ്പേ ആകെയുള്ള 119 സീറ്റുകളില്‍ 115 സീറ്റുകളിലേയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിആര്‍എസ്. ഗജ്വെല്‍, കാമറെഡ്ഡി എന്നീ രണ്ട് മണ്ഡലങ്ങളില്‍ താന്‍ മത്സരിക്കുമെന്ന് ബിആര്‍എസ് തലവനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവു വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി 95 മുതല്‍ 105 സീറ്റുകള്‍ വരെ നേടുമെന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപന വേളയില്‍ ചന്ദ്രശേഖര്‍ റാവു അവകാശപ്പെട്ടു. എഐഎംഐഎമ്മുമായും ഹൈദരാബാദ് ലോക്സഭാ എംപി അസദുദ്ദീന്‍ ഒവൈസിയുമായും ബിആര്‍എസിന്റെ സഖ്യം തുടരുമെന്നും പ്രഖ്യാപന വേളയില്‍ കെസിആര്‍ പറഞ്ഞു.

അതേസമയം, ഗോഷാമഹല്‍, നാമ്പള്ളി, ജങ്കാവ്, നര്‍സാപൂര്‍ എന്നീ നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്.115 സീറ്റുകളില്‍ മുപ്പതിടത്ത് പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കാണ് ടിക്കറ്റ് നല്‍കിയിരിക്കുന്നത്. ജി പത്മ, ജി ലാസ്യ, നന്ദിത, കോവലക്ഷ്മി, ബാനോട്ട് ഹരിപ്രിയ നായിക്, ബഡേ നാഗജ്യോതി, ഗോങ്കിടി സുനിത ആറുപേരാണ് വനിതാ പ്രാതിനിധ്യം.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും ബിആര്‍എസിന്റെ ഭരണത്തിലും ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് വരുന്ന തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്ന്‌ പ്രഖ്യാപനത്തിന് ശേഷം ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ എംഎല്‍സി കെ കവിത പറഞ്ഞു. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 119 അംഗ തെലങ്കാന നിയമസഭയില്‍ 88 സീറ്റുകള്‍ നേടിയെടുക്കാന്‍ ബിആര്‍എസിന് സാധിച്ചിരുന്നു. കോണ്‍ഗ്രസും എഐഎംഐഎമ്മും യഥാക്രമം 19, 7 സീറ്റുകള്‍ നേടി. സംസ്ഥാനത്ത് ഒരു സീറ്റ് മാത്രമാണ് ബിജെപിക്ക് നേടാനായത്.

logo
The Fourth
www.thefourthnews.in