വാഗ്ദാനം മാത്രം ബാക്കി,  ബിഎസ്എന്‍എല്‍ 4ജി എങ്ങുമെത്തിയില്ല

വാഗ്ദാനം മാത്രം ബാക്കി, ബിഎസ്എന്‍എല്‍ 4ജി എങ്ങുമെത്തിയില്ല

4ജി സേവനം നല്‍കുന്നതിനായി ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ട 6000 ടവറുകള്‍ പോലും ഈ സമയത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല.
Updated on
2 min read

രാജ്യം 5ജിയിലേക്ക് മാറിത്തുടങ്ങുമ്പോഴും 4ജിയിലേക്കുള്ള യാത്ര പാതിവഴിയില്‍ അനിശ്ചിതത്വത്തിലായി പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. സ്വകാര്യ കമ്പനികളെല്ലാം 5ജി സേവനങ്ങള്‍ ആരംഭിക്കുന്ന സാഹചര്യത്തിലാണ് ബിഎസ്എന്‍എല്‍ ഈ വര്‍ഷം നവംബറില്‍ 4ജി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ പ്രഖ്യാപനം എങ്ങുമെത്താതെ ജലരേഖയായി ഒതുങ്ങുകയാണ്.

പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍ ആഭ്യന്തര സാങ്കേതിക വിദ്യ ഉപയോഗിച്ച് ഈ വര്‍ഷം നവംബറില്‍ 4ജിയിലേക്ക് മാറുകയും അടുത്ത വര്‍ഷം 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യുമെന്നും ഒക്ടോബര്‍ ആറിനാണ് കമ്പനി അവസാനമായി പ്രഖ്യാപിച്ചത്. ടെല്‍കോയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ (സിഎംഡി) പി കെ പുര്‍വാറായിരുന്നു ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. എന്നാല്‍ ഇതുവരെയും ബിഎസ്എന്‍എല്ലിന്റെ 4ജി സേവനങ്ങള്‍ ലഭ്യമായിട്ടില്ല.

ഓഗസ്റ്റ് 15 ഓടെ നാല് നഗരങ്ങളില്‍ പരീക്ഷണടിസ്ഥാനത്തില്‍ 4ജി ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സാങ്കേതിക വിദ്യയും ഉപകരണങ്ങളും വിതരണം ചെയ്യാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതിരുന്നതോടെയാണ് ബിഎസ്എന്‍എല്‍ 4ജി പാതിവഴിയിലായത്. തുടര്‍ന്ന് ആഭ്യന്തര സാങ്കേതിക വിദ്യ വികസിപ്പിക്കുവാനും നവംബറില്‍ ബിഎസ്എന്‍എല്‍ 4ജി സേവനം ലഭ്യമാക്കാനുമായി ടിസിഎസുമായി ധാരണയിലെത്തിയിരുന്നു.

'2021ല്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്ന പദ്ധതിയുടെ നടപടിക്രമങ്ങളില്‍ പ്രൂഫ് ഓഫ് കണ്‍സപ്റ്റ് (സാങ്കേതികമായി സേവനം ലഭ്യമാക്കാനുള്ള കഴിവുണ്ടെന്ന് തെളിയിക്കുന്ന ഘട്ടം) ടിസിഎസ് ഇപ്പോള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയത്. അടുത്ത ഘട്ടം സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനമുണ്ടാവുകയാണ് വേണ്ടത്. അതിന്റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നുവെന്ന് പറയുന്നുവെങ്കിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല''
വിജയകുമാര്‍, ബിഎസ്എന്‍എല്‍ എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി

പ്രഖ്യാപിച്ച തീയ്യതി പിന്നിട്ടിട്ടും സാങ്കേതികമായി സേവനം ലഭ്യമാക്കാനുള്ള കഴിവുണ്ടെന്ന് തെളിയിക്കുന്ന ഘട്ടം മാത്രമാണ് ബിഎസ്എന്‍എല്‍ പിന്നിട്ടതെന്നാണ് ബിഎസ്എന്‍എല്‍ ജീവനക്കാരുടെ സംഘടനാ പ്രതിനിധി ദ ഫോര്‍ത്തിനോട് പ്രതികരിച്ചു.

'2021ല്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്ന പദ്ധതിയുടെ നടപടിക്രമങ്ങളില്‍ പ്രൂഫ് ഓഫ് കണ്‍സപ്റ്റ് (സാങ്കേതികമായി സേവനം ലഭ്യമാക്കാനുള്ള കഴിവുണ്ടെന്ന് തെളിയിക്കുന്ന ഘട്ടം) ടിസിഎസ് ഇപ്പോള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയത്. അടുത്ത ഘട്ടം സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനമുണ്ടാവുകയാണ് വേണ്ടത്. അതിന്റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നുവെന്ന് പറയുന്നുവെങ്കിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല'- ബിഎസ്എന്‍എല്‍ എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി വിജയകുമാര്‍ ദ ഫോര്‍ത്തിനോട് പറഞ്ഞു.

