'കേന്ദ്ര സര്‍ക്കാരാണ് പാര്‍ലമെന്റ് ഉണ്ടാക്കിയത്, ഉദ്ഘാടനം ചെയ്യാന്‍ അവര്‍ക്ക് അവകാശമുണ്ട്'; നിലപാട് വ്യക്തമാക്കി മായാവതി
പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്കരിച്ച് പ്രതിപക്ഷത്തെ വിമര്‍ശിച്ചും, കേന്ദ്ര സര്‍ക്കാരിന് പിന്തുണ അറിയിച്ചും ബിഎസ്പി അധ്യക്ഷ മായാവതി. ഉദ്ഘാടനം ബഹിഷ്‌കരിച്ച നടപടി തെറ്റാണെന്ന് മായാവതി കുറ്റപ്പെടുത്തി. ട്വിറ്ററിൽ എഴുതിയ കുറിപ്പിലൂടെയാണ് പാർട്ടിയുടെ നിലപാട് വ്യക്തമാക്കി മായാവതി രംഗത്തെത്തിയത്. കേന്ദ്രസർക്കാരാണ് പാർലമെന്റ് നിർമ്മിച്ചത്. അത് ഉദ്ഘാടനം ചെയ്യാൻ അവർക്ക് അവകാശമുണ്ടെന്നും മായാവതി കൂട്ടിച്ചേർത്തു. എന്നാല്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും മായാവതി ട്വീറ്റില്‍ വ്യക്തമാക്കി. ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്, എന്നാല്‍ നേരത്തെ നിശ്ചയിച്ചിട്ടുള്ള പാർട്ടി അവലോകന യോഗങ്ങൾ കാരണം ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നാണ് മായാവതിയുടെ പ്രതികരണം.
"കോൺഗ്രസ് സർക്കാരായാലും ബിജെപി സർക്കാരായാലും രാജ്യത്തിന്റെ പൊതുതാൽപ്പര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബിഎസ്പി എപ്പോഴും അവരെ പിന്തുണച്ചിട്ടുണ്ട്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുമ്പോൾ മെയ് 28 ന് നടക്കാനിരിക്കുന്ന പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് ബിഎസ്പി പൂർണ പിന്തുണ നൽകുന്നു. തീരുമാനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു", മായാവതി ട്വിറ്ററിൽ കുറിച്ചു.
പുതിയ കെട്ടിടം പ്രസിഡന്റ് ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്യണമെന്ന പ്രതിപക്ഷ പാർട്ടികളുടെ നിർബന്ധം അന്യായമാണ്. സർക്കാരാണ് മന്ദിരം ഉണ്ടാക്കിയത്, അതിനാൽ ഉദ്ഘാടനം ചെയ്യാൻ അവർക്ക് അവകാശമുണ്ട്. ഒരു ആദിവാസി സ്ത്രീയ്ക്ക് നൽകേണ്ട ബഹുമാനവുമായി ഇതിനെ താരതമ്യം ചെയ്യുന്നത് അന്യായമാണെന്നും മായാവതി കൂട്ടിച്ചേർത്തു. പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കുന്നതിന് മുൻപ് ചിന്തിക്കേണ്ട കാര്യമാണിതെന്നും അവർ പറയുന്നു.
പുതിയ പാർലമെന്റ് മന്ദിരം സ്വയം ഉദ്ഘാടനം ചെയ്യാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം ഇന്ത്യൻ ജനാധിപത്യത്തിന് നേരെയുള്ള കടുത്ത അപമാനമാണെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ നിലപാട്. കോൺഗ്രസ്, സിപിഎം, സിപിഐ, ടിഎംസി, എസ്പി, എഎപി എന്നിവയുൾപ്പെടെ 19 പ്രതിപക്ഷ പാർട്ടികളാണ് ബുധനാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിച്ചത്.
എന്നാൽ ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനത്തില്‍ നിന്നും ബിജെഡി വിട്ടുനില്‍ക്കുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് വ്യക്തമാക്കിയിരുന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിഡിപി തുടങ്ങിയ പാര്‍ട്ടികളും പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.