2022ല്‍ പ്രഖ്യാപിച്ച റോഡ് - റെയില്‍ വികസനം പൂര്‍ത്തിയായോ? ; മോദി സര്‍ക്കാര്‍ പുതിയ ബജറ്റ് അവതരണത്തിന് ഒരുങ്ങുമ്പോള്‍

2022ല്‍ പ്രഖ്യാപിച്ച റോഡ് - റെയില്‍ വികസനം പൂര്‍ത്തിയായോ? ; മോദി സര്‍ക്കാര്‍ പുതിയ ബജറ്റ് അവതരണത്തിന് ഒരുങ്ങുമ്പോള്‍

12,200 കിലോമീറ്റർ ഹൈവേകൾ നിർമിക്കുമെന്നതായിരുന്നു കഴിഞ്ഞ ബജറ്റിലെ പ്രധാന പ്രഖ്യാപനം
Updated on
2 min read

2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പ്രഖ്യാപനത്തിനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഫെബ്രുവരി ഒന്നിനാണ് രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് അവതരണം. റോഡ് - റെയില്‍ ഗതാഗത വികസനം തുടങ്ങി അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. പക്ഷെ, പുതിയ ബജറ്റ് പ്രഖ്യാപനത്തിനൊരുങ്ങുമ്പോഴും കഴിഞ്ഞ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച പല അടിസ്ഥാന സൗകര്യ വികസന പദ്ധതികളും പാതിവഴിയിലാണെന്നതാണ് യാഥാര്‍ഥ്യം.

12,200 കിലോമീറ്റർ ഹൈവേകൾ നിർമിക്കുമെന്നതായിരുന്നു കഴിഞ്ഞ ബജറ്റില്‍ പ്രധാന ലക്ഷ്യങ്ങളിലൊന്നായി അവതരിപ്പിച്ചിരുന്നത്. ​എന്നാൽ ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് 5,300 കിലോ മീറ്റര്‍ മാത്രമാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇനിയുള്ള രണ്ട് മാസം നിര്‍മാണം വേഗത്തിലാക്കിയാലും ഏറെയൊന്നും മുന്നോട്ട് പോകാനാകില്ല. റോഡുകളുടെ നിർമാണം മന്ദ​ഗതിയിലാകാനുള്ള പ്രാധാനകാരണം ശക്തമായ മഴയാണെന്നാണ് കേന്ദ്ര മന്ത്രി നിതിൻ ​ഗഡ്​കരിയുടെ വാ​ദം.

ഈ സാമ്പത്തിക വർഷം നവംബർ വരെ നിർമാണം പൂര്‍ത്തിയാക്കിയത് 2,038 കിലോമീറ്റര്‍ നാലുവരി, ആറുവരി, എട്ടുവരി പാതയാണ്. ആകെ നീളം മുൻ സാമ്പത്തിക വർഷം ഇതേ കാലയളവിൽ നിർമിച്ച 1,806 കിലോമീറ്ററിനേക്കാള്‍ മെച്ചപ്പെട്ട കണക്കാണിത്. എന്നാല്‍ ഈ സാമ്പത്തിക വർഷം നിര്‍മാണം പൂര്‍ത്തിയാക്കിയ ദേശീയപാതകളുടെ ആകെ നീളം 4,766 കിലോമീറ്ററാണ്. മുൻ സാമ്പത്തിക വർഷത്തില്‍ ഈ വിഭാഗത്തില്‍ 5,118 കിലോമീറ്റര്‍ നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു.

2022-23 ബജറ്റിൽ, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 400 വന്ദേ ഭാരത് ട്രെെനുകൾ സർവീസ് ആരംഭിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, നടപ്പ് സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടര മാസം മാത്രം ശേഷിക്കെ എട്ട് ട്രെയിനുകൾ മാത്രമാണ് സർവീസ് നടത്തുന്നത്.

2022-23ൽ 60 കിലോമീറ്റർ ദൈർഘ്യമുള്ള എട്ട് റോപ്‌വേ പദ്ധതികളുടെ കരാർ നൽകുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു. പക്ഷെ ഇതുവരെ വാരാണസിയിൽ 3.85 കിലോമീറ്റർ അർബൻ റോപ്പ്‌വേയ്ക്കുള്ള കരാർ മാത്രമാണ് നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡിലെ മനയിൽ റോപ്പ് വേ പദ്ധതിക്ക് തറക്കല്ലിട്ടിരുന്നുവെങ്കിലും കരാര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. അതുപോലെ, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ മൾട്ടി മോഡൽ ലോജിസ്റ്റിക് സൗകര്യങ്ങൾക്കായി 100 കാർഗോ ടെർമിനലുകൾ വികസിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഡിസംബർ ആദ്യവാരം വരെ, റെയിൽവേ കമ്മീഷൻ ചെയ്തത് 22 ടെർമിനലുകൾ മാത്രമാണ്.

2022-23 സാമ്പത്തിക വർഷത്തിൽ അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്കായി 1.4 ലക്ഷം കോടിരൂപയാണ് അനുവദിച്ചിരുന്നതെങ്കിൽ, 2023-24 സാമ്പത്തിക വർഷത്തിൽ ഇത് ഏകദേശം 1.8 ലക്ഷം കോടി രൂപയായിരിക്കുമെന്നാണ് റെയിൽവേ മന്ത്രാലയം വ്യക്തമാക്കുന്നത്. ബുള്ളറ്റ് ട്രെയിൻ പദ്ധതിച്ചെലവിനായി മാത്രം 1.08 ലക്ഷം കോടി രൂപയിലേറെ വേണ്ടി വരുമെന്നതാണ് യാഥാര്‍ഥ്യം

2027-28 സാമ്പത്തിക വർഷത്തോടെ 9,860 കിലോമീറ്റർ നീളമുള്ള അഞ്ച് ഗ്രീൻഫീൽഡ് എക്‌സ്പ്രസ് ഹൈവേകളുള്‍പ്പെടെ നിർമ്മിക്കാനാണ് ​ഗതാ​ഗതമന്ത്രാലയം ലക്ഷ്യമിടുന്നത്. ഭൂമി ഏറ്റെടുക്കൽ തടസങ്ങളെ തുടര്‍ന്ന് കാലതാമസം നേരിടുന്ന മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ (എംഎഎച്ച്എസ്ആർ) പദ്ധതിയുടെ നിർമാണ പ്രവർത്തികളും അന്തിമഘട്ടത്തിലാണ്.

2023-24 ബജറ്റിൽ ഹൈവേ വികസനത്തിന് 1.99 ലക്ഷം കോടിയാണ് അനുവദിച്ചിരുന്നത്. ഇത് 2 ലക്ഷം കോടി രൂപയായി ഉയർത്താനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. ഇതിന് പുറമെ, പുതിയ ട്രാക്കുകൾ സ്ഥാപിക്കൽ, കൂടുതൽ സെമി-ഹൈ-സ്പീഡ് വന്ദേ ഭാരത് ട്രെയിനുകൾ, അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ തുടങ്ങി നിരവധി പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

logo
The Fourth
www.thefourthnews.in