മറ്റ് സ്വകാര്യ സ്ഥാപനങ്ങളെല്ലാം സ്വകാര്യ ഓപ്പറേറ്റര്‍മാരില്‍ നിന്നും വിദേശ സാങ്കേതിക വിദ്യയാണ് 4 ജി, 5 ജി സേവനങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. എന്നാല്‍ തദ്ദേശീയമായ സാങ്കേതിക വിദ്യ തന്നെ ഉപയോഗിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചതോടെയാണ് 4 ജിയിലേക്കുള്ള മാറ്റം വൈകിപ്പിച്ചത്.

മറ്റ് സ്വകാര്യ സ്ഥാപനങ്ങളെല്ലാം സ്വകാര്യ ഓപ്പറേറ്റര്‍മാരില്‍ നിന്നും വിദേശ സാങ്കേതിക വിദ്യയാണ് 4 ജി, 5 ജി സേവനങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ബിഎസ്എന്‍എല്ലും അതേ സാങ്കാതിക വിദ്യ ഉപയോഗിക്കുകയാണെങ്കില്‍ ഇപ്പോള്‍ തന്നെ 4ജി, 5ജി സേവനങ്ങള്‍ നല്‍കാനുള്ള എല്ലാ സാഹചര്യങ്ങളും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ തദ്ദേശീയമായ സാങ്കേതിക വിദ്യ തന്നെ ഉപയോഗിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചതോടെയാണ് 4 ജിയിലേക്കുള്ള മാറ്റം വൈകിപ്പിച്ചത്. തദ്ദേശീയ സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള സാങ്കേതിക തടസങ്ങള്‍ കാരണമാണ് ബിഎസ്എന്‍ എല്ലിന് 4 ജി, 5 ജി സേവനങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കാത്തത്. സര്‍ക്കാര്‍ ഇത് മനപൂര്‍വം വൈകിക്കുകയാണെന്നും ബിഎസ്എന്‍എല്ലിന് 4 ജി നിഷേധിക്കുകയാണെന്നും വിജയകുമാര്‍ വ്യക്തമാക്കുന്നു.

18 മാസങ്ങള്‍ക്കുള്ളില്‍ 1.25 ലക്ഷം 4ജി മൊബൈല്‍ സൈറ്റുകള്‍ രാജ്യത്ത് സ്ഥാപിക്കും എന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. ടിസിഎസും സി-ഡോട്ടുമായി ചേര്‍ന്നാണ് ബിഎസ്എന്‍എല്‍ 4ജി സേവനങ്ങള്‍ ഒരുക്കുകയെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ 4 ജി സേവനം നല്‍കുന്നതിനായി ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ട 6000 ടവറുകള്‍ പോലും ഈ സമയത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ 1.25 ലക്ഷം ടവറുകള്‍ സ്ഥാപിക്കണമെങ്കില്‍ വളരെയധികം കാലതാമസമടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മാസങ്ങള്‍ക്ക് മുൻപ് തന്നെ കേരളത്തിലെ ഉപഭോക്താക്കളോട് സിംകാര്‍ഡുകള്‍ 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്ന സന്ദേശങ്ങള്‍ ബിഎസ്എന്‍എല്‍ നല്‍കിയിരുന്നു. എന്നാല്‍ സാങ്കേതികമായ കാര്യങ്ങള്‍ വൈകുന്നതിനാല്‍ 5 ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്ന് പറഞ്ഞിരുന്ന 2023 ല്‍ 4ജി എങ്കിലും വന്നേക്കാവുന്ന ചെറിയ സാധ്യത മാത്രമാണ് കാണുന്നതെന്നും വിജയകുമാര്‍ അഭിപ്രായപ്പെട്ടു. നിരവധി നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിലേക്ക് അറിയിച്ചിരുന്നുവെന്നും നിലവിലെ സാങ്കേതിക ഉപയോഗിച്ച് 50000 ടവറുകള്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ സാധിക്കുമെന്നും എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അതിനുള്ള ശ്രമങ്ങളുണ്ടാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ടിസിഎസ് പര്‍ച്ചേസ് ഓര്‍ഡര്‍ പോലും പൂര്‍ത്തിയാക്കാത്ത സാഹചര്യത്തില്‍ സേവനങ്ങള്‍ എപ്പോള്‍ നല്‍കാനാകുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല

ഇന്റര്‍നെറ്റ് സേവനം നിലവില്‍ ടെലികോം മേഖലയുടെ പ്രധാനപ്പെട്ടൊരു ഘടകമാണ്. ഇതിലെ പിന്നോട്ട് പോക്ക് ബിഎസ്എന്‍എലില്‍ നിന്ന് ഉപഭോക്താക്കളുടെ വന്‍ കൊഴിഞ്ഞുപോക്കിന് ഇടയാക്കി. ജൂലൈ മാസത്തില്‍ 6 ലക്ഷവും ഓഗസ്റ്റില്‍ 13 ലക്ഷം ഉപഭോക്താക്കളുമാണ് ബിഎസ്എന്‍എല്ലിനെ കൈവിട്ടത്. ടിസിഎസ് പര്‍ച്ചേസ് ഓര്‍ഡര്‍ പോലും പൂര്‍ത്തിയാക്കാത്ത സാഹചര്യത്തില്‍ സേവനങ്ങള്‍ എപ്പോള്‍ നല്‍കാനാകുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ലെന്നും ബിഎസ്എന്‍എല്ലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

logo
The Fourth
www.thefourthnews.in