കൊല്ലപ്പെട്ട ശ്രദ്ധ
കൊല്ലപ്പെട്ട ശ്രദ്ധ

26 കാരിയെ കൊന്ന് 35 കഷ്ണങ്ങളാക്കി വലിച്ചെറിഞ്ഞു; പങ്കാളി അറസ്റ്റില്‍

കൊലപ്പെടുത്തി 18 ദിവസങ്ങള്‍ക്ക് ശേഷം ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളിലായി മൃതദേഹം ഉപേക്ഷിച്ചു
Updated on
1 min read

ഡല്‍ഹിയില്‍ 26 കാരിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പങ്കാളി അറസ്റ്റില്‍. മുംബൈ സ്വദേശിയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം 35 കഷ്ണങ്ങളാക്കി അഫ്താബ് അമീന്‍ പൂനെവാല പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ മെയ് 18 നാണ് അഫ്താബ് ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നത്. 35 കഷ്ണങ്ങളാക്കിയ ശരീരം സൂക്ഷിക്കാന്‍ അഫ്താബ് പിന്നീട് ഒരു ഫ്രിഡ്ജ് വാങ്ങി.18 ദിവസം കഴിഞ്ഞാണ് ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലായി മൃതദേഹം ഉപേക്ഷിക്കുന്നത്.

കഴിഞ്ഞ മെയ് 18 നാണ് അഫ്താബ് ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നത്

മുബൈയിലെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയുടെ കോള്‍ സെന്ററിലാണ് ശ്രദ്ധ ജോലി ചെയ്തിരുന്നത്. അവിടെ വെച്ചാണ് അഫ്താഖിനെ പരിചയപ്പെടുന്നതും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനമെടുക്കുന്നതും. എന്നാല്‍ ശ്രദ്ധയുടെ കുടുംബം ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ ഡല്‍ഹിയിലെത്തുകയായിരുന്നു. ക്രമേണ ശ്രദ്ധ വീടുമായി വലിയ അടുപ്പം സൂക്ഷിക്കാതെയായി. വീട്ടില്‍ നിന്നുള്ള ഫോണ്‍ കോളുകളോട് പ്രതികരണമൊന്നുമില്ലാത്ത പശ്ചാത്തലത്തില്‍ ശ്രദ്ധയുടെ പിതാവ് വികാസ് മദന്‍ നവംബര്‍ 8 ന് മകളെ അന്വേഷിച്ച് ഡല്‍ഹിയിലെത്തുകയായിരുന്നു.

പോലീസ് ശ്രദ്ധയുടെ ശരീരാവശിഷ്ടങ്ങള്‍ക്കായി തിരച്ചില്‍ നടത്തി വരികയാണ്

മകള്‍ താമസിച്ചിരുന്ന ഫ്‌ളാറ്റ് പൂട്ടി കിടക്കുന്നതിനാല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പിന്നീട് അഫ്താബിനെ അറസ്റ്റ് ചെയ്യുന്നത്. വിവാഹം കഴിക്കാന്‍ ശ്രദ്ധ തുടര്‍ച്ചയായി നിര്‍ബന്ധിച്ചിരുന്നുവെന്നും അതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നുമാണ് അഫ്താബിന്റെ വെളിപ്പെടുത്തല്‍. കൊലപാതകത്തിന് കേസെടുത്ത പോലീസ് ശ്രദ്ധയുടെ ശരീരാവശിഷ്ടങ്ങള്‍ക്കായി തിരച്ചില്‍ നടത്തി വരികയാണ്.

logo
The Fourth
www.thefourthnews.in